അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയില്‍ നിന്ന്; തലശ്ശേരി ടൗൺ ഹാളിൽ പ്രിയപ്പെട്ട സഹോദരൻ കോടിയേരി ബാലകൃഷ്ണനെ ഒറ്റയ്ക്ക് വിട്ട് പിണറായിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി അനുഭവിച്ച ഒറ്റപ്പെടൽ പിണറായിയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടും.... ടൗൺ ഹാളിൽ പാർട്ടി സഖാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരിക്കുമ്പോൾ പിണറായിയുടെ മനസ് മന്ത്രിച്ചു! ഇനി താൻ ഒറ്റയ്ക്കാണ്.... പാർട്ടിയിലും ജീവിതത്തിലും!

തലശ്ശേരി ടൗൺ ഹാളിൽ പ്രിയപ്പെട്ട സഹോദരൻ കോടിയേരി ബാലകൃഷ്ണനെ ഒറ്റയ്ക്ക് വിട്ട് പിണറായിയിലെ വീട്ടിലേക്ക് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി അനുഭവിച്ച ഒറ്റപ്പെടൽ പിണറായിയുടെ ഭാവിയിലേക്ക് വിരൽ ചൂണ്ടും. ഇന്നോളം പിണറായി ഇത്രയധികം മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടില്ല. ടൗൺ ഹാളിൽ പാർട്ടി സഖാക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമിരിക്കുമ്പോൾ പിണറായിയുടെ മനസ് മന്ത്രിച്ചു . ഇനി താൻ ഒറ്റയ്ക്കാണ്. പാർട്ടിയിലും ജീവിതത്തിലും.
പാര്‍ട്ടിയില്‍ എന്നും പിണറായിയുടെ പിന്‍ഗാമിയായിരുന്നു കോടിയേരി. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ പലതും കോടിയേരി ഏറ്റെടുത്തത് പിണറായിയില്‍ നിന്നാണ്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പദം മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുളള സ്ഥാനങ്ങളില്‍ ഈ തുടര്‍ച്ച കാണാം. വിഭാഗീയത പിടിമുറുക്കിയ ഘട്ടങ്ങളിലാകട്ടെ വിഎസിനും പിണറായിക്കും മധ്യേ അനുരഞ്ജനത്തിന്‍റെ പാലമായും കോടിയേരി നിന്നു.
വി.എസും പിണറായിയും തമ്മിൽ അടുക്കാനാവാതെ അകന്നപ്പോഴൊക്കെ ഇരുവർക്കുമിടയിലെ പാലമായിരുന്നു കോടിയേരി. ദേഷ്യം വന്ന് പിണറായി തറ തല്ലി പൊളിക്കുമ്പോൾ കോടിയേരി ശാന്തമായ ഒരു സമുദ്രം പോലെ നിലകൊണ്ടു. എന്നും പിണറായിയെ വിളിക്കും. തൻ്റെ മനസിലുള്ളതെല്ലാം കോടിയേരി പറയുമെങ്കിലും അതെല്ലാം പിണറായിയുടെ പക്ഷത്ത് നന്നായിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു.എന്നും പിണറായിയോട് ആരാധനയായിരുന്നു കോടിയേരിക്ക്. പിണറായിയുടെ മനസ് നൊന്താൽ കോടിയേരിക്കും നോവും. അത്രമേൽ ഇഴയടുപ്പം ഇരുവർക്കുമിടയിലുണ്ടായിരുന്നു.
തൻെറ മരുമകന് പാരയാകുവെന്ന് അറിയുമായിരുന്നിട്ടും ഷംസീറിനെ സ്പീക്കറാക്കാൻ പിണറായി തീരുമാനിച്ചത് കോടിയേരി പറഞ്ഞതുകൊണ്ടു മാത്രമാണ്. അപ്പോളോയിലേക്ക് പോകുന്നതിന് മുമ്പുള്ള കോടിയേരിയുടെ ആഗ്രഹമായിരുന്നു അത്.ഷംസീറിന് ഒരു ബെറ്റർ പ്ലേസ്മെൻറ് എന്നും കോടിയേരി ആഗ്രഹിച്ചിരുന്നു. റിയാസിനെ മന്ത്രിയാക്കാൻ പിണറായി ആഗ്രഹിച്ചപ്പോൾ ഷംസീറിനെ കൂടി പരിഗണിക്കാമോ എന്ന് കോടിയേരി ചോദിച്ചു. എന്നാൽ പിന്നീട് പരിഗണിക്കാമെന്ന് പിണറായി പറഞ്ഞെങ്കിലും കോടിയേരി പിണങ്ങിയില്ല.ഷംസീറിനെ അദ്ദേഹം ആശ്വസിപ്പിച്ചു. കാത്തിരിക്കാൻ പറഞ്ഞു.
