'ഭാരത് ജോഡോ യാത്ര അതിന്റെ മുദ്രാവാക്യം പറയുമ്പോലെ ചുവടുകളെയല്ല പ്രാർത്ഥനകളെയാണ് ഒരുമിപ്പിക്കുന്നത്. അതുകൊണ്ടാണ് അയാൾ എതിരാളികളെ ഭയപ്പെടുത്തുന്നതും ഇത്രയേറെ വിമർശനങ്ങൾ എറ്റുവാങ്ങേണ്ടി വരുന്നതും. ഈ വഴിയിലൂടെ നടന്നുപോയി പ്രാർത്ഥനകളെ ഒരുമിപ്പിച്ച മറ്റൊരു ഗാന്ധിയിലേക്ക് വളരാനുള്ള അയാളുടെ നിരവധി യാത്രകളുടെ തുടക്കമായി മാത്രമേ ഞാനിതിനെ കാണുന്നുള്ളു...' രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ച് സനൽകുമാർ ശശിധരൻ കുറിക്കുന്നു

കന്യാകുമായി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് വലിയ ജന പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ പ്രശംസിച്ചുകൊണ്ട് കുറിപ്പ് പങ്കുവയ്ക്കുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
രാഹുൽ ഗാന്ധി തിരസ്കരിക്കപ്പെടുന്നത് അയാൾ ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചുപോയതുകൊണ്ടാണത്രേ. അയാൾക്കെതിരെ അഴിമതി ആരോപണങ്ങളില്ല. അയാൾ കാപട്യമുള്ളവനാണ് എന്നും ആരോപണമില്ല. ഇതുരണ്ടും ഇല്ലാത്തതിനാൽ അയാൾ ഒരു കോമാളിയാണ് എന്ന പ്രചാരണമായിരുന്നു അയാൾക്കെതിരെയുള്ള ഏക രാഷ്ട്രീയ പ്രതിരോധം. അത് വിലപ്പോവുന്നില്ല എന്നതിനാലാണ് ഇപ്പോൾ, ജനിച്ച കുടുംബത്തിന്റെ പേരിലുള്ള ആക്രമണം. എവിടെ ജനിച്ചു എന്നു നോക്കി മനുഷ്യന് അവസരങ്ങൾ നൽകുന്നതും നിഷേധിക്കുന്നതും ഇന്ത്യയിൽ ഒരു പരമ്പരാഗത ശീലമാണ്. എവിടെ ജനിച്ചു എന്നു നോക്കിയാണ് ദളിതനെയും ആദിവാസിയെയും അവസരങ്ങൾക്കും തുല്യനീതിക്കും പുറത്ത് നിർത്തുന്നതും.
സമ്പത്തിലും അധികാരത്തിലും മേൽക്കൈ ഉള്ള ഒരു ഇടത്തിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം ഒരാൾ എക്കാലത്തും അയാളുടെ പ്രവർത്തികൾക്കും ജീവിതം കൊണ്ടുള്ള തെളിവുകൾക്കും അപ്പുറമായി വിധിക്കപ്പെടാമോ? വിധിക്കപ്പെടാം എന്നാണ് ഉത്തരമെങ്കിൽ അത് ജാതിയുടെ പേരിൽ മനുഷ്യന് തുല്യനീതി നിഷേധിക്കുന്നതിന്റെ മറ്റൊരു വശം തന്നെയാണ്. രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നത് അയാളുടെ രാഷ്ട്രീയ പ്രതിയോഗികൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത കാര്യമാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കുന്നതിനെ ലളിതവത്കരിക്കുന്നവർ സ്വന്തം വീട്ടിൽ നിന്ന് പാലുവാങ്ങാൻ കടയിലേക്ക് പോകണമെങ്കിൽ പോലും പെട്രോൾ കത്തിക്കുന്നവരാണ് എന്നത് സ്വയം ഓർമിപ്പിക്കണം. പ്രബുദ്ധരും പരിഹാസമതികളുമായ നമ്മുടെ മുഖ്യമന്ത്രിക്കാണെങ്കിൽ പത്തുമുപ്പത് വണ്ടികൾക്കുള്ള പെട്രോൾ കത്തിക്കേണ്ടി വരും.
