ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറി...പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തി, ഒടുവിൽ ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കി മടക്കം, അറ്റ്‌ലസ് രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

പ്രവാസി വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ എം.എം രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്ക് ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് വ്യവസായ മേഖലയിലേക്ക് മുന്നേറിയ വ്യക്തി. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യവാചകം ഏറെ ശ്രദ്ധേയമായിരുന്നു.
പ്രവാസി മലയാളികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു രാമചന്ദ്രനെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായിലെ പൊതുവേദികളിലും സാംസ്‌കാരിക സദസുകളിലും സജീവ സാന്നിധ്യമായിരുന്നു. പാവപ്പെട്ടവര്‍ക്ക് സഹായിയായിരുന്നു അദ്ദേഹം. ചലച്ചിത്ര നിര്‍മ്മാതാവ് എന്ന നിലയിലും ശ്രദ്ധേയനായി. ജന്മനാട്ടിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ വിട വാങ്ങിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ദുബായിലെ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പുതിയ ബിസ്‌നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് അന്ത്യം. അറ്റ്‌ലസ് രാമചന്ദ്രന്റെ അന്ത്യകര്‍മ്മങ്ങള്‍ ഇന്ന് വൈകുന്നേരം നാലിന് ദുബായി ജബല്‍അലി ശ്മശാനത്തില്‍ നടക്കും.
https://www.facebook.com/Malayalivartha


























