ഇനി വലിയ കളികള്‍ മാത്രം... അസാധാരണ പത്രസമ്മേളനം വിളിച്ച് ഗവര്‍ണര്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് സിപിഎം; ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമവഴി നീങ്ങാന്‍ സര്‍ക്കാര്‍; ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

മറ്റൊരു കാലത്തും കേട്ടുകേള്‍വിയില്ലാത്ത അങ്കവുമായി ഗവര്‍ണറും സര്‍ക്കാരും. ഇരുകൂട്ടരും വിട്ടുവീഴ്ച ഇല്ലാതെ പരസ്പരം വിമര്‍ശനം തുടരുകയാണ്. ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രിക്ക് എതിരായ വിമര്‍ശനം ഗവര്‍ണര്‍ ആവര്‍ത്തിക്കും. വിവാദ ബില്ലുകളില്‍ ഒപ്പിടാതെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കാന്‍ തന്നെ ആണ് നീക്കം. അതേ സമയം ഗവര്‍ണ്ണറെ രാഷ്ട്രീയമായി നേരിടാന്‍ ആണ് സിപിഎം തീരുമാനം. ആര്‍എസ്എസ് ബന്ധം തുടര്‍ന്നും ശക്തമായി ഉന്നയിക്കും. ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമ വഴി അടക്കം ആലോചിക്കും.
സിപിഎം, സിപിഐ നേതാക്കള്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിക്കുകയാണ്. അതേസമയം പ്രതിപക്ഷവും ബിജെപി നേതാക്കള്‍ സര്‍ക്കാരിനെതിരേയും തിരിഞ്ഞു. കണ്ണൂരില്‍ ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടിയെടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ തത് സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ കുറ്റം ചെയ്തവര്‍ക്കെതിരെ ഒരു നടപടിയുമെടുക്കാതെ സംരക്ഷിക്കുകയാണ് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി ചെയ്തത്.
ഗവര്‍ണര്‍ക്ക് നേരെ നടന്ന കയ്യേറ്റ ശ്രമവും അതിന് പിന്നിലെ ഗൂഡാലോചനയും ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ. രാഗേഷ് ഗവര്‍ണര്‍ സംസാരിക്കുന്ന വേദിയില്‍ നിന്നിറങ്ങിയപ്പോയി. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി തടയുന്നതിന് ശ്രമിക്കുന്ന കാര്യം ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. രാഗേഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും നിയമനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കണ്ണൂരില്‍ ഗവര്‍ണക്കെതിരെ നടന്ന കയ്യേറ്റ ശ്രമം ആസൂത്രിതമാണ്. പ്ലക്കാര്‍ഡുകള്‍ നേരത്തെ തയ്യാറാക്കുകയും പ്രതിഷേധത്തിന് വിദ്യാര്‍ത്ഥികളെ ഒരുക്കി നിറുത്തുകയുമായിരുന്നു. വി.സി നിയമനത്തില്‍ അനധികൃതമായി ഇടപെടുകയും തന്‌റെ നാട്ടുകാരനായതിനാല്‍ ഒരാളെ വി.സിയാക്കണമെന്നാവശ്യപ്പെടുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കുറ്റകൃത്യം മറച്ചുവയ്ക്കുകയും കുറ്റവാളികളെ രക്ഷിക്കുകയും ചെയ്ത മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ബാലിശമായ വാദങ്ങളാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്ത് പുറത്തുവിട്ട കേരള ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന ലംഘിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും ഇടത് നേതാവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിനുമെതിരെ നിരവധി ആരോപണങ്ങളാണ് പ്രത്യേക വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയത്. കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് രാജ് ഭവനിലെത്തി സമ്മര്‍ദം ചെലുത്തിയെന്നും വിസി നിയമന നടപടി നിര്‍ത്തി വെക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി.
ഭരണത്തില്‍ ഇടപെടില്ലെന്ന് ഉറപ്പുനല്‍കി മുഖ്യമന്ത്രി അയച്ച കത്തുകളുടെ പകര്‍പ്പുകളും ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് വിതരണം ചെയ്തു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ഇടതുനേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ആസൂത്രിത ആക്രമണം ഉണ്ടായപ്പോള്‍ നടപടിയെടുക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ആണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിന് തെളിവായി അന്നത്തെ വീഡിയോ ദൃശ്യങ്ങള്‍ ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതിന് പ്രത്യുപകരമാണോ രാഗേഷിന് പിന്നീട് കിട്ടിയ പദവിയെന്നും ഗവര്‍ണര്‍ ചോദിക്കുന്നു
https://www.facebook.com/Malayalivartha

