പിണറായിയും കോടിയേരിയും തമ്മിൽ 13 കിലോമീറ്റര്‍ മാത്രമേയുള്ളു. എന്നാല്‍ കേരളത്തിലെ സിപിഎം രാഷ്ട്രീയത്തില്‍ അകലമേതുമില്ലാത്ത ഇഴയടുപ്പവും തലപ്പൊക്കവും ഏറെയുളള രണ്ട് നേതാക്കളുടെ പേരു കൂടിയാണ് ഈ സ്ഥലനാമങ്ങള്‍. അണികളെ ആവേശത്തിലേറ്റുന്ന വാമൊഴി വഴക്കമുള്ള നേതാക്കളായിരുന്നു ഇവർ. കുറിക്കുകൊളളുന്ന പ്രയോഗങ്ങള്‍ ഇരുവർക്കും സ്വന്തമായിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന്‍റെ കണ്ണൂര്‍ ശൈലിയായിരുന്നു ഇരുവർക്കും സ്വന്തം . സിപിഎം അണികളില്‍ ഒരുപോലെ ആവേശവും ഊര്‍ജ്ജവും നിറച്ച നേതാക്കളായിരുന്നു ഇവർ.
പിണറായിയെപ്പോലെ കെഎസ്എഫിലൂടെയായിരുന്നു കോടിയേരിയുടെയും രാഷ്ട്രീയ രംഗപ്രവേശം. പിണറായി വിജയന്‍ കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തലശേരിയായിരുന്നു ഇരുവരുടെയും രാഷ്ട്രീയത്തിന്‍റെ ആദ്യ കളരി. ഏറെ സ്വാധീനിച്ചതാകട്ടെ 1971ലെ തലശേരി കലാപവും. കൂത്തുപറമ്പ് എംഎല്‍എയായ പിണറായി കലാപ ബാധിത മേഖലകളില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ സമാധാന ശ്രമങ്ങളുമായി കോടിയേരിയും ഒപ്പമുണ്ടായി. അടിയന്തരാവസ്ഥ കാലത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുവരും സഹ തടവുകാരുമായി.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി പദവികളിലും പിണറായിയുടെ തുടര്‍ച്ചയായിരുന്നു കോടിയേരി. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് 89ലാണ്പിണറായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഒരു വര്‍ഷത്തിന് ശേഷം 90ല്‍37ആം വയസില്‍ കോടിയേരി ജില്ലാ സെക്രട്ടറി പദവയിലെത്തി. ഒടുവില്‍ പിണറായി സ്ഥാനമൊഴിഞ്ഞതോടെ 2015ല്‍ സംസ്ഥാന സെക്രട്ടറി പദവിയിലും കോടിയേരി പിണറായിയുടെ തുടര്‍ച്ചക്കാരനായി.
പിണറായിയുടെ പിന്‍മുറക്കാരനെങ്കിലും സമീപനത്തിലോ ശൈലിയിലോ കോടിയേരിയില്‍ ഈ പൊരുത്തം കാണാനാകില്ല. വിമര്‍ശനമാണെങ്കില്‍ പോലും അത് സമചിത്തതയോടെ അവതരിപ്പിക്കുകയാണ് കോടിയേരിയുടെ ശൈലി. എത്ര സങ്കീര്‍ണമായ പ്രശ്നത്തെയും വികാരത്തിനടിപ്പെടാതെ അവതരിപ്പിക്കുന്നതില്‍ പിണറായിയേക്കാള്‍ സമര്‍ത്ഥന്‍ കോടിയേരിയാണ് . ബദല്‍രേഖ വിവാദത്തിന് പിന്നാലെ എംവി രാഘവനും കൂട്ടരും പുറത്തായപ്പോള്‍ ഇവരുമായി കോടിയേരി അടുത്ത ബന്ധം പുലര്‍ത്തി. ഇവരെ തിരികെയെത്തക്കാന്‍ ഏറെ ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.
