കാട്ടാക്കട കെ എസ് ആര്‍ റ്റി സി ബസ് സ്റ്റേഷനില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച കേസ് ...കാട്ടാക്കട ഡി വൈ എസ് പി റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കി, വാദം പൂര്‍ത്തിയായി ഇന്ന് വിധി പറയും

കാട്ടാക്കട കെ എസ് ആര്‍ റ്റി സി ബസ് സ്റ്റേഷനില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാനെത്തിയ മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ കാട്ടാക്കട ഡി വൈ എസ് പി റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും ഹാജരാക്കി.ഇരു ഭാഗത്തിന്റെയും വാദം പൂര്‍ത്തിയായി.
തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.വിഷ്ണു മുമ്പാകെയാണ് പ്രതികള്‍ വാദമുഖങ്ങള്‍ ബോധിപ്പിച്ചത്. 30 ന് (ഇന്ന്)വിധി പറയും. വാദവേളയില്‍ ഒരു ഘട്ടത്തില്‍ വാദിക്ക് നോട്ടീസക്കട്ടേയന്ന് ജഡ്ജി കെ. വിഷ്ണു ചോദിച്ചു.
ആവശ്യമില്ലെന്ന് പ്രതികള്‍ ബോധിപ്പിച്ചു. ദൃശ്യങ്ങളില്‍ കാണുന്ന പ്രതികളുടെ ശബ്ദരേഖ പരിശോധിക്കാന്‍ പ്രതികളെ (വോയ്‌സ് അനാലിസിസ് ടെസ്റ്റ് ) ശബ്ദ പരിശോധനക്ക് വിധേയമാക്കാന്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.അതേ സമയം മറ്റാവശ്യങ്ങള്‍ക്ക് കസ്റ്റഡി ആവശ്യപ്പെടാത്തതിനാല്‍ ദുര്‍ബല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ആരോപമുണ്ട്.
ജാമ്യം ലഭിക്കുന്ന എഫ് ഐ ആറിലില്ലാത്ത ജാമ്യമില്ലാ വകുപ്പുകളായ 354 ( സ്ത്രീയും മാനത്തെ അധിക്ഷേപിക്കുന്ന കൈയ്യേറ്റ ബലപ്രയോഗം) , എസ് സി എസ് റ്റി (ഗിരി ജനപീഡനം) എന്നിവ തങ്ങള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ അഡീ. റിപ്പോര്‍ട്ട് നല്‍കിയതാണെന്ന് പ്രതികള്‍ 5 പേരും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ജില്ലാ കോടതിയില്‍ ബോധിപ്പിച്ചു. പഞ്ചായത്ത് ഓഫീസ് ജീവനക്കാരനായ പ്രേമനന്റെ പ്രഥമ വിവരമൊഴിയില്‍ വകുപ്പ് 354 ആകര്‍ഷിക്കുന്ന പ്രതികള്‍ പരസ്യമായി ചെയ്ത യാതൊരു കുത്യങ്ങളെക്കുറിച്ചും പരാമര്‍ശമില്ല. വാര്‍ത്താ മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ പുനര്‍ ചിന്തനത്തിലൂടെ പോലീസ് 354 കളവായി ചേര്‍ത്തതാണ്. തങ്ങള്‍ കെ എസ് ആര്‍റ്റിസി ജീവനക്കാരാണ്.
കെ എസ് ആര്‍റ്റിസി ജീവനക്കാര്‍ കുറ്റക്കാരാണെന്ന് കാണിക്കാന്‍ പ്രേമനന്‍ ആസൂത്രണം ചെയ്ത് കൂടെക്കൊണ്ടു വന്ന ആളെക്കൊണ്ട് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി ഉടനടി മാധ്യമങ്ങള്‍ക്ക് അയച്ചതാണ്.
പോലീസ് തങ്ങളെ ഏത് നിമിഷവും അറസ്റ്റ് ചെയ്ത് മാനസിക, ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിക്കുമെന്ന് തങ്ങള്‍ ഭയപ്പെടുന്നതായും പ്രതികള്‍ ബോധിപ്പിച്ചു. കോടതി കല്‍പ്പിക്കുന്ന ഏതു വ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നും പ്രതികള്‍ ബോധിപ്പിച്ചു. അതേ സമയം മകളുടെ മുന്നിലിട്ടാണോ പിതാവിനെ മര്‍ദ്ദിക്കുന്നത് എന്ന് ചോദിച്ച് സംഭവം കണ്ട ഒരു കണ്ടക്ടറാണ് ഇക്കാര്യം പരസ്യമായി ചോദ്യം ചെയ്ത് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവം വൈറലായതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഈ കണ്ടക്ടറെ ഭീഷണിപ്പെടുത്തി ഉടന്‍ സ്ഥലം മാറ്റുകയും ചെയ്തു.
സ്റ്റേഷന്‍ മാസ്റ്ററടക്കം 5 പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍ കൂര്‍ ജാമ്യ ഹര്‍ജിയില്‍ സെപ്റ്റംബര്‍ 28 ന് സര്‍ക്കാര്‍ നിലപാടറിയിക്കാനും കാട്ടാക്കട ഡി വൈ എസ് പി റിപ്പോര്‍ട്ട് ഹാജരാക്കാനും പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍ ഉത്തരവിട്ടിരുന്നു. ജാമ്യഹര്‍ജിയില്‍ വാദം കേട്ട് തീര്‍പ്പു കല്‍പ്പിക്കുന്നതിനായി പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ആറാം അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് മെയ്ഡ് ഓവര്‍ ചെയ്യുകയായിരുന്നു.
സെപ്റ്റംബര്‍ 23 നാണ് പ്രതികള്‍ രഹസ്യമായി മുന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചത്. ഇതു വരെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അതേ സമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പ്രതികളുടെ അറസ്റ്റ് വിലക്കിക്കൊണ്ടുള്ള ഇടക്കാല ജാമ്യ ഉത്തരവ് കോടതി നല്‍കാത്തതിനാല്‍ ഏതു നിമിഷവും പോലീസിന് അറസ്റ്റ് ചെയ്യാമെന്നിരിക്കെ യൂണിയന്‍ നേതാക്കളായ പ്രതികളുടെ ഉന്നത സ്വാധീനത്താല്‍ പോലീസ് അറസ്റ്റ് ചെയ്യാതെ നിഷ്‌ക്രിയത്വം പാലിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ആദ്യം സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പിട്ടാണ് കാട്ടാക്കട പോലീസ് സ്റ്റേഷനില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കെ എസ് ആര്‍റ്റിസി കേസ് ചുമതല വഹിക്കുന്ന ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പോള്‍ പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ , സ്ത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്ന കൈയ്യേറ്റ ബലപ്രയോഗം എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കോടതിയില്‍ പോലീസ് അഡീ. റിപ്പോര്‍ട്ട് ഹാജരാക്കുകയായിരുന്നു.
സിഐടിയു ഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍ കുമാര്‍, ഐഎന്‍ടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്റ് സി.പിയുമായ മിലന്‍ ഡോറിച്ച് , മെക്കാനിക്ക് എസ്. അജികുമാര്‍ എന്നീ 5 പ്രതികളാണ് മുന്‍കൂര്‍ ജാമ്യം തേടിയത്. തങ്ങള്‍ നിരപരാധികളും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലാത്തതുമാണ്. കോടതി നിഷ്‌ക്കര്‍ശിക്കുന്ന ഏത് ജാമ്യവ്യവസ്ഥയും പാലിക്കാന്‍ തയ്യാറാണ്. അറസ്റ്റും റിമാന്റും തങ്ങളുടെ ജോലിയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ തങ്ങളെ ജാമ്യത്തില്‍ വിട്ടയക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതി നിര്‍ദ്ദേശം കൊടുക്കണമെന്നാണ് ഹര്‍ജിയില്‍ പ്രതികളുടെ ആവശ്യം.
ജാമ്യമില്ലാ വകുപ്പ് ആയ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 , പട്ടികവര്‍ഗ്ഗ ഗിരിജന പീഡനം എന്നീ വകുപ്പുകള്‍ ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് തെരച്ചില്‍ നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. മാധ്യമങ്ങളുടെയും ജനശ്രദ്ധയും തിരിച്ചു വിടാന്‍ പോലീസ് ഒത്താശയോടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചതെന്നും ആരോപണമുണ്ട്.
