ജനങ്ങളെ കടിച്ചു കീറുന്ന നായ്ക്കളെ പോറ്റുന്നത് സർക്കാരോ? പരിഹാരം ഇനി ഒന്ന് മാത്രം! കേരളത്തിന് പാളിപ്പോയ ABC...

കേരളത്തിൽ മുൻപ് എങ്ങും ഇല്ലാത്ത വിധം തെരുവുനായ ശല്യം ജനങ്ങളെ അലട്ടുകയാണ്, വേട്ടയാടുകയാണ്. ജില്ലകളിൽ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതി എന്ന ABC Animal Birth Control പാളുമ്പോൾ ഇതേ കുറിച്ചു അധികാരികൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനങ്ങൾക്ക് പൊതു ഇടത്തിൽ ഇറങ്ങി നടക്കാൻ പോലും ഭയമാകുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തി ചേർന്നിരിക്കുകയാണ്.
കേരളത്തിലെ ആരോഗ്യരംഗത്തു തന്നെയാണ് വെല്ലുവിളി ഏറ്റവും അധികം ഉയർത്തുന്നത്. വാക്‌സിൻ ഫലപ്രാപ്‌തിയെ സംബന്ധിച്ച ഇപ്പോഴും ചില ദുരൂഹതകൾ നിലനിൽക്കുകയാണ്. പരിഹരിക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്, പക്ഷെ എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച ഏകോപിതമായ നിർദ്ദേശങ്ങൾ എന്ത് കൊണ്ട് ഉയരുന്നില്ല?
കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇടപെട്ടതോടെയാണ് സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും വളരെ ഗൗരവത്തോടെ ഈ വിഷയം ഇപ്പോൾ നോക്കി കാണുന്നത് എന്നു മനസിലാക്കാം... കേരളത്തിൽ എല്ലാ ജില്ലകളിലും പട്ടി കടിയേറ്റ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ നിലവിളികളാണ് കേൾക്കുവാൻ സാധിക്കുന്നത്.
കടിയേൽക്കുന്നത് മാരകമായൽ വാക്‌സിൻ കൊണ്ട് പോലും ഉപയോഗം ഉണ്ടാകില്ല എന്ന ആശങ്ക ആരോഗ്യ പ്രവർത്തകരും ഡോക്ടർമാരും പങ്കുവയ്ക്കുന്നുണ്ട്. അതുകൊണ്ട് തെരുവിൽ നിന്നും ജനവാസ കേന്ദ്രങ്ങളിൽ നിന്നും തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ആവിഷ്കരിക്കേണ്ടത് അനിവാര്യമാണ്....
കേരളത്തിൽ കഴിഞ്ഞ കുറച്ചേറെ നാളുകളായുള്ള സാമൂഹിക പ്രശ്നമാണ് തെരുവ് നായ ശല്യം. 2 ലക്ഷത്തോളം പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്. ഇതുവരെയായി പേ ബാധിച്ച തെരുവ് നായ കടിച്ച് ഏതാണ്ട് 22 പേർ ഇതുവരെ മരിച്ചു. അതിൽ ആറ് പേർ സർക്കാർ നിർദ്ദേശിച്ച വാക്സിൻ എടുത്ത ശേഷമാണ് മരിച്ചത്.
ഇതോടെ കേരളത്തിലെ തെരുവ് നായകളെ കൊന്നൊടുക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്. ജനങ്ങളും ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം എല്ലാവരേയും ഞെട്ടിച്ച ഒരു സംഭവം കോട്ടയത്ത് ഉണ്ടായി. ഏകദേശം 12ഓളം നായ്ക്കളെയാണ് കൂട്ടത്തോടെ മരിച്ച രീതിയിൽ കണ്ടെത്തിയത്.
നായകൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. IPC 429 പ്രകാരം വെള്ളൂർ പൊലീസാണ് കേസെടുത്തത്. മൃഗങ്ങളെ കൊന്നാൽ ചുമത്തുന്ന വകുപ്പാണ് IPC 429. നായ്ക്കളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്തു. ഇതിനായി കുഴിച്ചിട്ട മൃതദേഹങ്ങൾ പുറത്തെടുത്തു. 12 നായ്ക്കൾ ചത്തതിലാണ് അന്വേഷണം. മൃഗസ്നേഹികളുടെ പരാതിയിലാണ് ഈ നടപടി.
സംഭവത്തിൽ അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് പഞ്ചായത്ത് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മൃഗസ്നേഹികളെയല്ല പാവം നാട്ടുകാരെയാണ് നായ്ക്കൾ ആക്രമിക്കുന്നതെന്നും പ്രസിഡൻറ് ടി.കെ. വാസുദേവൻ നായർ പരിഹസിച്ചു. മേഖലയിൽ നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരും പരാതിപ്പെടുന്നത്.
മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് മരണം എന്നാണ് സംശയിക്കുന്നത്. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു.
മുളക്കുളം പഞ്ചായത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ വൈക്കം പ്രദേശത്ത് മാത്രം ഇരുപതോളം പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. എന്നാലിപ്പോൾ ഇതിന് സമാനമായ സംഭവങ്ങൾ പലയിടത്തും നടക്കുകയാണ്. കൊച്ചിയിൽ തെരുവുനായക്കളെ ചത്ത നിലയിൽ കണ്ടെത്തിയിരിക്കുകയാണ്. കൊച്ചി എരൂരിലാണ് തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്നത്. അഞ്ച് തെരുവ് നായകളാണ് ചത്തത്.
കോവിഡ് കാലത്ത് പെറ്റുപെരുകിയ നായക്കൂട്ടങ്ങളാണ് ആക്രമണകാരികളായി മാറിയതെന്നു വിദഗ്ധർ. മനുഷ്യസമ്പർക്കമില്ലാതെ വളർന്നതും ഭക്ഷണത്തിന്റെ കുറവുമാണ് ഇവരെ ആക്രമണ സ്വഭാവമുള്ളവയാക്കിയത്. തദ്ദേശവകുപ്പ് വിളിച്ചുചേർത്ത യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്.
സംസ്ഥാനത്ത് മൂന്ന് ലക്ഷം തെരുവുനായകൾ ഉണ്ടാകുമെന്നാണ് ഏകദേശകണക്ക്. ആറ് ലക്ഷം വൈൽ വാക്സീൻ സംസ്ഥാനത്തുണ്ട്. വാക്സീൻ നൽകുന്ന നായകൾക്കു ചിപ്പ് ഘടിപ്പിക്കുകയോ സ്‌പ്രേ പെയ്ന്റ് ചെയ്യുകയോ ചെയ്യും. ഒരു വർഷമാണ് വാക്സിന്റെ ഫലം നിലനിൽക്കുക. അതിനു ശേഷം വീണ്ടും നൽകേണ്ടിവരും. ആവശ്യമുള്ള വാക്സീൻ വാങ്ങാൻ സർക്കാർ നിർദ്ദേശം നൽകി.
എബിസി കേന്ദ്രങ്ങൾ സ്ഥാപിക്കുക, വന്ധ്യംകരണത്തിനു പരിശീലനം ലഭിച്ചവരെ കണ്ടെത്തുക, വന്ധ്യംകരണത്തിനുശേഷം രണ്ട് ദിവസം നായകളെ പരിപാലിക്കുക എന്നിവ ചെലവേറിയതും കൂടുതൽ സമയംവേണ്ടി വരുന്നതുമായ നടപടികളാണ്. ഒരു നായയെ വന്ധ്യംകരിക്കാൻ 1500 രൂപയെങ്കിലും ചെലവ് വരും. പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുകയും എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പ്രായോഗികമായ നടപടിയിലേക്ക് സർക്കാർ കടക്കുമോ എന്ന കാര്യവും ഏറെ ചർച്ച ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























