ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തി യുവതിയും യുവാവും! മൊഴിയെടുക്കാൻ പോയപ്പോൾ ട്വിസ്റ്റ്

സാങ്കേതിക സംവിധാനങ്ങൾ പുരോഗമിച്ചപ്പോൾ തട്ടിപ്പും വെട്ടിപ്പും അതേ രീതിയിൽ ഹൈടെക്കായി മാറുകയാണ്. അതിനുദാഹരണമാണ് കൊച്ചിയിൽ നിന്നും ലഭിക്കുന്ന ഈ വാർത്ത. ഗൂഗിളിൽ നോക്കി ഫ്ലാറ്റിന്‍റെ അടുക്കളയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവും യുവതിയും പോലീസ് സംഘത്തിന്റെ പിടിയിലായിരിക്കുകയാണ്.
പത്തനംതിട്ട സ്വദേശിയായ അലന്‍ (26), ആലപ്പുഴ കായംകുളം സ്വദേശിയായ അപര്‍ണ്ണ (24) എന്നിവരാണ് പിടിയിലായത്. നര്‍ക്കോട്ടിക്ക് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘമാണ് ഇവിടെ വലവീശി അകത്താക്കിയത്. എറണാകുളം കാക്കനാട് നിലംപതിഞ്ഞി മുകളിലെ ഫ്ലാറ്റില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
മൂന്നുനിലയുള്ള അപ്പാര്‍ട്ട്മെന്റിലെ ഫ്‌ളാറ്റില്‍ ഒരു റൂമും അടുക്കളയും ഹാളുമാണുള്ളത്. അടുക്കളയിലാണ് കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയത്. ഒന്നരമീറ്റര്‍ ഉയരവും നാല് മാസം പ്രായവും ഉള്ള ചെടിയാണ് പൊലീസ് കണ്ടെത്തിയത്. ഫ്‌ളാറ്റില്‍ ലഹരി ഉപയോഗം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്.
കഞ്ചാവ് ചെടിക്ക് തണുപ്പും വെളിച്ചവും കിട്ടാന്‍ വേണ്ട സജ്ജീകരണങ്ങളും ഇവർ ഏർപ്പെടുത്തിയിരുന്നു. എല്‍ഇഡി ലൈറ്റും, എക്സോസ്റ്റ് ഫാനുകളും അടക്കം ക്രമീകരിച്ചിരുന്നു. ഗൂഗിള്‍ നോക്കിയാണ് ഇവര്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ പരിശീലനം നേടിയത് എന്നാണ് പൊലീസ് ചോദ്യം ചെയ്തപ്പോൾ അവർ പറഞ്ഞിരിക്കുന്നത്.
എന്നാൽ ഇതിനിടയിൽ മറ്റൊരു സംവം കൂടി ഉണ്ടായി. അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ കഞ്ചവുമായി മറ്റൊരു യുവാവിനെയും പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശിയായ അമലിനെയാണ് (28) പൊലീസ് പിടികൂടിയത്. കഞ്ചാവ് ചെടി പിടിച്ച കേസില്‍ സാക്ഷിയാകാന്‍ പൊലീസ് വിളിച്ചു വരുത്തിയതായിരുന്നു അമലിനെ, എന്നാല്‍ പരുങ്ങൽ കണ്ട് സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോള്‍ കൈയ്യില്‍ നിന്നും കഞ്ചാവ് പിടിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍റെ നിര്‍ദേശ പ്രകാരം ഇന്‍ഫോപാര്‍ക്ക് സി.ഐ. വിപിന്‍ ദാസ്, എസ്.ഐ. ജെയിംസ് ജോണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
https://www.facebook.com/Malayalivartha


























