ഹർത്താലിൽ അഴിഞ്ഞാടിയ PFIക്കാരെ കുടുക്കി ഹൈക്കോടതി നീക്കം.... ഈ ചതി വേണ്ടായിരുന്നു! ജയിൽ ഇടിഞ്ഞാലും ഒരുത്തനും പുറത്ത് വരില്ല

കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത അക്രമ ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി രംഗത്ത് വന്നിരിക്കുകയാണ്. ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങളുടെ പേരിൽ കെഎസ്ആർടിസിയും സർക്കാരും ആവശ്യപ്പെട്ട നഷ്ട പരിഹാരമായ 5 കോടി 20 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ കോടതികളിൽ ഹർ്ത്താലുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളിൽ പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിനെ പ്രതി ചേർക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർത്താലിലും ബന്ദിലും ജനങ്ങൾക്കു ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.
എതിർകക്ഷികളായ പോപ്പുലർ ഫ്രണ്ടും പിഎഫ്ഐ സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറുമാണ് ഈ തുക കെട്ടിവയ്ക്കേണ്ടത്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവയ്ക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. തുക കെട്ടി വച്ചില്ലെങ്കിൽ റവന്യൂ റിക്കവറി ആക്ട് അനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
അർഹരായവർക്ക് പണം നൽകാൻ ക്ലെയിംസ് കമ്മീഷണറേയും ഹൈക്കോടതി നിശ്ചയിച്ചു. അഡ്വ. പി.ഡി.ശാർങധരൻ ആണ് ക്ലെയിംസ് കമ്മീഷണർ. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മുൻപാകെയാണ് തുക കെട്ടി വയ്ക്കേണ്ടത്. ഇങ്ങനെ കെട്ടിവയ്ക്കുന്ന തുക ക്ലെയിംസ് കമ്മീഷണർ മുഖേന വിതരണം ചെയ്യും.
സർക്കാരും കെഎസ്ആർടിസിയും നൽകിയ കണക്ക് പ്രകാരമാണ് കോടതി തുക നിശ്ചയിച്ചത്. നഷ്ടം ഇതിലധികമാണെങ്കിൽ ആ തുകയും ക്ലെയിംസ് കമ്മീഷണർക്ക് മുമ്പാകെ കെട്ടിവയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ തുക കെട്ടി വച്ചില്ലെങ്കിൽ സംഘടനയുടെ സ്വത്തുക്കൾക്കും സെക്രട്ടറി ഉൾപ്പെടെ ഭാരവാഹികളുടെ സ്വത്തുക്കൾക്കും എതിരെ ആഭ്യന്തര വകുപ്പ് റവന്യൂ റിക്കവറി നടപടിയെടുക്കണം. ഈ തുക പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും അക്രമത്തിൽ നാശമനഷ്ടമുണ്ടായവരുടെ ക്ലെയിം തീർപ്പാക്കാൻ ഉപയോഗിക്കുകയും ചെയ്യണം.
നഷ്ടപരിഹാരത്തുക കെട്ടിവച്ചേ ജാമ്യം നൽകാവൂ എന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഇക്കാര്യത്തിൽ എല്ലാ മജിസ്ട്രേട്ട് കോടതികൾക്കും ഹൈക്കോടതി നിർദേശം നൽകി. ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. മിന്നൽ ഹർത്താലിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്.
നഷ്ടപരിഹാരം ഈടാക്കാൻ സർക്കാരിനു കോടതി നിർദേശം നൽകണം എന്നായിരുന്നു ആവശ്യം. കെഎസ്ആർടിസിയുടെ നഷ്ടവും വരുമാന നഷ്ടവും അക്രമികളിൽ നിന്ന് ഈടാക്കണമെന്നും വിശദമായ റിപ്പോർട്ടു നൽകണമെന്നും ഹൈക്കോടതി നേരത്തെ സർക്കാരിനു നിർദേശം നൽകിയിരുന്നു. 58 ബസുകൾ തകർത്തെന്നും പത്തു ജീവനക്കാർക്കു പരുക്കേറ്റെന്നുമാണ് കെഎസ്ആർടിസി കോടതിയെ അറിയിച്ചിരിക്കുന്നത്.
കേസ് പരിഗണിക്കവേ, പിഎഫ്ഐ ഹർത്താലുമായി ബന്ധപ്പെട്ട ആക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 487കേസുകൾ രജിസ്റ്റർ ചെയ്തുവെന്ന് സർക്കാർ അറിയിച്ചു. 1,992 പേരെ അറസ്റ്റ് ചെയ്തു. 687 പേരെ കരുതൽ കസ്റ്റഡിയിലെടുത്തുവെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു.
അതിനിടെ രാജ്യത്ത് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലും നടപടി ആരംഭിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പിഎഫ്ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. പിഎഫ്ഐയുടെ ചെയർമാൻ എഎംഎ സലാമിന്റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
അതേസമയം, പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷ തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നിരീക്ഷണം തുടരും. ആസ്തികൾ കണ്ടുകെട്ടുന്നതും ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നതും പലയിടങ്ങളിലും നടക്കുകയാണ്. സംഘടനയിലെ നേതാക്കളെയും അനുകൂലിക്കുന്നവരെയും നിരീക്ഷിക്കാനും കേന്ദ്രം പ്രത്യേക നിർദേശം നൽകിയിരുന്നു.
അതേസമയം, പത്തനംതിട്ടയിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. കോന്നി കുമ്മണ്ണൂരിൽ മൂന്നിടത്താണ് പൊലീസ് പരിശോധന നടത്തുന്നത്. പിഎഫ്ഐ നേതാക്കളായ മുഹമ്മദ് ഷാൻ, അജ്മൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. ഹർത്താൽ ദിനത്തിലെ അക്രമ കേസിൽ പ്രതികളാണിവർ.
https://www.facebook.com/Malayalivartha

























