ബസ് സ്റ്റാൻഡിൽ തമ്മിൽ തല്ലി രണ്ട് സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ; കാരണം വ്യക്തി വിരോധം; ഒടുവിൽ നാട്ടുകാര്‍ ഇടപെട്ടു; പോലീസ് എത്തുമ്പോഴേക്കും ഓടിക്കളഞ്ഞു; പരാതി ഒന്നും കിട്ടിയില്ല എന്ന് പോലീസ്

വയനാട്ടിലെ സുൽത്താൻ ബത്തേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിൽ തല്ലി. നഗരത്തിലെ രണ്ട് സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളാണ് ചേരി തിരിഞ്ഞ് അടിച്ചത് ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. കുട്ടികൾ തമ്മിലുണ്ടായിരുന്ന വ്യക്തി വിരോധമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചത്. പിന്നീട് നാട്ടുകാർ ഇടപെട്ടു വിദ്യാർത്ഥികളെ പിരിച്ചു വിട്ടു. സംഭവത്തിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണം നടത്തുമെന്ന് ബത്തേരി പൊലീസ് അറിയിച്ചു.
ടെക്‌നിക്കൽ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥികളും സർവജന സ്‌കൂളിലെ വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും വിദ്യാർഥികൾ പലവഴിക്ക് ചിതറിയോടി രക്ഷപ്പെട്ടു.
വൈകുന്നേരം ബസ് സ്റ്റാൻഡിൽ തിരക്കുള്ള സമയത്താണ് അപ്രതീക്ഷിതമായി വിദ്യാർഥികളുടെ വലിയൊരുസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. ഇത് യാത്രക്കാരെയും വ്യാപാരികളെയും പരിഭ്രാന്തിയിലാക്കി. യാത്രക്കാർക്ക് ബസുകളുടെ അടുത്തേക്ക് പോകാൻപോലും കഴിയാത്തതരത്തിലായിരുന്നു വിദ്യാർഥികളുടെ തെരുവുയുദ്ധം.
രണ്ട് സ്കൂളിലെയും വിദ്യാർഥികൾ തമ്മിൽ നേരത്തേ തന്നെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വിവരം ടെക്‌നിക്കൽ സ്‌കൂൾ അധികൃതർ കഴിഞ്ഞയാഴ്ച ബത്തേരി പോലീസിൽ അറിയിച്ചിരുന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബത്തേരി പോലീസ് ഇടപെട്ട് വിദ്യാർഥികളുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ വീണ്ടും വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച രക്ഷാകർത്താക്കളുടെ യോഗവും ജാഗ്രതാസമിതിയും ചേരുമെന്ന് സർവജന സ്‌കൂൾ അധികൃതർ പറഞ്ഞു. സംഘർഷത്തിന്റെ വിവരങ്ങൾ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്ന് ടെക്‌നിക്കൽ സ്‌കൂൾ അധികൃതരും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























