തോട്ടം മേഖല വീണ്ടും സമരച്ചൂടിലേക്ക്

തൊഴിലാളികള്‍ക്ക് വര്‍ദ്ധിപ്പിച്ച കൂലിയും ബോണസും നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാരുമായുണ്ടാക്കിയ ധാരണയില്‍ നിന്ന് തോട്ടം ഉടമകള്‍ പിന്‍മാറി. തൊഴിലാളികള്‍ കബളിപ്പിക്കപ്പെട്ടതോടെ, സംസ്ഥാനത്തെ തോട്ടം മേഖല വീണ്ടും സമരാചൂടിലേക്ക്. തദ്ദേശ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ വര്‍ദ്ധിപ്പിച്ച കൂലിയും ബോണസും നല്‍കണമെന്ന നിര്‍ദ്ദേശം പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി (പി.എല്‍.സി) യോഗത്തില്‍ അംഗീകരിച്ചത് സര്‍ക്കാരിനെ സഹായിക്കാനായിരുന്നെന്ന് അസോസിയേഷന്‍ ഒഫ് പ്ലാന്റേഴ്‌സ് കേരള ചെയര്‍മാന്‍ സി. വിനയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തേയില, റബര്‍ തൊഴിലാളികള്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കില്‍ വേതനം നല്‍കാനാവില്ല. പി.എല്‍.സിയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
തോട്ടമുടമകളും തൊഴിലാളികളും സര്‍ക്കാരുമായി കൂലി വര്‍ദ്ധന സംബന്ധിച്ച് ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് മൂന്നാറിലടക്കം തോട്ടം സമരം ഒത്തുതീര്‍പ്പായത്. കൂലി വര്‍ദ്ധന ആവശ്യപ്പെട്ട് തുടര്‍ച്ചയായ പതിനേഴ് ദിവസം തൊഴിലാളികള്‍ തോട്ടം മേഖലയില്‍ സമരത്തിലായിരുന്നു. ഇതിനിടെ അഞ്ച് തവണ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേര്‍ന്നിട്ടും സമവായത്തിലെത്താനായിരുന്നില്ല. ആറാമത്തെ യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തതിനെ തുടര്‍ന്നാണ് ധാരണയായതും സമരത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്മാറിയതും. തേയിലത്തോട്ടത്തില്‍ 301രൂപ മിനിമം കൂലിയില്‍ തൊഴിലാളി യൂണിയനുകള്‍ തൃപ്തിപ്പെട്ടിരുന്നു. 20 ശതമാനം ബോണസും വാഗ്ദാനം ചെയ്തിരുന്നു. ഈ ധാരണയില്‍ നിന്നാണിപ്പോള്‍ ഉടമകള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായുള്ള \'അഡ്ജസ്റ്റ്‌മെന്റാണ്\' പി.എല്‍.സിയിലെ ധാരണയെന്ന ഉടമകളുടെ നിലപാട് സര്‍ക്കാരിനെയും വെട്ടിലാക്കി.
സെറ്റില്‍മെന്റ് കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് നാല് വര്‍ഷമായി ഉയര്‍ത്തണമെന്നാണ് തോട്ടം ഉടമകളുടെ പുതിയ നിലപാട്. നികുതി ഇളവുകളും അനിവാര്യമാണ്. കിലോയ്ക്ക് 84 രൂപയാണ് മാര്‍ക്കറ്റില്‍ തേയിലയ്ക്ക് ലഭിക്കുന്നത്. ഉത്പാദനച്ചെലവ് 120 രൂപയും. വേതനം പുതുക്കുന്നതോടെ ചെലവ് 131 രൂപയാകും. കിലോയ്ക്ക് 47 രൂപയാണ് ഉടമകള്‍ക്ക് നഷ്ടം. 120 രൂപയെങ്കിലും തേയിലയ്ക്ക് മാര്‍ക്കറ്റില്‍ വില കിട്ടിയാലേ ഇപ്പോഴത്തെ വര്‍ദ്ധനയ്ക്കനുസരിച്ച് കൂലി നല്‍കാനാവൂ. 20 ശതമാനം ബോണസും നടപ്പാക്കാനാവില്ല. കൂലി വര്‍ദ്ധിപ്പിക്കാത്തതിന്റെ പേരില്‍ സമരമുണ്ടായാല്‍ നേരിടും. ഇക്കാര്യങ്ങള്‍ രേഖാമൂലം ലേബര്‍ കമ്മിഷണറെ അറിയിച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന പി.എല്‍.സി യോഗത്തിലും ഈ ആവശ്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന് അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു.
കൂലി വര്‍ദ്ധന തീരുമാനം തോട്ടം ഉടമകള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു. തോട്ടം ഉടമകള്‍ തൊഴിലാളികളുമായി ഉണ്ടാക്കിയ ധാരണയില്‍നിന്ന് പിന്മാറാന്‍ അവരെ അനുവദിക്കില്ലെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ധാരണ തെറ്റിച്ചാല്‍ കേരളത്തില്‍ തോട്ടം നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha