അഞ്ചര ലക്ഷം രൂപയോളം കടം, പകൽ ഓട്ടോ ഓടിച്ചും, രാത്രി തട്ടുകടയിൽ ജോലി ചെയ്തും ഓടി നടന്നു: കടങ്ങൾ പെരുകിയതോടെ മലേഷ്യയിലേക്ക് പോകാൻ തീരുമാനിച്ചു:- കടം ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും കൈമലർത്തി: ഭാഗ്യദേവത കടാക്ഷിച്ച് കോടിപതിയായ അനൂപിന്റെ ഇനിയുള്ള വമ്പൻ പ്ലാനുകൾ ഇങ്ങനെ...

500 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുക്കാൻ മകന്റെ കുടുക്ക പൊട്ടിച്ച ശ്രീവരാഹം സ്വദേശി അനൂപിനെ തേടിയെത്തിയത് ഇത്തവണത്തെ ഓണം ബമ്പറിന്റെ 25 കോടി രൂപയായിരുന്നു. ശനിയാഴ്ച രാത്രി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപമുള്ള തന്റെ ബന്ധുക്കളിൽ ഒരാളുടെ ലോട്ടറി സ്റ്റാളിൽ നിന്നാണ് അനൂപ് ലോട്ടറി സ്വന്തമാക്കിയത്. മലേഷ്യയിൽ ജോലിക്കായി പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു ഭാഗ്യദേവത അനൂപിനെ കടാക്ഷിച്ചത്.
അടിച്ചു ചേട്ടാ... എന്ന് ഭാര്യ പറഞ്ഞപ്പോൾ, തനിക്ക് വിശ്വസിക്കാനായില്ലെന്നായിരുന്നു അനൂപിന്റെ മറുപടി. ഭാര്യയോട് രണ്ടുതവണ പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് അനൂപ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തനിക്ക് കിട്ടുന്ന കോടികൾ കൊണ്ട് എന്തൊക്കെ ചെയ്യുമെന്ന് വെളിപ്പെടുത്തുകയാണ് അനൂപ്. നാലു വർഷമായി ഓട്ടോ ഓടിക്കുകയായിരുന്നു. അത് നിർത്തുമെന്ന് അനൂപ് പറയുന്നു. അത് നിർത്തി ഹോട്ടൽ തുടങ്ങാനാണ് പ്ലാനെന്നും കോടിപതി പറയുന്നു.
ശ്രീവരാഹം സ്വദേശി അനൂപിനെയാണ് ഇത്തവണ ഭാഗ്യം തേടിയെത്തിയത്. 25 കോടിയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റുപോയത് തിരുവനന്തപുരത്തെ ഭഗവതി ഏജന്‍സിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്നാണ്. പിതൃസഹോദരി പുത്രിയും ലോട്ടറി ഏജന്റുമായ സുജയുടെ വീട് പണി പൂർത്തിയാക്കാനായി മൂന്ന് ലക്ഷം രൂപയുടെ വായ്പയ്‌ക്കായി മുട്ടത്തറ സഹകരണ ബാങ്കിൽ അപേക്ഷിച്ചിക്കെയാണ് അനൂപിന് ഭാഗ്യദേവതയുടെ കടാക്ഷം. അതോടെ വായ്പ വേണ്ടെന്ന് അറിയിച്ചു.
ഇന്നലെ അവധിയായിരുന്നിട്ടും കാനറ ബാങ്കിന്റെ മണക്കാട് ശാഖയിലെ മാനേജരെത്തി ടിക്കറ്റ് സൂക്ഷിക്കാൻ ലോക്കർ സൗകര്യമൊരുക്കി. ഇന്ന് ലോട്ടറി ഡയറക്ടറേറ്റിന് കൈമാറും.വർഷങ്ങൾക്ക് മുൻപ് സൗദിയിൽ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാൽ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകൾ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടർന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്പ ഉൾപ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. 22ാം വയസു മുതൽ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ട്.
കൂലിപ്പണിക്കാരനായിരുന്നു അനൂപിന്റെ പിതാവ് ബാബു. അമ്മ അംബിക വീട്ടുജോലിക്കു പോകും. മൂന്നു മക്കളാണ് ഈ ദമ്പതികൾക്ക്. അശ്വതി മൂത്തത്. തൊട്ടുതാഴെ അനൂപ്. അഞ്ജു ഇളയവൾ. മൂവരെയും ബാബുവിന്റെയും അംബികയുടെയും തുച്ഛമായ വരുമാനത്തിലാണു വളർത്തിയത്. 12 വർഷം മുൻപു ബാബു മരിച്ചതോടെ കുടുംബഭാരം മുഴുവൻ അംബികയുടെ ചുമലിലായി. ഇതിനിടെ ഇളയ സഹോദരി അഞ്ജു മരിച്ചു. പത്താം ക്ലാസു വരെ പഠിച്ച അനൂപ് കുടുംബത്തിന്റെ തണലാകാൻ ഓട്ടോ ഡ്രൈവറായി. കൂലിക്കാണ് ആദ്യം ഓട്ടോ ഓടിച്ചത്.
കടം വാങ്ങിയും മറ്റും സ്വന്തമായി ഓട്ടോ വാങ്ങി. പലപ്പോഴും ഓട്ടം കിട്ടാറില്ല. അപ്പോഴെല്ലാം തട്ടുകട നടത്തും. പകൽ ഓട്ടോ ഓടിച്ചും രാത്രി തട്ടുകടയിലും നിന്നുള്ള വരുമാനത്താലാണ് കഴിഞ്ഞത്. കടങ്ങൾ പെരുകിയതോടെ മലേഷ്യയിലേക്ക് ഷെഫായി പോകാൻ തീരുമാനിച്ചു. അഞ്ചര ലക്ഷം രൂപയോളം കടം. പലരോടും കടം ചോദിച്ചു. ഭൂരിഭാഗം പേരും കൈമലർത്തി. മുട്ടത്തറ സർവീസ് സഹകരണ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചു. സ്വന്തമായുള്ള ഓട്ടോ വിറ്റു കിട്ടുന്ന പണവും മറ്റു ചിലരിൽ നിന്നു സ്വരൂപിക്കുന്ന തുകയും ഉപയോഗിച്ച് വിദേശത്തു പോകാൻ തയാറെടുക്കുമ്പോഴാണു ബംപർ അടിച്ചത്. ഇനിയെങ്ങോട്ടുമില്ല, ഹോട്ടൽ ബിസിനസ് നടത്തി ഭാര്യ മായയ്ക്കും മകൻ അദ്വൈതിനും മറ്റ് കുടുംബാംഗങ്ങൾക്കും ഒപ്പം നാട്ടിൽ തന്നെ കൂടാനാണ് തീരുമാനമെന്ന് അനൂപ് പറയുന്നു.
https://www.facebook.com/Malayalivartha

























