തെറി വിളി കേട്ടാൽ തോന്നും ഇവരുടെയൊക്കെ കുടുംബസ്വത്ത് കൈയേറി അത് വിറ്റിട്ട് കോടീശ്വരനായതാണ് അംബാനിയെന്ന്’: ലുലു മുതലാളിയെ സോഷ്യലിസ്റ്റ് ഐക്കണായി വാഴ്ത്തുമ്പോൾ അംബാനിയെ ബൂർഷ്വാസിയായി തരംതാഴ്ത്തുന്ന മലയാളികൾ ; അഞ്‍ജു പാർവതി

കഴിഞ്ഞ ദിവസമായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇളയ മകൻ ആനന്ദിന്റെ പ്രതിശ്രുത വധു രാധികാ മർച്ചൻ്റ്, റിലയൻസ് ഡയറക്ടർ മനോജ് മോദി എന്നിവർക്കൊപ്പമാണ് ഇന്നലെ ഗുരുവായൂർ ദർശനം നടത്തിയത്. തുടർന്ന് അന്നദാന ഫണ്ടിലേക്ക് 1.51 കോടി സംഭാവന നൽകിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നിരവധി തെറിവിളികളും, ആക്ഷേപവുമാണ് ഉണ്ടായത്. ഇപ്പോഴിതാ അത്തരത്തിൽ നെഗറ്റീവ് കമന്റ് ഇട്ട ആളുകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്‍ജു പാർവതി.
അഞ്‍ജു പാർവതി പ്രഭീഷിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ....
ഇന്നലെ മുതൽ സോഷ്യൽ മീഡിയയിലെ മല്ലൂ പൊളിറ്റിക്കൽ കറക്ട്നെസ്സുകാർ മൊത്തം കൂടും കുടുക്കയുമെടുത്ത് മുകേഷ് അംബാനിയുടെ പിന്നാലെയാണ് . അതിനു കാരണം അദ്ദേഹം ഗുരുവായൂർ അമ്പലത്തിലെത്തി അവിടുത്തെ അന്നദാന ഫണ്ടിൽ 1. 51കോടി രൂപ സംഭാവന നല്കിയതാണ്. അതായത് മുകേഷ് അംബാനിയെന്ന അന്താരാഷ്ട്ര കോടീശ്വരൻ അങ്ങേർ ബിസിനസ്സ് ചെയ്തുണ്ടാക്കിയ കാശെടുത്ത് അയാളുടെ ഇഷ്ടം പോലെ ഇഷ്ടമുള്ളിടത്ത് സംഭാവനയായി നല്കിയത് പ്രബുദ്ധ മല്ലൂസിന് പിടിച്ചില്ലെന്ന് . ആ പൈസ പാവപ്പെട്ട മനുഷ്യർക്ക് നല്കി കൂടായിരുന്നോ എന്നാണ് പൊക ടീമുകളുടെ ചോദ്യം. അടുത്തൊരാൾ ഒന്നര ഉറുപ്പിക ചോദിച്ചാൽ കൊടുക്കാൻ മടിക്കുന്ന ടീമുകളാണ് മുകേഷ് അംബാനിക്ക് ധാർമ്മികതയുടെ ABCD ചൊല്ലി പഠിപ്പിക്കുന്നത്.
കഴിഞ്ഞ മാസം ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ കോടീശ്വരൻ ആയപ്പോൾ അദാനിയുടെ പിന്നാലെ നടന്ന് തെറി വിളിക്കുകയായിരുന്നു ഇതേ മല്ലൂസ്. തെറി വിളി കേട്ടാൽ തോന്നും ഇവരുടെയൊക്കെ കുടുംബസ്വത്ത് കൈയേറി അത് വിറ്റിട്ട് കോടീശ്വരനായതാണ് അദാനിയെന്ന്. അദാനിയെ അറഞ്ചം പുറഞ്ചം തെറി വിളിച്ച് പ്രബുദ്ധരായി ആശ്വസിച്ചിരുന്നപ്പോഴാണ് മുകേഷ് അംബാനിയുടെ ഗുരുവായൂരിലേയ്ക്കുള്ള വരവും അന്നദാനഫണ്ടിലേയ്ക്കുള്ള സംഭാവനയും വരുന്നത്. ഉടൻ പായയുമെടുത്ത് ഇറങ്ങി അങ്ങേരെ ഗുണദോഷിക്കാൻ.