ഒഞ്ചിയത്ത് ആര്‍എംപി കൊടി ഉയര്‍ത്തിയപ്പോഴും കോടിയേരി സമവായത്തിന്‍റെ സാധ്യതകള്‍ തേടി. വിമതരുമായി ചര്‍ച്ചയ്ക്ക് കോടിയേരി എടുത്ത താല്‍പര്യം പക്ഷേ പാര്‍ട്ടിയിലെ മറ്റാരും കാണിച്ചില്ല. വിഎസ് പിണറായി പോരില്‍ പിണറായിക്കൊപ്പം നിലയുറപ്പിച്ചപ്പോഴും കോടിയേരി വിഎസ് വിരുദ്ധ ചേരിയുടെ മുഖമായില്ല. പലപ്പോഴും വിഎസിനും പിണറായിക്കും മധ്യേയുളള പാലമായും കോടിയേരി നിന്നു.
വിഭാഗീയത കത്തി നിന്ന ഘട്ടത്തില്‍ അധികാരത്തിലെത്തിയ വിഎസ് സര്‍ക്കാരില്‍ പാര്‍ട്ടി നയം നടപ്പാക്കാനുളള ചുമതലക്കാരനും കോടിയേരിയായിരുന്നു. എന്നാല്‍ പിണറായി ഭരണത്തിന്‍ കീഴില്‍ പാര്‍ട്ടിയും സെക്രട്ടറിയും നിഴല്‍ മാത്രമായി മാറുന്നതായിരുന്നു അവസാന കാലത്തെ കാഴ്ച. കേന്ദ്രത്തിലെ മോദി - അമിത്‍ഷാ സൗഹൃദം പോലെയായിരുന്നു പിണറായിയും കോടിയേരിയും തമ്മിലുണ്ടായിരുന്ന ബന്ധം. ചോദ്യങ്ങളെയെല്ലാം തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നേരിടാന്‍ കോടിയേരിക്ക് കഴിഞ്ഞു.. ഏത് പ്രതിസന്ധി ഘട്ടത്തിലും പാര്‍ട്ടി നിലപാട് വിശദീകരിക്കാനും പാര്‍ട്ടിക്ക് കവചമൊരുക്കാനുമാനുളള കോടിയേരിയുടെ അനിതരസാധാരണമായ ആ കൈയടക്കം തന്നെയാകും വരും നാളുകളില്‍ പിണറായിക്കും പാര്‍ട്ടിക്കും ഏറ്റവുമധികം ശുന്യത സൃഷ്ടിക്കുക.
സ്വർണ്ണ കടത്ത് ആരോപണം വന്നപ്പോൾ കോടിയേരിയായിരുന്നു പിണറായിക്ക് താങ്ങ്. വേദനിക്കുന്ന നിമിഷങ്ങളിൽ സമാധാനിക്കാൻ കോടിയേരി മാത്രമാണുണ്ടായിരുന്നത്. വേണമെങ്കിൽ കോടിയേരിക്ക് അക്കാലത്ത് പിണറായിയെ അട്ടിമറിക്കാമായിരുന്നു. എന്നാൽ നേതാവിനെ അദ്ദേഹത്തിൻ്റെ ദുർബലാവസ്ഥയിൽ ബലികൊടുക്കാൻ കോടിയേരി തയ്യാറായില്ല. അതായിരുന്നു കോടിയേരിയുടെ വിശ്വസ്തത. പിണറായിയും കോടിയേരിയും രോഗാതുരരായപ്പോൾ ഇവരുടെ വിശ്വസ്തരായ അനുയായികൾ പോലും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.. ഇതിൽ ആദ്യത്തെ വെടി പൊട്ടിച്ചത് എം എം മണി എന്ന മണിയാശാനാണ്. പിണറായിക്കെതിരെയാണ് ആദ്യത്തെ വെടി.
