ശബരിമലയിൽ ഭക്തജന പ്രവാഹം; തിരക്ക് നിയന്ത്രണം, ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍

ശബരിമലയിൽ ഭക്തജന പ്രവാഹം. ശബരിമലയിൽ ഭക്തജനത്തിരക്ക് ഏറുകയാണ്. ഈ മണ്ഡലകാലത്ത് ഇതുവരെ ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം ലക്ഷങ്ങൾ കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം മരക്കൂട്ടത്തിന് സമീപം തിക്കിലും തിരക്കിലും പെട്ട് ശബരിമല തീർത്ഥാടകർക്കും പൊലീസിനും പരുക്കേറ്റ സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകും. നേരത്തെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കോടതി നിർദേശ പ്രകാരം ദേവസ്വം ബോർഡ് തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ദർശന സമയം ഒരു മണിക്കൂർ കൂട്ടാൻ തീരുമാനിക്കുകയായിരുന്നു. ഇതിനു പിന്നാലെ ദർശന സമയം 19 മണിക്കൂറായി.
തുടർന്ന് ഇക്കാര്യം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. അതുപോലെ തിരക്ക് നിയന്ത്രിക്കുവാനുള്ള ക്രമീകരണങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം, ളാഹ മുതൽ നിലക്കൽ വരെ പൊലീസ് പട്രോളിങ് കാര്യക്ഷമമാക്കണം തുടങ്ങി നിർദേശങ്ങൾ കോടതി കഴിഞ്ഞ ദിവസം മുന്നോട്ടു വച്ചിരുന്നു. മാത്രമല്ല ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങുന്ന സാഹചര്യം ഉണ്ടാകരുതെന്നാണ് കോടതി നിലപാട് എടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha
























