പൊഴിയൂരിൽ നിന്ന് കാണാതായ എം.എസ്.സി വിദ്യാർത്ഥിനിയെ മുംബൈയിൽ നിന്ന് കണ്ടെത്തി: അന്വേഷണത്തിൽ തുണയായത് ഗൂഗിൾ പേ ഇടപാടുകൾ...

തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ മുംബൈയിൽ നിന്ന് കണ്ടെത്തി. അന്വേഷണ സംഘം മുംബൈയിൽ നിന്ന് പെൺകുട്ടിയെ നാട്ടിൽ എത്തിച്ചു. പൊഴിയൂർ മേടവിളാകം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണു വീട്ടുകാരെയും പോലീസിനെയും ദിവസങ്ങളോളം ഒരുപോലെ കുഴപ്പിച്ചത്. കഴിഞ്ഞ 27ന് ഉച്ചയ്ക്ക് പൊഴിയൂർ പൊഴിക്കരയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. അന്വേഷണത്തിൽ തുണയായത് ഗൂഗിൾ പേ ഇടപാടുകളായിരുന്നു. പൊഴിയൂർ കടൽക്കരയിൽ ബന്ധുവിനൊപ്പം എത്തിയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
ഒപ്പമെത്തിയ ബന്ധു നടന്ന് തിരികെ എത്തിയപ്പോൾ കടൽക്കരയിൽ പെൺകുട്ടിയുടെ ബാഗും ചെരുപ്പും കണ്ടെത്തി. ഇതോടെ തിരയിൽ അകപ്പെട്ടെന്ന നിഗമനത്തിൽ നാട്ടുകാരും കോസ്റ്റൽപൊലീസുമെല്ലാം ചേർന്ന് തിരച്ചിൽ നടത്തി. പൊഴിയൂർ പൊലീസ് സ്ഥലത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊഴിയൂരിൽ നിന്നൊരു യുവതി പർദ ധരിച്ച് ഓട്ടോയിൽ കയറുന്നത് കണ്ടെത്തി. ദൃശ്യങ്ങളിൽ നിന്ന് മുഖം വ്യക്തമായില്ലെങ്കിലും ബന്ധുക്കളുടെ സഹായത്തോടെ നടപ്പ് യുവതിയുടേതാണെന്ന നിഗമനത്തിലെത്തി. തുടർന്ന് യുവതി കയറിയ ഓട്ടോ ഡ്രൈവറെ കണ്ടെത്തി. കളിയിക്കാവിളയിലെ ഒരു ബേക്കറിയിൽ നിന്നും ഗൂഗിൾപേ ചെയ്തു വാങ്ങിയ പണമാണ് യുവതി ഓട്ടോക്കൂലി നൽകിയതെന്ന് ഡ്രൈവർ മൊഴി നൽകി.
ഈ നമ്പർ കണ്ടെത്തി നടത്തിയ പരിശോധനയാണ് ദുരൂഹത നീക്കിയത്. മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ടാണ് പെൺകുട്ടി പൊഴിക്കരയിലേക്ക് പോയതെങ്കിലും വീട്ടുകാർ അറിയാതെ മറ്റൊരു ഫോൺ കുട്ടിയുടെ കൈവശം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ ഗൂഗിൽ പേ ചെയ്ത ഫോൺ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ പരിശോധിച്ച പൊലീസ് പിന്നെയും കുഴഞ്ഞു. സ്വന്തം ഫോൺ വീട്ടിൽ വച്ചിട്ടാണ് പോയത്. ഇങ്ങനെ ഒരു ഫോൺ ഉപയോഗിക്കുന്ന വിവരം വീട്ടുകാർക്ക് പോലും അറിവില്ല. ഓൺലൈൻ ഇടപാടിനു ഉപയോഗിച്ചത് മറ്റൊരാളുടെ പേരിലെ ബാങ്ക് അക്കൗണ്ടും ആയിരുന്നു. കാണാതായതിനു അടുത്ത ദിവസങ്ങളിൽ ഒട്ടേറെ തവണ ഒാൺലൈൻ പണമിടപാടുകൾ നടത്തിയതും കണ്ടെത്തലിനു വേഗം കൂട്ടി. ടവർ ലൊക്കേഷൻ വഴി പൊലീസ് വെള്ളിയാഴ്ച തന്നെ മുംബൈയിൽ പെൺകുട്ടി താമസിച്ചിരുന്ന ഹോസ്റ്റൽ വരെ സ്ഥിരീകരിച്ചു.
അടുത്ത ദിവസം തന്നെ മുംബൈയിൽ എത്തിയ പൊഴിയൂർ എസ്ഐ എസ്.സജികുമാർ, എഎസ്ഐ പ്രേംകുമാർ, സിപിഒ സുനിത എന്നിവരടങ്ങുന്ന സംഘം മണിക്കൂറുകൾക്കുള്ളിൽ കുട്ടിയെ കണ്ടെത്തി. കളിയിക്കാവിള നിന്ന് ചെന്നൈ വഴി ബംഗ്ളുരൂ എത്തിയ ശേഷം ഇവിടെ നിന്നാണ് മുംബൈയിലേക്ക് പോയത്. യാത്രയ്ക്കിടയിൽ പല തവണ ഒാൺലൈൻ വഴി പണമിടപാടുകൾ നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് പെൺകുട്ടിക്കുള്ള വിവരം വീട്ടുകാർക്ക് പോലും അറിയില്ലായിരുന്നു.
എം.എസ്.സിക്ക് പഠിക്കുകയായിരുന്ന യുവതിക്ക് അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. കാണാതായതിന്റെ അടുത്ത ദിവസം കുട്ടിയുടെ മുറിയിൽ നിന്ന് രക്ഷിതാക്കൾക്ക് എഴുതിയ വിശദമായ ആത്മഹത്യാക്കുറിപ്പും ലഭിച്ചിരുന്നു. നാഗർകോവിലിലെ കോളജിൽ എംസിഎക്കു പഠിക്കുന്ന പെൺകുട്ടിക്ക് അറ്റൻഡൻസ് കുറവായതിനാൽ പരീക്ഷ എഴുതാൻ ഹാൾ ടിക്കറ്റ് ലഭിച്ചിരുന്നില്ല. ഇതിലുള്ള മനോവിഷമം ആണ് വീട് വിടാൻ കാരണം എന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha
