രാഹുൽ ഗാന്ധി വയനാട്ടിൽ തെരെഞ്ഞെടുപ്പ് മത്സരിക്കുന്ന സമയത്ത് 'ആർ ഗാന്ധിയിൽ നിന്ന് ആ ഗാന്ധിയിലേക്കുള്ള പ്രയാണം' ആണ് അയാൾ നടത്തുന്നതെന്ന് ഞാൻ ഒരു കുറിപ്പ് എഴുതിയിരുന്നു. ആ സമയത്ത് ഇന്നത്തെ പ്രായോഗികമതികളായ രാഷ്ട്രീയക്കാർക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമുള്ള പ്രവർത്തികളിലൂടെ മാത്രമേ ഇന്ത്യയെ മാറ്റാൻ കഴിയുകയുള്ളു എന്നും അതിന്റെ ഉദാഹരണമാണ് അരവിന്ദ് കെജ്‌രിവാളിന്റെ ആംആദ്മി രാഷ്ട്രീയമെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഫെയ്സ് ബുക്ക് പേജിൽ ഒരു മെസേജ് അയച്ചിരുന്നു. (ഇപ്പോൾ പേജിൽ മെസേജ് ബട്ടൺ കാണാനില്ല) ആക്കൂട്ടത്തിൽ എഴുതിയ ഒരു ആഗ്രഹമാണ് കന്യാകുമാരിമുതൽ കാശ്മീർ വരെ ഇന്ത്യയെ കണ്ടെത്തിക്കൊണ്ടുള്ള ഒരു കാൽനട യാത്ര അയാൾ നടത്തണം എന്നത്. പേജിൽ വരുന്ന ആയിരക്കണക്കിന് മെസേജുകൾക്കിടയിൽ ഉറപ്പായും മുങ്ങിപ്പോയിരിക്കാവുന്ന, വായിച്ചാൽ ആരും ചിരിച്ചു തള്ളിയേക്കാവുന്ന ഒരു നിർദ്ദേശം മാത്രം. എന്തായാലും അന്ന് ആഗ്രഹിച്ചത് ഇതാ ഇപ്പോൾ കണ്മുന്നിൽ നടക്കുന്നു. ആഗ്രഹങ്ങൾ വാക്കുകൾ ആയി തന്നെ വായിക്കപ്പെടണം എന്നില്ലല്ലോ. ചിലതൊക്കെ മനസുകളിൽ നിന്ന് മനസുകളിലേക്ക് വാക്കുകളുടെ സഹായം ഇല്ലാതെ തന്നെ ഒഴുകാറുണ്ടെന്നത് അനുഭവം.
എന്തായാലും ഇപ്പോൾ ഭാരത് ജോഡോ യാത്രയുടെ നാൾ വഴികൾ കാണുമ്പോൾ അതിന് നേരിടേണ്ടി വരുന്ന എതിർപ്പുകളും ഒഴുക്കേണ്ടിവരുന്ന വിയർപ്പുകളും കാണുമ്പോൾ എന്റെ ഉള്ളിൽ അതൊരു ആഗ്രഹം എന്ന നിലയിൽ നിന്നും പ്രാർത്ഥനയായി വളരാൻ തുടങ്ങിയിട്ടുണ്ട്. എന്റെ പ്രാർത്ഥന വഴിയോരത്ത് ഭാരത് ജോഡോ യാത്ര കാണാൻ കാത്തുനിന്ന ഒരു സ്ത്രീയുടെ വായിലൂടെ വാക്കുകളായി വീഴുന്ന ദൃശ്യവും കണ്ടു. 'എന്റെ കുഞ്ഞിന് ഒരാപത്തും വരാതെ കാശ്മീർ വരെ എത്താൻ കഴിയണേ ദൈവമേ'. ഭാരത് ജോഡോ യാത്ര അതിന്റെ മുദ്രാവാക്യം പറയുമ്പോലെ ചുവടുകളെയല്ല പ്രാർത്ഥനകളെയാണ് ഒരുമിപ്പിക്കുന്നത്. അതുകൊണ്ടാണ് അയാൾ എതിരാളികളെ ഭയപ്പെടുത്തുന്നതും ഇത്രയേറെ വിമർശനങ്ങൾ എറ്റുവാങ്ങേണ്ടി വരുന്നതും.
ഈ വഴിയിലൂടെ നടന്നുപോയി പ്രാർത്ഥനകളെ ഒരുമിപ്പിച്ച മറ്റൊരു ഗാന്ധിയിലേക്ക് വളരാനുള്ള അയാളുടെ നിരവധി യാത്രകളുടെ തുടക്കമായി മാത്രമേ ഞാനിതിനെ കാണുന്നുള്ളു. ഇന്ത്യ മാറുമോ എന്നതല്ല രാഹുൽ ഗാന്ധി എത്രമാത്രം മാറും എന്നതിലാണ് എന്റെ കൗതുകം. ഈ യാത്ര വിജയകരമായി പര്യവസാനിക്കണേ എന്നുതന്നെയാണ് എന്റെയും പ്രാർത്ഥന. പ്രാർത്ഥനകൾ ഒന്നിക്കുക എന്നാൽ മനസുകൾ ഒന്നിക്കുക എന്നുതന്നെയല്ലേ. മനസുകൾ ഒന്നിച്ചാൽ സംഭവിക്കാത്തതായി എന്താണുള്ളത്! ഇന്ത്യയും മാറും! #BharatJodo #RahulGandhi
https://www.facebook.com/Malayalivartha

























