പണ്ടൊക്കെ പതുക്കെപതുക്കെ... ഓപ്പറേഷന്‍ താമരയുടെ പേരില്‍ ബിജെപി നേതാക്കളേയും തുഷാര്‍ വെള്ളാപ്പള്ളിയേയും പൊക്കാന്‍ നടക്കുന്ന തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് ഇരുട്ടടി; ദില്ലി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ വീട്ടിലെത്തി സിബിഐ; മകള്‍ കവിതാ റാവുവിനെ ചോദ്യം ചെയ്തു

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പെട്ടു പോയിരിക്കുകയാണ്. തന്നെ മറിച്ചിടാന്‍ ഓപ്പറേഷന്‍ താമര ഇറങ്ങിത്തിരിച്ചെന്ന് പറഞ്ഞ് ബിജെപി നേതാക്കളെയും തുഷാര്‍ വെള്ളാപ്പള്ളിയേയും അറസ്റ്റ് ചെയ്യാന്‍ നടക്കുകയാണ്. എന്നാല്‍ മറ്റൊരു കാഴ്ചയാണ് തെലുങ്കാനയില്‍ കാണാന്‍ കഴിയുന്നത്. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിതാ റാവുവിനെ സി ബി ഐ ചോദ്യം ചെയ്തു.
ഹൈദരാബാദിലെ വീട്ടിലെത്തിയാണ് കവിതാ റാവുവിനെ ചോദ്യം ചെയ്തത്. ദില്ലി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രോഡീകരീച്ച് ഒരു ചോദ്യാവലി തയ്യാറാക്കിയായിരുന്നു സി ബി ഐ സംഘം എത്തിയത്.
അന്വേഷണവുമായി സഹകരിക്കുമെന്നും പ്രവര്‍ത്തകര്‍ സമാധാനപരമായി കാര്യങ്ങളെ കാണണമെന്നും കവിതാറാവു പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സി ബി ഐ കവിതയ്ക്കു നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സി ബി ഐ സംഘം വീട്ടിലെത്തിയത്. നവംബര്‍ 25 ന് ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കവിതയുടെ പേരുള്ളത്.
മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് സൗത്ത് ഗ്രൂപ്പ് എന്ന് പേരുള്ള സംഘത്തില്‍ നിന്നും കേസിലെ പ്രതിയായ വിജയ് നായര്‍ 100 കോടി രൂപ കൈപറ്റിയിട്ടുണ്ടെന്നും കവിതയും മകുന്ദു ശ്രീനിവാസലു റെഡ്ഡിയും ശരത് റെഡ്ഡിയുമാണ് സൗത്ത് ഗ്രൂപ്പിനു പിറകിലെന്നും ഇ ഡി കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കവിതയ്ക്ക് സി ബി ഐ നോട്ടിസ് അയച്ചതും ചോദ്യം ചെയ്യാന്‍ എത്തിയതും.
അതേസമയം തെലങ്കാനയിലെ 'ഓപ്പറേഷന്‍ താമര'യുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഡിഎ കേരള കണ്‍വീനറും ജെഡിഎസ് നേതാവുമായ തുഷാര്‍ വെള്ളപ്പാള്ളിക്ക് താല്‍ക്കാലിക ആശ്വാസം. തെലങ്കാന പൊലീസിന്റെ നോട്ടീസ് തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം 13 വരെ അറസ്റ്റ് പാടില്ലെന്നാണ് തെലങ്കാന ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
തെലങ്കാന സര്‍ക്കാരിനെ അട്ടമറിക്കുക എന്ന ഉദ്ദേശത്തോടെ ടി ആര്‍ എസിന്റെ നാല് എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഏജന്റുമാരെ നിയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ മുഖ്യമന്ത്രി ചന്ദ്രശേഖര് റാവു നേരത്തെ പുറത്ത് വിട്ടിരുന്നു. തെലങ്കാനയില്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ ലോട്ടസ്' പദ്ധതിക്ക് പിന്നില്‍ പ്രധാനമായി പ്രവര്‍ത്തിച്ചത് തുഷാറാണെന്നാണ് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അടുത്തിടെ ആരോപിച്ചത്.
ടി ആര്‍ എസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ 100 കോടി രൂപ വാഗ്ദാനം ചെയ്തത് അമിത് ഷായുടെ നോമിനിയായ തുഷാറാണെന്നായിരുന്നു ആരോപണം. എംഎല്‍എമാരെ പണം നല്‍കി ചാക്കിലാക്കാന്‍ ബിജെപി നടത്തിയ ശ്രമത്തിന്റെ വീഡിയോ, കോള്‍ റെക്കോര്‍ഡിംഗ് തെളിവുകളടക്കം പുറത്ത് വിട്ടാണ് കെ സി ആര്‍ ' ഓപ്പറേഷന്‍ ലോട്ടസ് ' ആരോപണം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടികളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റും ചെയ്തിരുന്നു.
അതേസമയം ജി 20 സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയല്‍ വിളിച്ച യോഗത്തില്‍ പ്രേട്ടോക്കോളുകളുടെ കടുത്ത ലംഘനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുമായി സര്‍വകക്ഷി യോഗങ്ങള്‍ സംഘടിപ്പിച്ചത്.
മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് ചന്ദ്രശേഖര റാവു പങ്കെടുക്കാതിരുന്നത്. അപകര്‍ഷതാ ബോധവും ഭയവുമാണ് അദ്ദേഹത്തെ യോഗത്തില്‍ നിന്ന് പിന്തിരിപ്പിച്ചതെന്ന് ബിജെപി വ്യക്തമാക്കി. ഡല്‍ഹി മദ്യ കുഭകോണത്തെ കുറിച്ച് സൂചന ലഭിച്ച ഉടന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ഒരാഴ്ചയോളം ക്യാമ്പ് ചെയ്തിരുന്നു. എന്നാല്‍ സുപ്രധാന ദേശീയ യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം അവസരം നഷ്ടപ്പെടുത്തിയെന്ന് തെലങ്കാന ബിജെപി വക്താവ് എന്‍ വി സുഭാഷ് പറഞ്ഞു. ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അവരുടെ ആശയപരമായ വ്യത്യാസമില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജി 20 യില്‍ സംയുക്ത യോഗത്തില്‍ പങ്കെടുത്തപ്പോള്‍ കെസിആര്‍ മാത്രം പങ്കെടുക്കാതിരുന്നതിനെ രൂക്ഷമായി അപലപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