ഇനി പിണറായിയുടെ കൊടികുറകൾ താഴും എന്ന് ഉറച്ച് വിശ്വസിക്കുന്നവരുടെ പുതിയ നീക്കങ്ങൾ എന്താണെന്നറിയാൻ പിണറായിക്ക് ആകാംക്ഷയുണ്ട്. ഇതിൽ ഭിക്ഷാംദേഹികൾ നിരവധിയുണ്ട്. പരിഭ്രാന്തരും ആർത്തി പണ്ടാരങ്ങളുമുണ്ട്. പിണറായിയുടെ ഗെറ്റപ്പിൽ വീണുപോയവരുമുണ്ട്. പിണറായി വിജയൻ്റെ അപ്രമാദിത്വം സഹിക്കാൻ കഴിയാതെ വീർപ്പുമുട്ടുന്നവരും നിരവധിയാണ്. തോമസ് ഐസക്കിനെ പോലുള്ളവർക്ക് കടിച്ചുകീറാൻ ദേഷ്യമുണ്ട്.ജി.സുധാകരനാകട്ടെ പിണറായിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്ന് മാത്രമേയുള്ളു.
ഐസക്കിനും സുധാകരനും കോടിയേരിയുടെ വീഴ്ച നൽകിയ സന്തോഷം ചെറുതല്ല. പിണറായിക്കൊപ്പം തങ്ങളെ വെട്ടാൻ നിന്നയാളാണ് കോടിയേരിയെന്ന് അവർക്കറിയാം.എം.എ.ബേബിയെ പോലുള്ള നേതാക്കളും പിണറായിയെ നോട്ടമിട്ടിട്ടുണ്ട്. ഇനി പണി കിട്ടുക പിണറായിക്കാണെന്ന് ചില സഖാക്കൾ അടക്കം പറയുന്നുണ്ട്. സാധാരണ പ്രവർത്തകർ മാത്രമാണ് കോടിയേരിയുടെ വിട പറയലിൽ വേദനിക്കുന്നത്. ബാക്കിയുള്ളവർ ഉള്ളിൻ്റെയുള്ളിൽ സന്തോഷിക്കും.
കോടിയേരി ഇല്ലാതാകുന്നതോടെ പിണറായിക്കുണ്ടായ രാഷ്ട്രീയ ശൂന്യത എറെ വലുതാണ്. ഇനി കരുത്തോടെ തൻ്റെ പിന്നിൽ അണിനിരക്കാൻ ആരുമില്ലെന്ന് പിണറായിക്കറിയാം. എം വി ഗോവിന്ദന് കോടിയേരിയെ പോലെ വിശ്വസ്തനാവാൻ കഴിയില്ല. പിണറായിയുടെ കാലം കഴിഞ്ഞാൽ കോടിയേരി പാർട്ടിയെ നയിക്കുെമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ഇനി അങ്ങനെയൊരാൾ ഇല്ലെന്നും പിണറായി തിരിച്ചറിഞ്ഞിരിക്കുന്നു. മാധ്യമങ്ങളുമായി താൻ ഉടക്കുമ്പോൾ പാലമായി നിലകൊണ്ടത് കോടിയേരിയാണെന്ന് പിണറായിക്കറിയാം. ഇനി അവിടെയും തനിക്കൊരു പകരക്കാരനില്ലെന്ന് പിണറായി മനസിലാക്കുന്നു. ചുരുക്കത്തിൽ പിണറായിക്ക് വരാൻ പോകുന്നത് ശനിദശയുടെ ദിനരാത്രങ്ങളാണ്. അവിടെ നിന്നും പിണറായിക്ക് മടങ്ങി വരാൻ കഴിയുമോ? സംശയമാണ്. ഉറക്കമില്ലാത്ത പിണറായിയെ ഇത്തരം ചോദ്യങ്ങൾ അലട്ടികൊണ്ടേയിരിക്കുന്നു.
https://www.facebook.com/Malayalivartha


























