രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ്; ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ച രണ്ടുപേര്‍ അറസ്റ്റിൽ

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടി.ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലയാളിയായ ജോസ് വർഷങ്ങളായി ബെംഗളൂരുവിലാണ് താമസം. കേരളത്തിലെയും ബെംഗളൂരുവിലെയും കോൺഗ്രസ് നേതാക്കളുമായി റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന ജോസിന് അടുത്ത ബന്ധമാണുള്ളത്. രാഹുലിനെ ഒളിവിൽ പോകാനായി കർണാടകയിൽ എല്ലാ സഹായവും ചെയ്തത് ജോസായിരുന്നു.
ലൈംഗിക പീഡനകേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം ബെംഗളൂരുവിലേക്ക് തിരിച്ചിരുന്നു. ഇതിനിടെയാണ് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടുന്നത്. രാഹുലിനെതിരായ രണ്ടാം കേസിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്. രണ്ടാം കേസിൽ രാഹുലിന്‍റെ മുൻകൂർ ജാമ്യേപക്ഷ നാളെ കോടതി പരിഗണിക്കും. ഒളിവിലുള്ള എംഎൽഎയെ പിടിക്കാനാകാത്തത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയചർച്ചയായി മാറിക്കഴിഞ്ഞു. ഒളിവ് സങ്കേതങ്ങൾ കണ്ടെത്തിയതിന് പിന്നാലെ രാഹുൽ മുങ്ങുന്നത് അന്വേഷണ സംഘത്തിൽ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്ന ആക്ഷേപമാണ് ഉയരുന്നത്. ഇതുകൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്.
കർണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം. ആദ്യ കേസിൽ 15 വരെ രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. രണ്ടാമത് എടുത്ത കേസാണിപ്പോള്‍ രാഹുലിനും പൊലീസിനും പ്രോസിക്യൂഷനും വെല്ലുവിളിയായിരിക്കുന്നത്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയപ്രേരിതമെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കെപിസിസി പ്രസിഡന്‍റിന് പരാതി നൽകിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി. ബെംഗളൂരുവിൽ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസിലെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുമുണ്ട്. പൊലീസിന് പകരം കെപിസിസി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കോടതിയിൽ നിന്ന് തന്നെ ഉണ്ടായിരുന്നു. രണ്ടാം കേസിൽ അറസ്റ്റ് തടയാത്തതാണ് രാഹുൽ ഒളിവിൽ തുടരാൻ കാരണം. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിർത്തുകയാണ് സിപിഎം ലക്ഷ്യമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്നാൽ, രാഹുലിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും കോൺഗ്രസ് തന്നെ സംരക്ഷണം നൽകുന്നുവെന്നാണ് സിപിഎമ്മിന്‍റെ മറുപടി.
https://www.facebook.com/Malayalivartha

























