25 കോടിയുടെ ഭാഗ്യം വഴുതി മാറിയെങ്കിലും, രഞ്ജിതയ്ക്ക് കിട്ടിയത് സമാശ്വാസ സമ്മാനമായ അഞ്ച് ലക്ഷം രൂപ

ഓണം ബമ്പറിന്റെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് എസ്.പി. ഫോര്‍ട്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ രഞ്ജിത വി.നായര്‍ക്ക് നഷ്ടമായെങ്കിലും അതേ നമ്പറില്‍ സമാശ്വാസ സമ്മാനം ലഭിച്ചു. കുടപ്പനക്കുന്ന് ഇരപ്പുകുഴി എസ്.ആര്‍.എ.41-ല്‍ എസ്.പി. ഫോര്‍ട്ട് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ രഞ്ജിതയ്ക്കാണ് അഞ്ച് ലക്ഷത്തിന്റെ സമാശ്വാസസമ്മാനം ലഭിച്ചത്. ആദ്യമായാണ് രഞ്ജിത ലോട്ടറി ടിക്കറ്റെടുക്കുന്നത്.
ഒന്നാം സമ്മാനമായ 25 കോടി രൂപയുടെ ടിക്കറ്റ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറിയില്‍ വില്‍പ്പനയ്ക്കുവെച്ചിരുന്ന ദൃശ്യം ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. വളയണിഞ്ഞ കൈകള്‍ ആ ടിക്കറ്റില്‍ തൊടുന്നതും പിന്നീട് അടുത്തുള്ള ടിക്കറ്റ് തിരഞ്ഞെടുക്കുന്നതുമായിരുന്നു ദൃശ്യത്തിലുണ്ടായിരുന്നത്. ടി.ജെ.750605 എന്ന ടിക്കറ്റിന് ഒന്നാംസമ്മാനം ലഭിച്ചപ്പോള്‍ തൊട്ടടുത്ത ടിക്കറ്റ് ടി.ജി. സീരീസില്‍ അതേ നമ്പരിലുള്ളതായിരുന്നു. ഈ ടിക്കറ്റാണ് രഞ്ജിതയെടുത്തത്.
ടിക്കറ്റ് എടുത്തപ്പോള്‍ മുതല്‍ നമ്പര്‍ മനസ്സില്‍ മായാതെ കുറിച്ചിട്ടിരുന്നു. ഫലം പുറത്തുവന്ന ഞായറാഴ്ച ഭാഗ്യം വഴുതിമാറിയെന്ന് അറിഞ്ഞെങ്കിലും രഞ്ജിത സമാശ്വാസസമ്മാനം ഉറപ്പിച്ചിരുന്നു. തിങ്കളാഴ്ച ലോട്ടറി ഡയറക്ടറേറ്റില്‍ ടിക്കറ്റ് ഹാജരാക്കി. അഞ്ചുലക്ഷം രൂപയില്‍ നികുതി കുറച്ചുള്ള 3,15,000 രൂപ വികാസ്ഭവന്‍ സബ് ട്രഷറിയിലേക്ക് മാറ്റുകയും ചെയ്തു. പ്ലംബറായ ബി.വിനുവാണ് ഭര്‍ത്താവ്. വിദ്യാര്‍ഥിയായ മാളവിക മകളുമാണ്.
https://www.facebook.com/Malayalivartha






















