തുടങ്ങും മുന്‍പ് തന്നെ പാളം തെറ്റി സില്‍വര്‍ ലൈന്‍ പദ്ധതി... സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി; പിണറായി കോടികൾ പാഴാക്കി കേന്ദ്രം വെടി പൊട്ടിച്ചു

രണ്ടാം പിണറായി സര്‍ക്കാര്‍ തങ്ങളുടെ സ്വപ്‌ന പദ്ധതിയായി അവതരിപ്പിച്ച സില്‍വര്‍ ലൈന്‍ പദ്ധതി തുടങ്ങുന്നതിന് മുന്‍പ് തന്നെ പാളം തെറ്റുന്നു. സില്‍വര്‍ ലൈനില്‍ സർക്കാരിനെതിരെയും കെ റയിൽ കോർപറേഷനെതിരെയും ആഞ്ഞടിച്ച് ഹൈക്കോടതി. കെ–റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനോടു ചോദ്യശരങ്ങളുമായിട്ടാണ് ഹൈക്കോടതി നേരിട്ടത്.
ഡിപിആറിന് കേന്ദ്രം അനുമതി നല്‍കിയിട്ടില്ലാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. അതുകൊണ്ടുള്ള ഗുണം എന്താണ്, സാമൂഹിക ആഘാത പഠനത്തിനായി പണം ചെലവാക്കിയതെന്തിനെന്നും ഹൈക്കോടതി ചോദിക്കുകയുണ്ടായി.
ഇപ്പോൾ പദ്ധതി എവിടെ എത്തിനിൽക്കുന്നു? ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാക്കിയതിന് ആരു സമാധാനം പറയും? എന്തിനായിരുന്നു പ്രശ്നങ്ങളുണ്ടാക്കിയത്? ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്. ഒരു പേരിട്ടാല്‍ അത് പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.
റെയിൽവേയുമായി കൃത്യമായ ആശയവിനിമയം നടക്കാത്തത് എന്തുകൊണ്ടായിരുന്നു? എന്തിനാണ് ഇത്രയധികം വിജ്ഞാപനങ്ങൾ? ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇതൊക്കെ നടത്തിയത്? തുടങ്ങിയ ചോദ്യങ്ങളാണ് സർക്കാർ അഭിഭാഷകനു കോടതിയിൽ നേരിടേണ്ടി വന്നത്. പദ്ധതിയുടെ പേരിൽ നാടകം കളിക്കുകയാണന്നു കുറ്റപ്പെടുത്തിയ കോടതി, മഞ്ഞക്കല്ലിനെയും പരിഹസിച്ചു.
രാവിലെയാകുമ്പോൾ മഞ്ഞക്കല്ലുമായി ആരൊക്കെയോ വീടിനുമുന്നിൽ കയറിവരുമെന്നും ഇതൊക്കെ എന്തിനാണെന്ന് ആർക്കുമറിയില്ലെന്നും കോടതി പരിഹസിച്ചു. സിൽവർലൈൻ പദ്ധതി തുടങ്ങിയയിടത്തു തന്നെ വീണ്ടും വന്നുനിൽക്കുകയാണെന്നും പറഞ്ഞു. കെ റെയിലുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പദ്ധതി നടപ്പാക്കുന്ന രീതിക്കെതിരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ രൂക്ഷ വിമര്‍ശനമുണ്ടായത്.
ജനങ്ങളുടെ സമാധാനം കളഞ്ഞതിന് ആര് സമാധാനം പറയും. ഇല്ലാത്ത പദ്ധതിക്ക് വേണ്ടിയാണോ ഇത്രയും ബഹളം വെക്കുന്നത്. കോടതിയുടെ പല ചോദ്യങ്ങള്‍ക്കും സര്‍ക്കാര്‍ മതിയായ ഉത്തരം നല്‍കുന്നില്ല. സര്‍ക്കാര്‍ ചെലവാക്കുന്ന ഓരോ നാണയത്തിനും കണക്കുണ്ടാകണം. ഒരു പദ്ധതിയെ പേര് വിളിച്ചാല്‍ അത് പദ്ധതിയാകില്ല. വിശദമായ പഠനം അനിവാര്യമാണ്.
കേരളത്തിലെ കാലാവസ്ഥ മാറിക്കൊണ്ടിരിക്കുന്നു. ഉരുള്‍പ്പൊട്ടലും മറ്റുമുള്ള പ്രകൃതിപ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ഭരണാധികാരികള്‍ മനസ്സിലാക്കാന്‍ തയ്യാറാകുന്നില്ല എന്നുവേണം കരുതാന്‍. അതിവേഗ റെയിലും റോഡും ആവശ്യമാണ്. എന്നാല്‍ എല്ലാത്തിനും മാനദണ്ഡങ്ങളുണ്ട്. തോന്നുന്ന പോലെ നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേ സമയം പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് ആവര്‍ത്തിച്ച് കത്തയച്ചിട്ടും കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. പാതയുടെ അലൈന്‍മെന്റ്, പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വെ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇതുവരെ നല്‍കിയിട്ടില്ല.
ഡിപിആര്‍ അപൂര്‍ണ്ണമാണെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും റെയില്‍വെ കോടതിയെ അറിയിച്ചു. പദ്ധതിയ്ക്ക് കേന്ദ്രം സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കെ റെയിലിനായി സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടി ക്രമം സ്റ്റേ ചെയ്യണമെന്നുള്ള ഹർജികൾ പരിഗണിക്കവെയാണ് കോടതിയുടെ രൂക്ഷ വിമർശനം.
പദ്ധതിയുടെ ഡിപിആര്‍ (വിശദ പദ്ധതി രേഖ) സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദാംശങ്ങള്‍ കെ റെയില്‍ ഇനിയും നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു. 2021 ജൂലൈ മുതല്‍ 2022 ഓഗസ്റ്റ് 30 വരെ അഞ്ച് കത്തുകളാണ് റെയില്‍വേ ബോര്‍ഡ് കെ റെയിലിന് നല്‍കിയത്.
എന്നാല്‍ ഇതുവരെയും ഒരു കത്തിന് പോലും കെ റെയില്‍ മറുപടി നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡിന് വേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്. മനു ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ വ്യക്തമാക്കി. കഴിഞ്ഞ തവണ കേസുകള്‍ പരിഗണിച്ചപ്പോള്‍ ഡിപിആര്‍ സംബന്ധിച്ച് റെയില്‍വേ മന്ത്രാലയത്തിന്റെ നിലപാടില്‍ മാറ്റമുണ്ടോ എന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അലൈന്‍മെന്റ് പ്ലാന്‍ പദ്ധതികളും പദ്ധതിക്ക് വേണ്ട റെയില്‍വേയുടെ ഭൂമി, സ്വകാര്യ ഭൂമി എന്നിവ സംബന്ധിച്ച വിശദാംശങ്ങളും ഇതുവരെ നല്‍കിയിട്ടില്ലെന്ന് വിശദീകരണ പത്രികയില്‍ റെയില്‍വേ ബോര്‍ഡ് കോടതിയെ അറിയിച്ചു.
https://www.facebook.com/Malayalivartha


























