വൃശ്ചികം ഒന്ന് : മണ്ഡലപൂജയ്ക്കായി ശബരിമല നട തുറന്നു; ആയിരക്കണക്കിന് ഭക്തര്‍ ശരണഘോഷങ്ങളോടെ തിരുസന്നിധിയിലെത്തി അയ്യപ്പനെ വണങ്ങി

മനസ്സും ശരീരവും അയ്യപ്പനിലര്‍പ്പിച്ച ആയിരക്കണക്കിന് ഭക്തര്‍ ഉയര്‍ത്തിയ ശരണഘോഷങ്ങള്‍ക്കിടയില്‍ ശബരിമലവാസന്റെ തിരുനട മണ്ഡലപൂജയ്ക്കായി തുറന്നു. പൂങ്കാവനമാകെ കൈകൂപ്പിനിന്ന തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിക്ക് ക്ഷേത്രനട വലംവച്ചത്തിയ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിയും മണിയടിച്ച് നടതുറന്നു. ശ്രീകോവിലിലെ വിളക്കുതെളിച്ച് ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിച്ചു. ചിന്മുദ്രാങ്കിത യോഗസമാധിയില്‍ ഭഗവാന്റെ തിരുരൂപം കാണാനായതിന്റെ ആഹ്ലാദത്തിലായിരുന്നു ആയിരക്കണക്കിന് ഭക്തര്‍.
തുടര്‍ന്ന് മേല്‍ശാന്തി എഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴിതെളിച്ചു. പതിനെട്ടാംപടിക്കുതാഴെ ഇരുമുടിക്കെട്ടുമായി കാത്തുനിന്ന ശബരിമല നിയുക്തമേല്‍ശാന്തി കോട്ടയം തിരുവഞ്ചൂര്‍ കാരിക്കാട്ടില്ലം സൂര്യഗായത്രത്തില്‍ എസ്.ഇ.ശങ്കരന്‍നമ്പൂതിരി, മാളികപ്പുറം നിയുക്ത മേല്‍ശാന്തി തൃശ്ശൂര്‍ തലപ്പിള്ളി തെക്കുംകര എടക്കാനം ഇല്ലത്ത് ഇ.എസ്.ഉണ്ണികൃഷ്ണന്‍ എന്നിവരെ മേല്‍ശാന്തി ശ്രീകോവിലിന് മുന്നിലേക്ക് ആനയിച്ചു.
ആറുമണിയോടെ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ എസ്.ഇ.ശങ്കരന്‍നമ്പൂതിരിയെ അഭിഷേകംചെയ്ത് ശബരിമല മേല്‍ശാന്തിയായി അവരോധിച്ചു. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍ കൂട്ടിക്കൊണ്ടുപോയി അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിച്ചുനല്‍കി. അതിനുശേഷം മാളികപ്പുറത്ത് ഇ.എസ്.ഉണ്ണികൃഷ്ണനെ മേല്‍ശാന്തിയായും അവരോധിച്ചു. വൃശ്ചികപ്പുലരിയില്‍ ശബരിമലയിലെയും മാളികപ്പുറത്തെയും നടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരാണ്. പുതിയതായി ചുമതലയേറ്റ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, ബോര്‍ഡ് അംഗം അജയ് തറയില്‍ എന്നിവര്‍ ഇരുമുടിക്കെട്ടുമായാണ് എത്തിയത്. ബോര്‍ഡ് സെക്രട്ടറി വി.എസ്.ജയകുമാര്‍, ദേവസ്വംകമ്മീഷണര്‍ സി.പി.രാമരാജപ്രേമപ്രസാദ്, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി.എല്‍.രേണുഗോപാല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























