പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ട്; പോലീസിന്റെ കയ്യിൽ ഇതിന് തെളിവ് ഉണ്ട്; വിചാരണ കോടതി മാറ്റണം ; ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അതിജീവിത സുപ്രീം കോടതിയിലേക്ക്

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായകമായ നീക്കങ്ങൾ നടക്കുകയാണ്. അതിജീവിത രണ്ടും കൽപ്പിച്ച് സുപ്രീം കോടതിയിലേക്ക് നീങ്ങിയിരിക്കുകയാണ്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് നടി സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ആരോപിച്ചിരിക്കുകയാണ്. പോലീസിന്റെ കയ്യിൽ ഇതിന് തെളിവ് ഉണ്ടെന്നും നടി ആരോപണം ഉന്നയിച്ചു .
പ്രോസിക്യൂഷനോട് ജഡ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത ആരോപിച്ചു. വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് അതിജീവിത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ മാറ്റം സംബന്ധിച്ച ഹർജിയിൽ ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു.
ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു ഹൈക്കോടതിയിൽ അതിജീവിത ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി അതിജീവിതയുടെ ആവശ്യം കോടതി തള്ളി.രൂക്ഷ വിമർശനമുന്നയിച്ച് കൊണ്ടാണ് ഹൈക്കോടതി ഹർജി തള്ളിയത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം.
കേസിനെ കുറിച്ച് മാസങ്ങളോളം ചാനലുകൾ ചർച്ച നടത്തി തെറ്റായ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. കോടതിയുടെ വസ്തുതകളും നിയമവശങ്ങളും അറിയാതെയാണ് മാധ്യമ വിചാരണകളെന്നും കോടതി കുറ്റപ്പെടുത്തി. ബാഹ്യ വിചാരണകൾ ഇല്ലാതെ ജുഡീഷ്യറികളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി ജഡ്ജ് സിയാദ് റഹ്മാൻ പറഞ്ഞിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന ഉറച്ച ആവശ്യത്തിലാണ് അതിജീവിതയും അവരെ പിന്തുണയ്ക്കുന്നവരും. ഗുരുതരമായ പല ആരോപണങ്ങളും അതിജീവിത വിചാരണ കോടതിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. കേസിലെ നിർണായകമായ തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ പോലും വിചാരണ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയാണ് നടിയെ അനുകൂലിക്കുന്നവർ ചോദ്യം ചെയ്യുന്നത്.നാലാഴ്ചകക്കം വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha

























