ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി നാളെ നാടെങ്ങും ആചരിക്കും....ശിവഗിരിയില്‍ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും

വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി നാളെ നാടെങ്ങും ആചരിക്കും. ഗുരുദേവന്റെ സമാധി സ്ഥാനമായ വര്‍ക്കല ശിവഗിരിക്കുന്നിലും ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തിയിലെ വയല്‍വാരം വീട് ഉള്‍പ്പെടുന്ന ഗുരുകുലത്തിലും സമൂഹ പ്രാര്‍ത്ഥനയും പ്രത്യേക പൂജകളും നടക്കും. ശിവഗിരിയില്‍ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വി. ജോയി എം.എല്‍.എ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം 3 മണി മുതല്‍ മഹാസമാധിപൂജ നടക്കും.
ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ രാവിലെ 9ന് ഉപവാസ പ്രാര്‍ത്ഥനായജ്ഞം തുടങ്ങും. 10 ന് മന്ത്രി ജെ.ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയില്‍ 'മഹാസമാധി ദിനാചരണ സമ്മേളനം' മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ പങ്കെടുക്കും. വൈകിട്ട് സമാധിപൂജകളും നടക്കും.
ശിവ പ്രതിഷ്ഠയിലൂടെ ഗുരു സാമൂഹിക വിപ്‌ളവത്തിന് തുടക്കം കുറിച്ച അരുവിപ്പുറത്ത് ഉച്ചയ്ക്ക് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ പ്രഭാഷണം,വൈകിട്ട് 3ന് മഹാസമാധി പൂജ എന്നിവ നടക്കും.
ശ്രീനാരായണ ഗുരുദേവന്റെ തപോഭൂമിയായിരുന്ന കൊടിതൂക്കിമല കുമാരഗിരി ഗുരുക്ഷേത്രത്തിലും രാവിലെ മുതല്‍ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടക്കും.
ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ വിവിധ ക്ഷേത്രങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പുറമെ, എസ് എന്‍.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളിലും മറ്റു ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിലും സമാധി ദിനം ആചരിക്കുന്നതാണ് .
https://www.facebook.com/Malayalivartha

