ചൊറി മല്ലൂസിൻ്റെ അറിവിലേയ്ക്ക് ഒരു കാര്യം പറയുന്നു. ഇതേ മുകേഷ് അംബാനി ഈ വർഷം ടാക്സ് ഇനത്തിൽ മാത്രം ഇന്ത്യയിലെ ഖജനാവിലേക്ക് അടച്ചത് ഒരു ലക്ഷത്തി എൺപത്തി എട്ടായിരം കോടി രൂപയാണ്. അതുപോലെ നാല് ലക്ഷത്തോളം ഇന്ത്യക്കാർക്ക് അംബാനി ജോലി നൽകുന്നുണ്ട്. അവരും കൊടുക്കുന്നുണ്ട് നികുതി. പ്രബുദ്ധ കേരളത്തിന്റെ മൊത്തം നികുതിവരുമാനം ഒരുലക്ഷത്തി പതിനയ്യായിരം കോടി രൂപയാണ് എന്നിരിക്കെ അംബാനിയെന്ന ഒറ്റയാൾ നികുതിയിനത്തിൽ രാജ്യത്തിന് നല്കുന്നത് അതിനേക്കാൾ വലിയ തുകയാണ്.
സ്വന്തം അധ്വാനം കൊണ്ട് പണം ഉണ്ടാക്കുന്നതും, തല ഉയർത്തി അന്തസോടെ ജീവിക്കുന്നതും വലിയ പാതകമാണ് മലയാളികൾക്ക്. അദാനി - അംബാനി ടീമുകൾക്ക് എന്തെങ്കിലും നേട്ടമുണ്ടായാൽ , അല്ലെങ്കിൽ അവരെന്തെങ്കിലും സംഭാവന ചെയ്താൽ ഉടൻ ധാർമ്മികതയുടെ ബോർഡെടുത്ത് ഇവിടുത്തെ ദാരിദ്യത്തെ കുറിച്ച് ക്ലാസ്സെടുക്കും. ലുലു മുതലാളി ഒരേ സമയം സോഷ്യലിസ്റ്റ് ഐക്കണായി വാഴ്ത്തപ്പെടുകയും അംബാനി ബൂർഷ്വാസിയായി തരംതാഴ്ത്തപ്പെടുകയും ചെയ്യുന്ന ഒരു പ്രത്യേക തരം പൊളിറ്റിക്കൽ കറക്ട്നെസ്സാണ് മല്ലൂസിനുള്ളത്.
പട്ടിപെറ്റു കിടക്കുന്ന ഖേറളത്തിലെ ഖജനാവ് വച്ച് ഭരണം നടത്തുന്ന മേലാളന്മാർക്ക് ജനങ്ങളുടെ നികുതിപ്പണമെടുത്ത് കുടുംബ സമേതം വിദേശ പര്യടനം നടത്താം. അത് ഖേറളത്തെ യൂറോപ്യൻ മോഡൽ ആക്കാനുള്ള തത്രപ്പാടാണെന്ന നരേറ്റീവുകൾക്ക് നിറഞ്ഞ കയ്യടിയാണ്. അപ്പോൾ ദാരിദ്രൃം പറച്ചിലുമില്ല; ആ പണമെടുത്ത് വൃദ്ധസദനത്തിലെങ്ങാനും കൊടുത്തൂടെ എന്ന ക്ലീഷേ ഡയലോഗുമില്ല. എന്നാലും അദാനിയും അംബാനിയുമൊക്കെ ക്ഷേത്രങ്ങളിലെ അന്നദാനഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുന്നത് മലയാളീസ് സഹിക്കില്ല. ! അത്തരം സന്ദർഭങ്ങളിൽ മാത്രം ദാരിദ്രൃം മഹത്വവത്കരിക്കപ്പെടും!
https://www.facebook.com/Malayalivartha

























