കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ തെരുവ് നായ ആക്രമണം, ശരീരത്തിൽ കണ്ടെത്തിയത് കടിയേറ്റതിന്റെ 38 പാടുകൾ, വീട്ടമ്മയെ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കും, യുവതിക്കൊപ്പം തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ ആറു പേർ വിവിധ ആശുപത്രിയികളിൽ ചികിത്സയിൽ...!

കോട്ടയം പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ വീട്ടമ്മയ്ക്ക് നേരെ തെരുവ് നായ ആക്രമണം. ഇവരുടെ ശരീരത്തിൽ കടിയേറ്റതിന്റെ 38 പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് വീട്ടമ്മയ്ക്ക് പ്ലാസ്റ്റിക് സർജറി നടത്തും. മാരകമായ പരിക്കും ഇവർക്ക് ഏറ്റിട്ടുണ്ട്. ഏഴാം മൈൽ പാറയ്ക്കൽ വീട്ടിൽ നിഷാ സുനിലിനെയാണ് തെരുവുനായ അതിരൂക്ഷമായ രീതിയിൽ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഇവർക്കൊപ്പം നായയുടെ കടിയേറ്റ ആറു പേർ വിവിധ ആശുപത്രിയികളിൽ ചികിത്സയിലാണ്.
പാമ്പാടി വെള്ളൂർ ഏഴാം മൈലിൽ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് തെരുവുനായയുടെ വ്യാപകമായ ആക്രമണം ഉണ്ടായത്. ഇവിടെ ഏഴാം മൈൽ പാറയ്ക്കൽ വീട്ടിൽ നിഷാ സുനിൽ , കൊച്ചു പറമ്പിൽ സുമി കെ വർഗീസ്, ഏഴാം മൈൽ നൊങ്ങൽ ഭാഗത്ത് പതിനെട്ടിൽ വീട്ടിൽ സുമി വർഗീസിന്റെ മകൻ ഐറിൻ (10), രാജു കാലായിൽ (65), ഫെബിൻ (12), കൊച്ചൊഴത്തിൽ രതീഷ് (37), സനന്ത് (21) എന്നിവരെയാണ് നായ ആക്രമിച്ചത്. ഇവരെ ആക്രമിച്ച ശേഷം നായ ചത്തുവീഴുകയും ചെയ്തു.
നായയുടെ കടിയേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതേ തുടർന്നു ഇവർക്ക് ആന്റി റാബീസ് കുത്തിവയ്പ്പും എടുത്തിരുന്നു. എന്നാൽ, നിഷയ്ക്കു മാരകമായ രീതിയിൽ നായയുടെ കടിയേറ്റിട്ടുണ്ട്. ഇതാണ് ഇവരെ പ്ലാസ്റ്റിക്ക് സർജറിയ്ക്കു വിധേയനാക്കാൻ കാരണമായിരിക്കുന്നത്.
എന്നാൽ, പാമ്പാടി വെള്ളൂരിൽ നായയുടെ ആക്രമണവും, നായ വളരാനും കാരണം ഇവിടെ പ്രവർത്തിക്കുന്ന ഇറച്ചിക്കടയാണ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഇവിടെ പ്രവർത്തിക്കുന്ന ഇറച്ചിക്കടയിൽ നിന്നുള്ള അറവുശാല മാലിന്യം റോഡിലേയ്ക്കാണ് തള്ളുന്നത്. ഇത്തരത്തിൽ മാലിന്യം തിന്നുന്നതിനായി അൻപതോളം നായ്ക്കളാണ് ഇവിടെ എത്തിയിരിക്കുന്നത്.
ഈ നായ്ക്കൾ അക്രമാസക്തരാകുന്ന്ത് രക്തം പുരണ്ട ഇറച്ചിയുടെ അവശിഷ്ടങ്ങൾ കഴിക്കുന്നതിനെ തുടർന്നാണ് എന്ന ആരോപണമാണ് നാട്ടുകാർ ഉയർത്തുന്നത്. ഈ സാഹചര്യത്തിൽ ഇരച്ചിക്കടയ്‌ക്കെതിരെയും ഇവിടെ മാലിന്യം തള്ളുന്നതിന് എതിരെയും നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























