അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു... ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യത്തിന്‍റെ ശബ്ദവും മുഖവും അറ്റ്ലസ് ജുവലറി ഉടമയുമായ അറ്റ്ലസ് രാമചന്ദ്രന്‍ അന്തരിച്ചു; കോടികളുടെ സാമ്പ്രാജ്യം കെട്ടി പടുത്തിട്ടും അവസാനം ജയിലില്‍ കിടന്നു; തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

അറ്റ്ലസ് രാമചന്ദ്രന്‍ വിട പറയുമ്പോള്‍ വലിയൊരു ജീവിതമാണ് ഇല്ലാതാകുന്നത്. പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ അന്ത്യം പ്രവാസികള്‍ക്ക് വേദനയാണ്. എണ്‍പത് വയസായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്. വൈശാലി വസ്തുഹാര സുകൃതം തുടങ്ങിയ സിനിമകള്‍ നിര്‍മിച്ചു. അറബിക്കഥ ഉള്‍പ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്.
മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല.തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍.
നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്‍റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടെ അദ്ദേഹത്തിന്‍റെ മോചനത്തിനായി പരിശ്രമിച്ചിരുന്നു.
കാനറാ ബാങ്ക് ജീവനക്കാരനായാണ് അറ്റ്ലസ് രാമചന്ദ്രന്‍ കരിയര്‍ ആരംഭിച്ചത്.1974 മാര്‍ച്ചിലാണ് അദ്ദേഹം കുവൈത്തിലേക്ക് പോവുന്നത്. കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് കുവൈത്തിലെ ജോലിക്കിടയിലാണ് ജ്വല്ലറി ബിസിനസിലേക്ക് തിരിഞ്ഞത്. 1981 ഡിസംബറിലാണ് അറ്റ്ലസ് രാമചന്ദ്രന്‍ ആദ്യത്തെ ജ്വല്ലറി തുടങ്ങിയത്. മൂന്ന് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 48 ശാഖകള്‍ ഉണ്ടായിരുന്നു.
പ്രവാസികള്‍ക്കിടയിലെ മികച്ച സാംസ്കാരിക പ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം. ഗള്‍ഫ് മേഖലയിലെ നിരവധി കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. ഹെല്‍ത്ത് കെയര്‍ രംഗത്തും റിയല്‍ എസ്റ്റേറ്റ് രംഗത്തും അദ്ദേഹം പ്രവര്‍ത്തിച്ചു. അറ്റ്ലസ് ഹെല്‍ത്ത് കെയര്‍ ആശുപത്രി നിരവധി മലയാളികള്‍ക്ക് സഹായകരമായിരുന്നു.
വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്താമെന്ന കണക്കുകൂട്ടലുകളുമായി ജീവിച്ചുപോന്ന ആ പ്രവാസി വ്യവസായി ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് മങ്കൂളിലെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്. വൈശാലി ഉള്‍പ്പെടെ ഒട്ടേറെ മികച്ച സിനിമകളുടെ നിര്‍മ്മാതാവായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍.
ഗള്‍ഫ് നാടുകളിലെ പ്രശസ്തമായ അറ്റ്ലസ് ജ്യുവലറിയുടെ മാനേജിങ് ഡയറക്ടറായിരുന്ന രാമചന്ദ്രന്‍ പിന്നീട് അറ്റ്ലസ് രാമചന്ദ്രനായി മാറിയത് അദ്ദേഹത്തിന്‍റെ വ്യാപാര വിജയത്തെ തുടര്‍ന്നായിരുന്നു. സിനിമാ നിര്‍മ്മാതാവ്, നടന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ച അദ്ദേഹത്തിന് ബിസിനസ്സില്‍ വന്ന പിഴവുകളെ തുടര്‍ന്ന് 2015 ഓഗസ്റ്റിലാണ് ജയിലിലാവുന്നത്. രണ്ടേമുക്കാല്‍ വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായെങ്കിലും കോടികളുടെ കടബാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യയിലേക്ക് വരാനായില്ല.
തന്‍റെ അററ്ലസ് വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീടുള്ള കാലമത്രയും അദ്ദേഹം. പക്ഷെ നല്ല പങ്കാളികളെ കിട്ടാത്തതിനാല്‍ ആ ശ്രമം വിജയം കണ്ടില്ല. പ്രശ്നങ്ങളെല്ലാം തീര്‍ത്ത് എന്നെങ്കിലും തന്‍റെ സ്വന്തം തൃശൂരിലേക്ക് മടങ്ങണമെന്ന മോഹം ബാക്കിയാക്കിയാണ് അദ്ദേഹത്തിന്‍റെ വിയോഗം.
"
https://www.facebook.com/Malayalivartha


























