കാസർഗോഡ് പ്ലസ് വണ്‍ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവം; അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി

കാസർഗോഡ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗിങ്ങിന് ഇരയാക്കിയ കേസില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു.കണ്ണൂർ ആർ.ഡി.ഡിക്കാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദ്ദേശം നൽകിയത്.
കാസർകോട് കുമ്പളയിൽ അംഗടിമുഗർ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായതായി പരാതി നൽകിയത്. ചൊവ്വാഴ്ച വൈകിട്ടോടെ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാൻ ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴാണ് സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തത്. മാത്രമല്ല ബസ് സ്റ്റോപ്പിൽ തടഞ്ഞുവെച്ച് പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്യുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സ്‌കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് റാഗ് ചെയ്യുകയായിരുന്നു. വിദ്യാർത്ഥിയെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടാണ് പ്രശനം പരിഹരിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാവിൻ്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.
ആൾക്കൂട്ടത്തിനിടയിൽ തടഞ്ഞുവച്ച് സാങ്കൽപ്പികമായി മോട്ടർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെട്ടായിരുന്നു റാഗിങ്. പക്ഷേ കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടർന്ന് ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നിലവിൽ റാഗ് ചെയ്ത വിദ്യാർഥികൾക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടൻ നടപടിയുണ്ടാകും.
https://www.facebook.com/Malayalivartha

























