അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍; എന്‍ ഐ എയ്ക്ക് കൈമാറിയത് കേരള പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സത്താര്‍ റിമാന്‍ഡില്‍. കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയ പി എഫ് ഐ നേതാവിനെ ഒക്ടോബര്‍ 20 വരെ റിമാന്‍ഡില്‍ വിടുകയായിരുന്നു. തുടര്‍ന്ന് അബ്ദുള്‍ സത്താറിനെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ നിന്ന് കേരള പൊലീസ് പിടികൂടിയ സത്താറിനെ എന്‍ ഐ എയ്ക്ക് കൈമാറിയിരുന്നു.
എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസുകളിലും ഹര്‍ത്താല്‍ ആക്രമണത്തില്‍ കേരള പൊലീസ് ചുമത്തിയ കേസുകളിലും പ്രതിയാണ് അബ്ദുള്‍ സത്താര്‍. എന്‍ ഐ എയുടെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. അബ്ദുള്‍ സത്താറിനെ ചോദ്യം ചെയ്യലിനായി വിട്ട്കിട്ടാന്‍ എന്‍ ഐ എ വെള്ളിയാഴ്ച കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും
അതേ സമയം നിരോധിത സംഘടന ആയ പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടയില്‍ ഉണ്ടായ എല്ലാ ആക്രമണ സംഭവത്തിലും അബ്ദുള്‍ സത്താറിനെ പ്രതിയാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഹര്‍ത്താല്‍ മുഖേന സര്‍ക്കാരിനുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്ത പക്ഷം സ്വത്തുവകകള്‍ അടക്കം കണ്ടുകെട്ടി നഷ്ടം നികത്തുമെന്നും കോടതി അറിയിച്ചിരുന്നു. കെ എസ് ആര്‍ ടി സിയും സര്‍ക്കാരും ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയായ അഞ്ച് കോടി 20 ലക്ഷം രൂപ പോപ്പുലര്‍ ഫ്രണ്ടും അബ്ദുള്‍ സത്താറും അടങ്ങുന്ന പ്രതിഭാഗം രണ്ടാഴച്ചയ്ക്കകം കെട്ടിവെയ്ക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
https://www.facebook.com/Malayalivartha

























