രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂര്‍ത്തിയാക്കി; കേരളത്തിലൂടെ സഞ്ചരിച്ചത് 425 കിലോമീറ്റര്‍

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരള പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ നാടുകാണിയിലെത്തി. കേരള അതിര്‍ത്തിയായ വഴിക്കടവിനടുത്തുള്ള മണിമുളിയിലാണ് സമാപന ചടങ്ങ് നടന്നത്. രാവിലെ ചുങ്കത്തറയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. അതിരാവിലെ ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടി. ജാഥ കേരളത്തിലൂടെ 425 കിലോമീറ്റര്‍ സഞ്ചരിച്ചു.
കേരളത്തിലെ പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആവേശകരമായിരുന്നു ഈ പര്യടനം. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ നേതാക്കളും കേരള അതിര്‍ത്തിയില്‍ യാത്രയയപ്പ് നല്‍കാന്‍ എത്തിയിരുന്നു. നാടുകാണിയില്‍ നിന്ന് ഗൂഡല്ലൂരിലേക്കുള്ള യാത്ര പൂര്‍ത്തിയാക്കിയ ശേഷം നാളെ യാത്ര കര്‍ണാടകയില്‍ പ്രവേശിക്കും.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3571 കിലോമീറ്റര്‍ ദൂരം രാഹുല്‍ ഗാന്ധി സഞ്ചരിക്കും. ആറു മാസത്തിനുള്ളില്‍ പദയാത്ര പൂര്‍ത്തിയാകും. എ.ഐ.സി.സി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പും യാത്രയ്ക്കിടെ നടക്കും.അതേസമയം ഗുണ്ടല്‍പേട്ട് പരിസരത്ത് പോസ്റ്ററുകള്‍ വലിച്ചുകീറിയ നിലയില്‍ കണ്ടെത്തി.
നാല്പതിലധികം പോസ്റ്ററുകളാണ് കീറിയ നിലയില്‍ കണ്ടെത്തിയത്. രാഹുലിന്റേതിന് പുറമേ മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകളും വലിച്ചുകീറിയ നിലയിലാണ്. ഇതിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ഗുണ്ടല്‍ പേട്ടില്‍ ഹൈവേ കടന്നുപോകുന്ന ഇടങ്ങളിലെ പോസ്റ്ററുകളാണ് കീറിയതായി കണ്ടെത്തിയത്. കര്‍ണാടകത്തില്‍ ഭരണത്തിലുള്ളത് ബിജെപി ആയതുകൊണ്ടു തന്നെ ജോഡോ യാത്ര കോണ്‍ഗ്രസിന് നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha

























