ലോട്ടറിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ: കേരള സർക്കാരിന്റെ 25 കോടിയുടെ ഓണം ബമ്പർ അടിച്ച അനൂപിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

25 കോടിയുടെ ഓണം ബംബറടിച്ച ശ്രീവരാഹം സ്വദേശി അനൂപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. ബിജെപി അനുഭാവിയും, യുവമോർച്ച ഭാരവാഹിയുമായ അനൂപ് സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോട്ടറിയും മദ്യവും ട്രാഫിക് നിയമലംഘനങ്ങളിലെ പിഴയും എല്ലാം കൂടി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ് എന്നാണ് അനൂപ് ആരോപിക്കുന്നത്. ലോട്ടറിയുടെ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പറഞ്ഞ അതേ ലോട്ടറി തന്നെ അനൂപിന് കോടിപതി ഭാഗ്യം കൊണ്ടുവരികയായിരുന്നു.
ലോട്ടറിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ഉയർന്ന തുക ആണ് അനൂപിന് ലഭിച്ചിരിക്കുന്നത്. ഇതാണ് വിധിയുടെ വിളയാട്ടം എന്നാണ് ഈ പോസ്റ്റിന് പലരുടെയും കമന്റുകൾ. അനൂപിനെ രൂക്ഷമായി വിമർശിച്ചും ഒരുകൂട്ടം കമന്റുകൾ നിറയുന്നുണ്ട്. ഇടതു സർക്കാർ ലോട്ടറി വിറ്റ് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് സമ്മാനം തിരികെ കൊടുക്കുവെന്നും, അല്ലെങ്കിൽ ഈ പോസ്റ്റ് പിൻവലിച്ച് പാർട്ടിയുടെ കേരളാവിരുദ്ധ നിലപാട് തെറ്റാണ് എന്ന് പറയണമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ഇതിനിടയിൽ നിരവധിപേരാണ് ഈ വർഷത്തെ കേരള ഓണം ബംബർ നറുക്കെടുപ്പിലെ ഭാഗ്യശാലിയായ അനൂപിന് ആശംസകളുമായി രംഗത്തെത്തുന്നത്.
‘ആദിത്യൻ’ എന്നു പേരുള്ള ഓട്ടോയിലായിരുന്നു ശാഖയിലേയ്ക്ക് അനൂപും ഭാര്യയും എത്തിയത് എത്തിയത്. അനൂപ് സഞ്ചരിച്ച ഓട്ടോ ശാഖയ്ക്കു മുന്നിലെത്തിയതോടെ അടുത്ത സുഹൃത്തുക്കൾ ആർപ്പുവിളിച്ചും വിസിലടിച്ചും സ്വാഗതം ചെയ്തു. സെൽഫിയെടുക്കാൻ കൂടി നിന്നവർ മത്സരിച്ചു. ക്യാമറകളെല്ലാം ഫോക്കസ് ചെയ്തത് അനൂപിനെ. ലൈവ് ഇന്റർവ്യൂവായിരുന്നു പിന്നീട്.
ഇതിനിടെ ലോട്ടറി ടിക്കറ്റ് ഉയർത്തിപ്പിടിച്ച് അനൂപ് ക്യാമറകൾക്ക് പോസ് ചെയ്തു. വൈകിട്ട് അഞ്ചരയോടെ ഭഗവതി ലോട്ടറി ഏജൻസീസ് ഉടമ പി.തങ്കരാജൻ ശാഖയിലെത്തി, റോസ് ഹാരമണിയിച്ചു. ലഡുവും ജിലേബിയും വിതരണം ചെയ്തു.
ബമ്പർ അടിച്ചതിന് ശേഷം അനൂപിൻറെ വീട്ടിലേയ്ക്ക് ആളുകളുടെ പ്രവാഹമാണ്. സഹായം തരുമോയെന്ന അഭ്യർഥിച്ച് ചിലർ ഇതിനിടയിൽ അനൂപിനെ സമീപിച്ചിരുന്നു. നോക്കട്ടേയെന്നു പറഞ്ഞ് ഒഴിഞ്ഞു. കനറാ ബാങ്കിന്റെ മണക്കാട് ശാഖയിലാണ് അനൂപ് ലോട്ടറി കൈമാറിയത്. രാത്രി വൈകിയും സന്ദർശകരുടെ തിരക്കായിരുന്നു. അനൂപിന്റെ മൊബൈൽ ഫോണിനും വിശ്രമമുണ്ടായിരുന്നില്ല. തൊട്ടടുത്ത വീടുകളിലാണ് അനൂപിന്റെയും ഭാര്യ മായയുടെയും കുടുംബം താമസിക്കുന്നത്. ഇരുവരുടെയും പ്രേമ വിവാഹമായിരുന്നു.
വർഷങ്ങൾക്ക് മുൻപ് സൗദിയിൽ പോയ അനൂപ് ജോലിയൊന്നും ശരിയാകാത്തതിനാൽ മടങ്ങിയെത്തി ചില ചെറുകിട ബിസിനസുകൾ തുടങ്ങിയെങ്കിലും നഷ്ടത്തിലായി. തുടർന്നാണ് ഓട്ടോറിക്ഷ വാങ്ങിയത്. വായ്പ ഉൾപ്പെടെ അഞ്ചര ലക്ഷത്തിന്റെ ബാദ്ധ്യതയുണ്ട്. 22ാം വയസു മുതൽ ലോട്ടറി എടുക്കുന്ന ശീലമുണ്ട്. ഒരു തവണ 5000 രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അനൂപ് പറയുന്നു.
https://www.facebook.com/Malayalivartha

























