ആഞ്ഞടിച്ച് പി മോഹനന്‍... ഈയിടെ തുടര്‍ച്ചയായി പരാജയങ്ങളേറ്റുവാങ്ങി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും; വയനാട്ടില്‍ എസ്എഫ്‌ഐക്കാര്‍ നാണം കെട്ടപ്പോള്‍ കോഴിക്കോട് ഡിവൈഎഫ്‌ഐക്കാര്‍ നാണം കെട്ടു; മെഡിക്കല്‍ കോളേജ് അക്രമത്തില്‍ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

പ്രതിപക്ഷത്തല്ലാത്തതിനാല്‍ എസ്എഫ്‌ഐയ്ക്കും ഡിവൈഎഫ്‌ഐയ്ക്കും സമരം നടത്താനാകുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയ്ക്ക് നേരെ സമരം ചെയ്യാന്‍ പോയ എസ്എഫ്‌ഐക്കാരുടെ അവസ്ഥ നമ്മള്‍ കണ്ടതാണ്. വയനാട്ടില്‍ എസ്എഫ്‌ഐക്കാര്‍ നാണം കെട്ടപ്പോള്‍ കോഴിക്കോട് ഡിവൈഎഫ്‌ഐക്കാരും നാണം കെട്ടു.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പ്രതികളായ 5 ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകരെ സ്‌പെഷല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ഏഴാം കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 28 മണിക്കൂര്‍ സമയത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
ഓഗസ്റ്റ് 31നു രാവിലെ 9.40നാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 3 സുരക്ഷാ ജീവനക്കാരെയും ഒരു മാധ്യമ പ്രവര്‍ത്തകനെയും പ്രതികള്‍ ആക്രമിച്ചത്. പ്രതികള്‍ക്കെതിരെ പൊതുസേവകനെ ഗുരുതരമായി പരുക്കേല്‍പിച്ച വകുപ്പുകൂടി കഴിഞ്ഞ ദിവസം പൊലീസ് ചേര്‍ത്തിരുന്നു. ഇതിനു പുറമേ ആശുപത്രി സംരക്ഷണ നിയമ പ്രകാരവും പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ. സെക്രട്ടറിയുമായ കോവൂര്‍ കരിങ്കുമ്മല്‍ കെ.അരുണ്‍ എന്ന ഉണ്ണി (34), ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ഇരിങ്ങാടന്‍പള്ളി സ്വദേശി മരങ്ങോളിനിലം പീതാംബരത്തില്‍ എം.കെ.അഷിന്‍ (24), സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഇരിങ്ങാടന്‍പള്ളി സ്വദേശി പൊയ്യേരി പുതുക്കുടി കെ.രാജേഷ് എന്ന രാജു (43), ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് മായനാട് സ്വദേശി ഇയ്യക്കാട്ടില്‍ മുഹമ്മദ് ഷബീര്‍ (33), കോവൂര്‍ സ്വദേശി മഠത്തില്‍ സജിന്‍ (20) എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതിനു പിന്നാലെ സിറ്റി പൊലീസ് കമ്മിഷണര്‍ എ. അക്ബറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു രംഗത്തെത്തി. കമ്മിഷണര്‍ വ്യക്തിപരവും രാഷ്ട്രീയവുമായ താല്‍പര്യത്തിനാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിയാണെന്നു പറയുന്ന ഒരാളുടെ ഭാര്യയെ പോലും പൊലീസ് അപമാനിച്ചുവെന്നും ഷൈജു ആരോപിച്ചു. പൊലീസിനെതിരെ മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്നും പറഞ്ഞു.
അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസില്‍ പൊലീസിനെതിരെ സിപിഐഎം രംഗത്തെത്തി. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനാണ് പൊലീസിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് വിമര്‍ശനം.
സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നേരെയും സിപിഐഎം കുറ്റപ്പെടുത്തലുണ്ടായി. സര്‍ക്കാരിനെ പൊതുസമൂഹത്തില്‍ കരിതേച്ച് കാണിക്കാന്‍ കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നു. കേസില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് അസാധാരണ നടപടിയാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടക്കുന്നു.
കേസില്‍ പ്രതികളായ പ്രവര്‍ത്തകരുടെ കുടുംബങ്ങളെ വേട്ടയാടുന്നു. സ്ത്രീകളെയും കുട്ടികളെയും പൊലീസ് വേട്ടയാടുന്നു. തീവ്രവാദ കേസുകളിലെ പോലെയാണ് ഈ കേസിലും പൊലീസിന്റെ പെരുമാററം എന്നും പി മോഹനന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.അരുണ്‍ അടക്കമുള്ളവരാണ് സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികള്‍.
"
https://www.facebook.com/Malayalivartha

























