എന്തൊരു ക്രൂരത... ഭര്‍ത്താവിന്റെ വെട്ടേറ്റ് ഇടതു കൈപ്പത്തി അറ്റുപോയ വിദ്യയുടെ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടു; അമ്മയോട് മകനെപ്പറ്റി തിരക്കി; അയാള്‍ സംശയരോഗി, വിദ്യയുടെ പഠിപ്പും പണവും പ്രകോപനം; ഭര്‍ത്താവ് സന്തോഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

ഭര്‍ത്താവിന്റെ വെട്ടേറ്റ് കൈപ്പത്തി മുറിഞ്ഞ യുവതിയുടെ വാര്‍ത്ത വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. ശനിയാഴ്ച രാത്രി 8നാണു പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ (27) ഭര്‍ത്താവ് വീട്ടില്‍ക്കയറി വടിവാള്‍ കൊണ്ടു വെട്ടിയത്. വെട്ടു തടുക്കുന്നതിനിടെ ഇടതുകൈപ്പത്തി അറ്റു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കു 10 ലക്ഷം രൂപ ചെലവാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഒടുവില്‍ ബന്ധുക്കള്‍ മന്ത്രി വീണാ ജോര്‍ജിനെ വിളിച്ചു സഹായം അഭ്യര്‍ഥിച്ചു. മന്ത്രി ഇടപ്പെട്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കു സൗകര്യം ഒരുക്കുകയുമായിരുന്നു. പൊട്ടിപ്പോയ അസ്ഥികള്‍ കമ്പിയിട്ട് ഉറപ്പിച്ചശേഷം ഞരമ്പുകളും അറ്റുപോയ രക്തക്കുഴലുകളും മറ്റു സൂക്ഷ്മനാഡികളുമെല്ലാം തുന്നിച്ചേര്‍ക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയാണു വേണ്ടിവന്നതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വെട്ടേറ്റ അച്ഛന്‍ വിജയനും ഇവിടെ ചികിത്സയിലാണ്.
വിദ്യയുടെ ആരോഗ്യനില നേരിയ തോതില്‍ മെച്ചപ്പെട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിദ്യയ്ക്കു ബോധം തെളിഞ്ഞു. അമ്മയോട് മകനെപ്പറ്റി തിരക്കുകയും ചെയ്തു. അറ്റുപോയ കൈപ്പത്തി 8 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തിരുന്നു. വെട്ടേറ്റ് വലതു കൈവിരലുകളും അറ്റുപോയിരുന്നു.
പരുക്കേറ്റ വിദ്യയുടെ പിതാവ് വിജയനും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. വിദ്യയെ ശനിയാഴ്ചയാണ് ഭര്‍ത്താവ് സന്തോഷ് (28) വെട്ടിപ്പരുക്കേല്‍പിച്ചത്. സംഭവത്തിനുശേഷം കഴിഞ്ഞ ദിവസം പുലര്‍ച്ചെ കൂടല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ അടൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സന്തോഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കലഞ്ഞൂരിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനു ശേഷം ഞായറാഴ്ച രാത്രിയാണ് റാന്നി ഒന്നാം മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. സന്തോഷിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
സന്തോഷ് മുന്‍പും ഇത്തരം അക്രമം നടത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംശയരോഗിയായ സന്തോഷ് വിദ്യയെ നിരന്തരം മര്‍ദിക്കുമായിരുന്നു. മകന്റെ പേരിടീല്‍ ചടങ്ങിനെത്തിയപ്പോഴും വിദ്യയെ ദേഹോപദ്രവമേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് വിവാഹമോചനത്തിനായി വിദ്യ കേസ് ഫയല്‍ ചെയ്തത്.
വിദ്യയ്ക്ക് തന്നെക്കാള്‍ വിദ്യാഭ്യാസം ഉള്ളതും കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുന്നതിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തിയിരുന്നതും സന്തോഷിന് അമര്‍ഷം ഉണ്ടാക്കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. വിവാഹമോചന കേസിന്റെ ഭാഗമായി നടന്ന കൗണ്‍സലിങ്ങിനെ തുടര്‍ന്ന്, മാസത്തില്‍ 2 തവണ നേരിലും 2 തവണ വിഡിയോ കോണ്‍ഫറന്‍സിലൂടെയും കുട്ടിയെ കാണാന്‍ സന്തോഷിനെ അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഒരാഴ്ച മുന്‍പ് മകനെ തനിക്ക് പൂര്‍ണമായും വിട്ടുതരണമെന്ന് സന്തോഷ് ഫോണിലൂടെ വിദ്യയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം വിദ്യ നിഷേധിച്ചതാണ് ആക്രമണത്തിന് കാരണം. കുടുംബ പ്രശ്‌നത്തെത്തുടര്‍ന്ന് അകന്നു കഴിയുകയായിരുന്ന സന്തോഷ് വിദ്യയുടെ വീട്ടിലെത്തിയാണ് ആക്രമിച്ചത്. വിവാഹമോചനക്കേസ് പത്തനംതിട്ട കുടുംബ കോടതിയുടെ പരിഗണനയിലാണ്. 5 വയസ്സുള്ള മകനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു
https://www.facebook.com/Malayalivartha
























