വെള്ളാപ്പള്ളിയുടെ യാത്രയ്ക്ക് എതിരെ പത്തനംതിട്ട എസ്.എന്‍.ഡി.പി ശാഖകളില്‍ പ്രതിഷേധം

വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയ്‌ക്കെതിരെ പത്തനംതിട്ട ജില്ലയിലെ വിവിധ എസ്.എന്‍.ഡി.പി ശാഖകളില്‍ പ്രതിഷേധം പുകയുന്നു. യാത്രയുടെ ഭാഗമായി വെള്ളാപ്പള്ളി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
യാത്ര ശ്രീനാരായണ ദര്‍ശനങ്ങളെ മറന്നുകൊണ്ടുള്ളതാണെന്നും ഇതുമായി സഹകരിക്കുന്നത് ഗുരുനിന്ദയാണെന്നും കോന്നി ശാഖ പ്രമേയം പാസാക്കി. മൈക്രോ ഫിനാന്‍സ് തട്ടിപ്പിന് ഇരയായ സ്ത്രീകളും യാത്രയില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചുകഴിഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്ര മൂന്നാം തീയതിയാണ് പത്തനംതിട്ട ജില്ലയിലെത്തുന്നത്. യാത്രയില്‍ പങ്കെടുക്കുന്നത് ഗുരുനിന്ദയാണെന്ന് കോന്നി 82ാം നമ്പര്‍ ശാഖാ യോഗം പ്രമേയം പാസാക്കിക്കഴിഞ്ഞു.
വെള്ളാപ്പള്ളിക്കും എസ്.എന്‍.ഡി.പി യോഗം നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പ്രമേയത്തിലുള്ളത്. ശ്രീനാരായണ ദര്‍ശനങ്ങളെ മറക്കുന്നവരാണ് നേതൃത്വത്തില്‍. ഇവര്‍ സങ്കുചിതമായ മതചിന്തയുടെ പേരില്‍ വിശാല ഐക്യം രൂപീകരിക്കാന്‍ ഒരുങ്ങുന്നു. ഹൈന്ദവ മതത്തിന്റെ മാത്രം ഏകീകരണവും രാഷ്ര്ടീയ പാര്‍ട്ടി രൂപീകരണവും ലക്ഷ്യമിടുന്ന സമത്വ മുന്നേറ്റ യാത്രയുമായി സഹകരിക്കുന്നത് ഗുരുനിന്ദ ആണെന്നും ശാഖാ യോഗം പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. ഇതര മതസ്ഥരെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഗുരുനിന്ദയാണെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായ അടൂര്‍ യൂണിയനിലെ ശാഖകളും പ്രതിഷേധത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha