ആന്റണിയുടെ മകനായിപ്പോയി... വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്ത് ബിബിസി; കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ മത്സരിച്ച് കോണ്‍ഗ്രസും ഇടത് സംഘടനകളും; അനില്‍ ആന്റണിയുടെ പ്രസ്താവന തള്ളി കെ.സുധാകരന്‍

ബിബിസി ഡോക്യുമെന്ററി ഉണ്ടാക്കിയ പൊല്ലാപ്പ് വെറുതേയല്ല. വലിയ പബ്ലിസിറ്റി കിട്ടില്ലായിരുന്ന ഡോക്യുമെന്ററി ഇപ്പോഴിതാ കോണ്‍ഗ്രസും ഇടത് സംഘടനകളും മത്സരിച്ച് പ്രദര്‍ശിപ്പിക്കുകയാണ്. ഡോക്യുമെന്ററി യുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം.
2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകള്‍ മോദി സര്‍ക്കാര്‍ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം വന്‍ പ്രതിഷേധങ്ങള്‍ക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം കേരളത്തില്‍ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലാണ് പ്രദര്‍ശനം നടക്കുക. വരും ദിവസങ്ങളില്‍ സംസ്ഥാനമൊട്ടാകെ പ്രദര്‍ശനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുണ്ട്.
ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദര്‍ശനം തടയാന്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. പൂജപ്പുരയില്‍ ഡിവൈഎഫ്‌ഐ നടത്തിയ പ്രദര്‍ശനം തടയാന്‍ യുവമോര്‍ച്ച പ്രവര്‍ത്തകരെത്തിയത് വലിയ സംഘര്‍ഷത്തിലാണ് അവസാനിച്ചത്.
അതിനെതിരെ കോണ്‍ഗ്രസില്‍ കൂട്ടയടിയായി. ബി ബി സി ഡോക്യൂമെന്ററിയെ വിമര്‍ശിച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ എതിര്‍പ്പ് ശക്തം. പാര്‍ട്ടി നിലപാട് അല്ലെന്നു നേതാക്കള്‍ തിരുത്തിയിട്ടും അനില്‍ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതിലാണ് എതിര്‍പ്പ് കൂടുതല്‍. അനിലിനെ പുറത്താക്കണം എന്നാണ് യുത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ആവശ്യപ്പെടുന്നത്. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനെതിരെ എന്ത് നടപടി എടുക്കും എന്ന് നേതാക്കള്‍ പറയുന്നില്ല. അനില്‍ ഉള്‍പ്പെട്ട സമിതിയുടെ കാലാവധി തീര്‍ന്നതാണെന്നാണ് നേതാക്കളുടെ വാദം. ഒരു പക്ഷെ അനിലിനെ മാറ്റി കമ്മിറ്റി ഉടന്‍ പുനസംഘടിപ്പിച്ചേക്കും
അതേസമയം ബിബിസി ഡോക്യുമെന്ററിയില്‍ അനില്‍ ആന്റണി നടത്തിയ പ്രസ്താവനയെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ രംഗത്തെത്തി. കെപിസിസി ഡിജിറ്റല്‍ സെല്ലിന്റെ പുനഃസംഘടന പൂര്‍ത്തീകരിക്കാനിരിക്കെ ഏതെങ്കിലും വ്യക്തികള്‍ നടത്തുന്ന പ്രസ്താവനകളുമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ആ കച്ചിത്തുരുമ്പില്‍ പിടിച്ച് കോണ്‍ഗ്രസിനെ അപഹസിക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും സുധാകരന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോണ്‍ഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരന്‍ പറഞ്ഞു.
ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്റിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് മുന്‍കൈയ്യെടുത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും വേഷത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് രാഷ്ട്രീയം നേട്ടം ഉണ്ടാക്കാനുള്ള സംഘപരിവാര്‍ നിലപാടുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും സംഘപരിവാറും വിലക്ക് കല്‍പ്പിച്ച ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ബിബിസിയുടെ ഡോക്യൂമെന്ററി സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കും. അതിനെ തടയാമെന്നത് സംഘപരിവാരിന്റെ വെറും വ്യാമോഹമാണെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha