രണ്ടാഴ്ചയ്ക്കുള്ളിൽ 5.20 കോടിരൂപ പോപ്പുലർ ഫ്രണ്ട് സർക്കാരിൽ അടയ്ക്കണം; മിന്നൽഹർത്താൽ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നുംചെയ്തില്ലെന്ന് ഹൈക്കോടതി

സെപ്റ്റംബർ 23-ലെ മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ 5.20 കോടിരൂപ പോപ്പുലർ ഫ്രണ്ട് സർക്കാരിൽ അടയ്ക്കണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. ഹർത്താലിനോടനുബന്ധിച്ച് തന്നെ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കേസുകളിലെല്ലാം ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതിയാക്കണം. മിന്നൽഹർത്താൽ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും പ്രകടനങ്ങളും അക്രമങ്ങളും തടയാൻ കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ സർക്കാർ ഒന്നുംചെയ്തില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തുകയുണ്ടായി.
അതോടൊപ്പം തന്നെ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർത്താൽദിനം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചിരിക്കുന്നത്. പിഴത്തുക ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് നിർദേശം നൽകിയിരിക്കുന്നത്. സർക്കാരിനും കെ.എസ്.ആർ.ടി.സി.ക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്.
കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ തുകയടച്ചില്ലെങ്കിൽ ജനറൽ സെക്രട്ടറിയടക്കമുള്ള ഭാരവാഹികളുടെ പേരിലുള്ള സ്വത്തിൽനിന്നടക്കം തുകയീടാക്കാനായി റവന്യൂ റിക്കവറി നടപടികൾ സ്വീകരിക്കേണ്ടതാണ്.
* 5.20 കോടിരൂപ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിച്ച് ക്ലെയിംസ് കമ്മിഷണർ വഴി നഷ്ടം സംഭവിച്ചവർക്കായി വിതരണംചെയ്യണം. ക്ലെയിംസ് കമ്മിഷണർ കൂടുതൽതുക നൽകണമെന്ന് ഉത്തരവിട്ടാൽ അതും സംഘടനയിൽനിന്ന് ഈടാക്കണം.
*അറസ്റ്റിലായവരുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ അവരുണ്ടാക്കിയ നാശനഷ്ടത്തിന്റെ തുക കെട്ടിവെക്കാൻ നിർദേശിക്കണം
*ഹർത്താൽദിനത്തിലുണ്ടാകുന്ന നാശനഷ്ടത്തിന്റെ തോത് നിശ്ചയിക്കാനായി ഹൈക്കോടതി മുമ്പുനിയമിച്ച ക്ലെയിംസ് കമ്മിഷണർക്ക് ഓഫീസ് അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരെയും മൂന്നാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കണം.
ഉത്തരവിൽ സർക്കാർ സ്വീകരിച്ച നടപടികൾ അറിയിക്കാനായി ഹർജി 17-ന് വീണ്ടും പരിഗണിക്കുന്നതാണ്.
https://www.facebook.com/Malayalivartha

























