രാഹുൽ ഗാന്ധിക്ക് വൈകി വന്ന തിരിച്ചറിവ് ; ഭാരത് ജോഡോ യാത്ര പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം ഉൾപ്പെട്ടതിൽ പ്രതികരണവുമായി ബിജെപി

ഭാരത് ജോഡോ യാത്ര വീണ്ടും വിവാദത്തിൽ. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും ഉൾപ്പെട്ടതാണ് ചർച്ചകൾക്ക് ഇടയാക്കിയത്. എന്നാൽ അബദ്ധം മനസിലായതോടെ കോൺഗ്രസ് പ്രവർത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചു. ഇതിനു പിന്നാലെ സംഭവം ബിജെപി ഏറ്റെടുത്തതോടെ വിഷയം ചർച്ചയായി.
തുടർന്ന് വൈകിയാണെങ്കിലും രാഹുൽ ഗാന്ധിക്ക് തിരിച്ചറിവുണ്ടായെന്നാണ് ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ പ്രതികരിച്ചത്. സവർക്കറുടെ ചിത്രമടങ്ങിയ പ്രചാരണ ബോഡിന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചായിരുന്നു അമിത് മാളവ്യ പ്രതികരിച്ചത്.
അതേസമയം കോൺഗ്രസിന് വൈകി വന്ന തിരിച്ചറിവാണിതെന്ന് ബിജെപി വക്താവ് ടോം വടക്കനും പ്രതികരിച്ചു. മാത്രമല്ല കോൺഗ്രസ് അനുകൂലികളായവരെ മാത്രമാണ് ഇതുവരെ സ്വാതന്ത്ര്യ സമര സേനാനികൾ ആക്കിയിട്ടുള്ളതെന്നും, നേതൃത്വം അമളി പറ്റിയതാണെന്ന് പറഞ്ഞാലും പ്രവർത്തകർക്ക് യാഥാർത്ഥ്യം മനസിലായെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതോടൊപ്പം തന്നെ, അബദ്ധം പറ്റിയതോടെ കോൺഗ്രസ് പ്രവർത്തകർ ചിത്രം മറയ്ക്കുന്നതിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവം വലിയ ചർച്ചയായതിനു പിന്നാലെ കോൺഗ്രസ് വിശദികരണവുമായി രംഗത്ത് എത്തി. പ്രചാരണ ബോർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും, അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നുമാണ് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നത്. മാത്രമല്ല സംഭവത്തിൽ കോൺഗ്രസ് നടപടിയും സ്വീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























