കേരള ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനാർഹമായ 70 ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ച് കടന്ന് കളയാൻ ശ്രമം: രണ്ട് പേർ അറസ്റ്റിൽ: അമളി പിണഞ്ഞത്, നികുതിയടയ്ക്കാതെ കൂടുതൽ തുക ലഭിക്കാൻ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘവുമായി ബന്ധപ്പെട്ടതോടെ

70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാർഹമായ കേരള ഭാഗ്യക്കുറിയുടെ ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചെന്ന കേസിൽ 2 പേർ അറസ്റ്റിൽ. മണ്ണാർക്കാട് അലനല്ലൂർ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടിൽ മുജീബ് (46), പുൽപ്പറ്റ പൂക്കൊളത്തൂർ കുന്നിക്കൽവീട്ടിൽ പ്രഭാകരൻ (44) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്. മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പൂവിൽപ്പെട്ടിവീട്ടിൽ അലവിയുടെ പാരാതിയിലാണ് അറസ്റ്റ്.
സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ബാങ്കിൽ ടിക്കറ്റ് നൽകിയിരുന്നില്ല. സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. നികുതിയടയ്ക്കാതെ കൂടുതൽ തുക ലഭിക്കാൻ പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘവുമായി ഇയാൾ ബന്ധപ്പെട്ടെന്നാണ് പോലീസ് പറയുന്നത്.
ടിക്കറ്റ് കൈമാറിയാൽ 45 ലക്ഷം രൂപ ഇവർ വാഗ്‌ദാനംചെയ്തു. പണം കൈപ്പറ്റാനായി ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അലവിയുടെ മകൻ ആഷിഖ് ടിക്കറ്റുമായെത്തി. ഈ സമയം കാറിലെത്തിയ സംഘം സമ്മാന ജേതാവിനെ തള്ളിമാറ്റി ടിക്കറ്റ് തട്ടിപ്പറിച്ചു കടന്നു കളയയുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലോട്ടറി അധികൃതരെ പൊലീസ് വിവരം അറിയിച്ചു.
സംഭവത്തിന് പിന്നിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി. സംഘത്തിലെ ആറുപേർകൂടി വലയിലായതായി സൂചനയുണ്ട്. സമ്മാനാർഹമായ ടിക്കറ്റ് മാറാതിരിക്കാൻ ലോട്ടറി വകുപ്പിന് പോലീസ് നിർദേശം നൽകി. സ്റ്റേഷൻ ഓഫീസർ റിയാസ് ചാക്കീരി, എസ്.ഐ. കെ. ഷാഹുൽ, സി.പി.ഒ.മാരായ ഹരിലാൽ, മുഹമ്മദ് സലീം, ബോസ്, അബ്ദുള്ള ബാബു, ദിനേശൻ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha

























