എച്ച്ആര്‍ഡിഎസിന് പിന്നാലെ നിലപാട് കടുപ്പിച്ച് സ്വപ്ന, താൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല, തന്റെ നിയമപോരാട്ടം തുടരും, തനിക്ക് ബംഗ്ലൂരുവിൽ ജോലി കിട്ടി, അത് തടയാൻ പോലും കേരള പോലീസ് വഴി ശ്രമം നടന്നുവെന്നും സ്വപ്ന സുരേഷ്

തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സ്വപ്ന സുരേഷ്. താൻ ഉന്നയിച്ച ആരോപണങ്ങളിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നാണ് സ്വപ്നയുടെ നിലപാട്. തന്റെ നിയമപോരാട്ടം തുടരുമെന്നും. തനിക്ക് ബംഗ്ലൂരുവിൽ ജോലി കിട്ടിയെന്നും അതിനാൽ സ്ഥലം മാറാൻ അനുമതി തേടി കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. തനിക്ക് കിട്ടിയ ജോലി തടയാൻ കേരള പോലീസ് വഴി ശ്രമം നടന്നു. എച്ച്.ആർ.ഡി.എസ് മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയത് തന്റെ അറിവോടെയല്ലെന്നും സ്വപ്ന പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ, സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന സ്വകാര്യ എന്‍ജിഒ ആയ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചത്. ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെയും കുടുംബത്തിന്‍റെയും മൊഴിരേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു എച്ച്ആര്‍ഡിഎസിന്റെ പരാതി. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല വിജയന്‍, മകള്‍ വീണ എന്നിവരുടെ മൊഴി രേഖപ്പെടുത്തണമെന്ന് ഇവരുടെ ആവശ്യം.
എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണ് ഡല്‍ഹി ഇഡി ആസ്ഥാനത്ത് എത്തി പരാതി നല്‍കിയത്.വി.എസ്.അച്യുതാനന്ദന്‍റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ അഭിഭാഷകനായി ഒപ്പമുണ്ടായിരുന്നു.15 ദിവസത്തിനകം മൊഴി രേഖപ്പെടുത്തിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് അവർ വ്യക്തമാക്കിയത്.മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷും ശിവശങ്കറും സരിത്തും മൊഴിനല്‍കിയിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.
സ്വപ്ന ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ജീവനു ഭീഷണിയുണ്ടെന്നു സ്വപ്ന മാധ്യമങ്ങളോടു വെളിപ്പെടുത്തിയതും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കുന്നതു നിയമത്തിനു മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ഭരണഘടന തത്വത്തിനു വിരുദ്ധമാണ്. രാഷ്ട്രീയതാല്‍പര്യത്തോടെയല്ല പരാതി നല്‍കുന്നത്. ഇഡി മൊഴിയെടുക്കാന്‍ വൈകുന്നത് സംശയാസ്പദമാണെന്നും കെ.എം.ഷാജഹാന്‍ ആരോപിച്ചു. കസ്റ്റംസിനെയും സിബിഐയെയും സമീപിക്കാനും എച്ച്ആര്‍ഡിഎസിന് ആലോചനയുണ്ട്.
പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. എന്നാൽ സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി എച്ച്.ആര്‍.ഡി.എസ് അറിയിക്കുകയായിരുന്നു. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നാണ് അവര്‍ അന്ന് വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ എച്ച്ആര്‍ഡിഎസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























