നിയമസഭയിലെ കൈയ്യാങ്കളി: ആറു പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതികള്‍

ബജറ്റവതരണ ദിവസം നിയമസഭയില്‍ നടന്ന കൈയ്യാങ്കളിയുമായി ബന്ധപ്പെട്ട് ആറു പ്രതിപക്ഷ എംഎല്‍എമാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിക്കുകയും ചെയ്തു. ബാര്‍കോഴക്കേസില്‍ കുറ്റാരോപിതനായ കെ.എം. മാണി ബജറ്റവതരിപ്പിക്കുന്നതിനെതിരെ നിയമസഭയില്‍ നടന്ന പ്രതിപക്ഷ സമരത്തിനിടെ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.
വി.ശിവന്‍കുട്ടി, ഇ.പി.ജയരാജന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി.ജലീല്‍, സി.കെ.സദാശിവന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എംഎല്‍എമാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമവകുപ്പ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. രണ്ടു ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു.
കെ.എം. മാണി ബജറ്റ് അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. ബജറ്റവതരണത്തിന്റെ തലേദിവസം മുതല്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ തങ്ങിയിരുന്നു. എന്നാല്‍ ബജറ്റവതരണ ദിവസം ഭരണപക്ഷ എംഎല്‍എമാരുടെ സഹായത്തോടെ നിയമസഭയിലേക്ക് മാണി പ്രവേശിച്ചതോടെ സ്പീക്കറുടെ ചേംബറിലേക്ക് പ്രതിപക്ഷ എംഎല്‍എമാര്‍ ഇരച്ചുകയറുകയും സ്പീക്കര്‍ എത്തുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സ്പീക്കറുടെ ഡയസ് എംഎല്‍എമാര്‍ മറിച്ചിട്ടു.
അതേസമയം സ്പീക്കര്‍ എന്‍.ശക്തന്‍ കൈയ്‌കൊണ്ട് കാണിച്ചതിനെ തുടര്‍ന്ന് കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചു. ഇതേത്തുടര്‍ന്നുണ്ടായ ഉന്തിലും തളളിലും പ്രതിപക്ഷ വനിതാ എംഎല്‍എമാര്‍ക്ക് മര്‍ദനമേറ്റെന്ന് അവര്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇത് ചൂണ്ടിക്കാട്ടി, പ്രതികാര നടപടിയാണ് ഭരണപക്ഷം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























