പ്രധാനമന്ത്രിയെ അധിക്ഷേിപിച്ച് ഫെയ്സ്ബുക്ക് കമന്റ്! പിന്നാലെ കടുത്ത സൈബർ ആക്രമണം... ആ കമന്റിട്ടത് ഞാനല്ല! സഹിക്കാൻ കഴിയുന്നില്ല.... പ്രതികരിച്ച് യുവനടൻ നസ്‌ലിൻ...

ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴിൽ ആരോ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിക്കുന്ന തരത്തിൽ കമന്റിട്ടെന്ന് കമന്റിൽ പുലിവാല് പിടിച്ചിരിക്കുകയാണ് യുവതാരം നസ്‌ലിൻ കെ. ഗഫൂർ. ഈ സൈബർ ആക്രമണത്തിൽ പ്രതികരിച്ചിരിക്കുകയാണ് യുവനടൻ. തന്റെ പേര് ഉപയോഗിച്ച് ആരോ നിർമിച്ച വ്യാജ അക്കൗണ്ടിൽ നിന്നാണ് കമന്റ് ഇട്ടിരിക്കുന്നത്.
ഇതിന്റെ പേരിൽ തനിക്കും കുടുംബത്തിനുമെതിരെ പഴിചാരുന്നത് ഭീകരമായ വേദനയുണ്ടാക്കുന്നതാണെന്നും നസ്‌ലിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. വ്യാജ അക്കൗണ്ടിനെതിരെ കൊച്ചിയിൽ സൈബർ സെല്ലിൽ പരാതി നൽകിയതായും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നസ്ലെൻ വ്യക്തമാക്കി.
''ചില സുഹൃത്തുക്കൾ ഷെയർ ചെയ്താണ് കാര്യം അറിയുന്നത്. ഫേസ്ബുക്കിൽ ആരോ ഒരാൾ ഫെയ്ക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ഒരു പോസ്റ്റിന് താഴെ പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്തിട്ടുണ്ട്. ഞാൻ തന്നെയാണ് ആ കമന്റ് ചെയ്തിരിക്കുന്നതെന്നാണ് ഒരുപാടുപേർ വിശ്വസിക്കുന്നത്. ഫേസ്ബുക്കിൽ എനിക്ക് സ്വന്തമായി അക്കൗണ്ടില്ല. അധികം ഫോളോവേഴ്‌സില്ലാത്ത ഒരു പേജുണ്ട്. അത് കൈകാര്യം ചെയ്യുന്നത് വേറെ ആളുകളാണ്. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ല ഞാൻ.''നസ്‌ലിൻ പറഞ്ഞു.
എനിക്കെതിരെ ഇങ്ങനെയൊരു അപവാദം പുറത്തു നടക്കുന്നുണ്ടെന്ന് അറിയുന്നതിൽ അതിയായ ദുഃഖമുണ്ട്. എന്റെ ഐഡന്റിറ്റിയും പേരുമെല്ലാം ഉപയോഗിച്ച് എവിടെനിന്നോ ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങൾക്ക് പഴി കേൾക്കേണ്ടി വരുന്നത് ഞാനാണെന്നത് വളരെ വേദന തരുന്ന കാര്യമാണ്. ഞാൻ അഭിനയിക്കുന്ന സിനിമ കാണില്ല, നിന്റെ സിനിമ കാണുന്നത് നിർത്തി എന്നൊക്കെപ്പറഞ്ഞ് കുറേ ആളുകൾ മെസേജ് അയക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി.
''ഞാൻ ചെയ്യാത്ത കാര്യമാണ്. എന്താണ് പറയേണ്ടതെന്ന് അറിയില്ല. ഞാൻ ചെയ്യാത്ത കുറ്റത്തിന് എന്റെയും കുടുംബത്തിന്റെയും മേൽ പഴിചാരുന്നതിൽ എനിക്കുള്ള ദുഃഖം അതിഭീകരമാണ്. ഇത് ചെയ്യുന്നത് ആരായാലും എന്റെ ഭാഗത്തുനിന്നു കൂടി ചിന്തിച്ചുനോക്കണം. ഇത് എനിക്ക് എത്രമാത്രം വേദനയാണുണ്ടാക്കുന്നതെന്നെല്ലാം ആലോചിക്കണം.
യൂട്യൂബിൽ ഏതോ ഒരു ചാനലും ഇതിനെ പിന്തുണച്ച് വിഡിയോ ഇട്ടിട്ടുണ്ട്, ഞാനാണ് ഇട്ടതെന്നു പറഞ്ഞ്. മുളച്ചുവരുന്നതല്ലേ, നീ ഇനിയും ലോകം കാണാൻ കിടക്കുന്നുണ്ടെന്നൊക്കെ പറഞ്ഞൊരു വിഡിയോ കണ്ടു. ഒരു വാർത്ത കിട്ടുമ്പോൾ ജെന്യൂനാണോ ഫെയ്ക്കാണോ എന്നെല്ലാം തിരിച്ചറിഞ്ഞ്, അറിയാൻ ശ്രമിച്ച ശേഷം ഇത്തരം പ്രചാരണം നടത്തുന്നതാകും നല്ലത്.''
താൻ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ തന്നെയും വീട്ടുകാരെയും മോശമായി പറയുന്നതു വളരെ വേദനയുണ്ടാക്കുന്നുണ്ടെന്നും നസ്‌ലിൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി തന്റെ കരിയറിനെ നശിപ്പിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നാണ് സൈബർ സെല്ലിൽ നൽകിയ പരാതിയിൽ താരം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഫേസ്ബുക്കിൽ മീഡിയവൺ വാർത്തയുടെ താഴെ പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ നസ്‌ലിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ കമന്റ് വന്നിരുന്നു. ഇതിനു പിന്നാലെയാണ് വ്യാപക സൈബർ ആക്രമണം നടക്കുന്നത്. നരേന്ദ്രമോദിയുടെ ജന്മദിനമായിരുന്ന സെപ്റ്റംബർ 17ന് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വാർത്താ പോസ്റ്ററിന് താഴെയാണ് നസ്‌ലിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക് പേജിൽ നിന്ന് കമന്റ് വന്നത്.
കാക്കനാട്ടെ സൈബര്‍ സെല്‍ ഓഫീസില്‍ നല്‍കിയ പരാതിയുടെ കോപ്പിയും വീഡിയോക്കൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങളിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലെൻ. കുരുതി, ഹോം, ജോ ആൻഡ് ജോ, പത്രോസിന്റെ പടപ്പുകൾ, മകൾ തുടങ്ങിയ ചിത്രങ്ങളിലും നസ്ലെൻ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
https://www.facebook.com/Malayalivartha

