അതേസമയം 4 പ്രതികളെ ആദ്യം സസ്‌പെന്റ് ചെയ്‌തെങ്കിലും ആക്രമണ ദൃശ്യങ്ങളില്‍ കണ്ട മെക്കാനിക് അജികുമാറിനെതിരെ അച്ചടക്ക നടപടി ഉണ്ടായിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം അജികുമാറിന തിരിച്ചറിഞ്ഞു. ഇയാള്‍ക്കെതിരെ നടപടി ഇല്ലാത്തതില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രി കെഎസ്ആര്‍ടിസി വിജിലന്‍സ് സംഘം വീട്ടില്‍ ചെന്ന് മര്‍ദ്ദനമേറ്റ പ്രേമനന്റെയും മകളുടെയും ഒപ്പമുണ്ടായിരുന്ന മകളുടെ കൂട്ടുകാരിയുടെയും മൊഴി രേഖപ്പെടുത്തി. ആഭ്യന്തര അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് മാനേജ്‌മെന്റിന്റെ ആലോചന.
സംഭവം ഹൈക്കോടതി പരിഗണിച്ചതോടെയാണ് കേസ് ഫയലിന് അനക്കം വെച്ചത്. മര്‍ദ്ദനത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചിരുന്നു. കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകറിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടിയ്ക്ക് കൈമാറിയിട്ടുണ്ട്. . കാട്ടക്കട സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയെന്നാണ് എംഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേസിനാസ്പദമായ സംഭവം ഇങ്ങനെ:
മകള്‍ രേഷ്മയ്ക്കും മകളുടെ കൂട്ടുകാരിക്കുമൊപ്പം കണ്‍സഷന്‍ കാര്‍ഡ് പുതുക്കാന്‍ എത്തിയതായിരുന്നു ആമച്ചല്‍ സ്വദേശിയും പൂവച്ചല്‍ പഞ്ചായത്ത് ക്ലാര്‍ക്കുമായ പ്രേമനന്‍. പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടു. മൂന്ന് മാസം മുമ്പ് കാര്‍ഡ് എടുത്തപ്പോള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നും പുതുക്കാന്‍ ആവശ്യമില്ലെന്നും പ്രേമനന്‍ മറുപടി നല്‍കിയതോടെ വാക്കേറ്റമായി. വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപെടാത്തതെന്ന് പ്രേമനന്‍ പറഞ്ഞതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ജീവനക്കാര്‍ ചേര്‍ന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ട് മര്‍ദ്ദിച്ചത്.
അച്ഛനെ വെറുതേ വിടണമെന്ന് രേഷ്മയും സംഭവസ്ഥലത്തുണ്ടായിരുന്നവരും കരഞ്ഞപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു അതിക്രമം. തടയാനെത്തിയപ്പോള്‍ രേഷ്മയെ തള്ളിമാറ്റി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി രേഷ്മയും സുഹൃത്തും പരാതി നല്‍കിയതിന് പിന്നാലെ പൊലീസെത്തിയാണ് പ്രേമനനെ തടങ്കലില്‍ നിന്ന് ജീവനക്കാര്‍ മോചിപ്പിച്ചത്. ആക്രമണത്തില്‍ കോണ്‍ക്രീറ്റ് ഇരിപ്പിടത്തില്‍ ഇടിച്ച് പ്രേമനന് പരിക്കേറ്റു. പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പരീക്ഷയെഴുതാന്‍ പോയ മകള്‍ക്ക് സംഭവത്തിന്റെ മാനസിക വേദനയില്‍ പരീക്ഷ നല്ലവണ്ണം എഴുതാന്‍ സാധിക്കാതെ പിതാവിനെ കാണാന്‍ ആശുപത്രിയിലെത്തുകയായിരുന്നു.
സംഭവത്തില്‍ 4 ജീവനക്കാരായ സിഐടിയുഭാരവാഹികളായ ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്.ആര്‍,സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍.അനില്‍ കുമാര്‍, ഐഎന്‍ടിയുസി പ്രവര്‍ത്തകനും അസിസ്റ്റന്റ് സി.പിയുമായ മിലന്‍ ഡോറിച്ച് എന്നിവരെ
അന്വേഷണവിധേയരായി സസ്‌പെന്‍ഡ് ചെയ്തു. 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി വകുപ്പ് തല നടപടിയെടുക്കാനാണ് ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം.
"
https://www.facebook.com/Malayalivartha

























