കെ.എസ്.ആർ.ടി.സി ചെലവ് ചുരുക്കുന്നു; ലക്ഷ്യം അടുത്ത മാസത്തെ ശമ്പളം; ഓണം ബോണസും, ഉത്സവ ബത്തയും സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ചെലവുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. കെ.എസ്.ആർ.ടി.സിയിൽ അടുത്ത മാസം അഞ്ചിനു മുമ്പു ശമ്പളം നൽകാനാണ് മാനേജ്മെന്റ് ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേതുടർന്ന് ചികിത്സാ ധനസഹായം, വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ ഉൾപ്പെടെ നൽകുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
അതേസമയം തന്നെ ഈ മാസം മികച്ച വരുമാനമാണ് നേടുന്നതെങ്കിലും, ഓണം ബോണസും, ഉത്സവ ബത്തയും സംബന്ധിച്ച അനിശ്ചിതത്വം തുടരുക തന്നെയാണ്. എന്നാൽ ഇവ ഉടൻ നൽകാനിടയില്ല. കൂടാതെ ശമ്പളം ഉറപ്പാക്കുന്നതിനൊപ്പം ഓർഡിനറി ബസുകളിൽ സിംഗിൾ ഡ്യൂട്ടിയും അടുത്ത മാസം ആരംഭിക്കും. നിലവിലെ സർക്കാരിന്റെ നിർവചനത്തിൽ സിംഗിൾ ഡ്യൂട്ടി 12 മണിക്കൂർ സമയത്തിനുള്ളിലെ എട്ടു മണിക്കൂർ ജോലിയാണ്.
എന്നാൽ ഇപ്പോഴും തൊഴിലാളി സംഘടനകൾക്ക് ഇതിനോട് വിയോജിപ്പുണ്ട്. കാരണം ദിവസവും എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്നാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷവും ടി.ഡി.എഫ്, ബി.എം.എസ് നേതാക്കൾ പറഞ്ഞത്. ഇതിനു ശേഷം 4 മണിക്കൂർ വിശ്രമം നൽകുന്ന സിംഗിൾ ഡ്യൂട്ടി തന്നെയാണ് നടപ്പിലാക്കുന്നതെന്ന് ചിന്തയിലെ ലേഖനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിനു ശേഷമാണ് കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ (ടി.ഡി.എഫ്) ഒക്ടോബർ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നൽകാനുള്ള തീരുമാനത്തിലെത്തിയത്. ഇതോടെ പണിമുടക്കുന്നവർക്ക് ആ ദിവസങ്ങളിലെ ശമ്പളം നൽകേണ്ടതില്ലെന്നാണ് മാനേജ്മെന്റ് തീരുമാനം.
https://www.facebook.com/Malayalivartha

























