സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചത്; ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം; ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബഫര്‍ സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞത് ഇങ്ങനെ;
സര്‍ക്കാരിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ബഫര്‍ സോണ്‍ വിഷയത്തെ ഇത്രയും അപകടാവസ്ഥയില്‍ എത്തിച്ചത്. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം;
1.ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാനാണെങ്കില്‍ 2019 ലെ മന്ത്രിസഭായോഗ തീരുമാനത്തെ തുടര്‍ന്ന് ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്ന ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാരിനും സുപ്രീം കോടതിക്കും അയച്ചത് എന്തിന് വേണ്ടിയായിരുന്നു?
2.വിവാദ ഉത്തരവ് റദ്ദാക്കാതെ അവ്യക്തത നിറഞ്ഞ രണ്ടാമത്തെ ഉത്തരവിറക്കിയത് ആരെ സഹായിക്കാനാണ്?
3.റവന്യു-തദ്ദേശ വകുപ്പുകളെ സഹകരിപ്പിച്ച് മാനുവല്‍ സര്‍വേ നടത്താന്‍ തയാറാകാതെ ഉപഗ്രഹ സര്‍വെ നടത്തി ദുരൂഹത സൃഷ്ടിച്ചത് എന്തിന് വേണ്ടിയായിരുന്നു?
4.അവ്യക്തതകള്‍ നിറഞ്ഞ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് മൂന്നര മാസത്തോളം പൂഴ്ത്തിവച്ചതെന്തിന്?
5.ഉപഗ്രഹ റിപ്പോര്‍ട്ടില്‍ സുപ്രീം കോടതിയില്‍ നിന്ന് കേരള താല്‍പര്യത്തിന് വിരുദ്ധമായ തീരുമാനമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കുമോ?
ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്താമെന്ന ഉത്തരവ് 2019 ല്‍ ഇറക്കിയതിന് പിന്നാലെയാണ് സുപ്രീം കോടതിയില്‍ നിന്നും കേരളത്തിന് തിരിച്ചടിയുണ്ടായത്. ആ വിധിയുണ്ടായിട്ടും കാര്യങ്ങള്‍ പഠിച്ചില്ല. മാനുവല്‍ സര്‍വെ നടത്തണമെന്നത് ഉള്‍പ്പെടെ സമഗ്രമായ നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷം സമര്‍പ്പിച്ചിട്ടും അത് പരിഗണക്കാനോ യോഗം വിളിച്ചു ചേര്‍ക്കാനോ തയാറായില്ല. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയെയാണ് ഇപ്പോള്‍ എല്ലാ ചുമതലകളും ഏല്‍പ്പിച്ചിരിക്കുന്നത്.
സെപ്തംബര്‍ 30 ന് നിയോഗിച്ച സമിതി ചെയര്‍മാന്റെ ആനുകൂല്യങ്ങള്‍ നിശ്ചയിച്ചുള്ള ഉത്തരവിറക്കിയത്, കാലാവധി അവസാനിക്കാന്‍ മൂന്നാഴ്ച ശേഷിക്കേ ഡിസംബര്‍ 16 നാണ്. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടും ഇടക്കാല റിപ്പോര്‍ട്ട് നല്‍കാത്തത് എന്തുകൊണ്ടെന്ന് സര്‍ക്കാര്‍ അന്വേഷിച്ചോ? കാലാവധി മൂന്നു മാസം പൂര്‍ത്തിയാകുമ്പോള്‍ സമിതി എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രിയോ മന്ത്രിമാരോ അന്വേഷിച്ചോ? ഓഗസ്റ്റ് 29- ന് കിട്ടിയ ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് വ്യക്തതയില്ലാത്തതാണെന്ന് മനസിലായിട്ടും മൂന്നരമാസത്തോളം ഒളിച്ചുവച്ചത് എന്തിനാണ് എന്നദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha



























