നാലുകെട്ട് വീട്ടിൽ ഭാര്യയെ കൊലപ്പെടുത്തി തുണിയിൽ പൊതിഞ്ഞ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത് തിരുവനന്തപുരത്തേയ്ക്ക്: കൊല്ലം സ്വദേശിനിയുടെ കൊലപാതകത്തിൽ ഭർത്താവ് പിടിയിൽ...

കൊല്ലം സ്വദേശിനിയെ ബദിയടുക്കയിലെ റബ്ബർ എസ്റ്റേറ്റിന് ഉള്ളിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . കൊല്ലം കൊട്ടിയം സ്വദേശി രാധാകൃഷ്ണന്റെ മകൾ നീതു കൃഷ്ണനെ (32)യാണ് ഏൽക്കാനയിലെ നാലുകെട്ടുള്ള വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വയനാട് പുൽപ്പള്ളി സ്വദേശിയായ ആന്റോ സെബാസ്റ്റ്യനാണ് തിരുവനന്തപുരത്ത് പിടിയിലായത്. ബുധനാഴ്ചയാണ് കൊല്ലം സ്വദേശി നീതുവിന്‍റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നോടെ നീതുവിന്‍റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നീതുവിന്‍റെ തലക്ക് അടിയേല്‍ക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. ശ്വാസം മുട്ടിയാണ് മരണം. പിന്നാലെ യുവതിക്കൊപ്പം താമസിച്ചിരുന്ന വയനാട് സ്വദേശി ആന്‍റോയിലേക്ക് അന്വേഷണം നീങ്ങുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ തിരുവനന്തപുരത്ത് നിന്നാണ് ആന്‍റോ സെബാസ്റ്റ്യനെ കസ്റ്റഡിയിലെടുത്തത്.
തോട്ടത്തിലുള്ള പഴയ നാലുകെട്ട് വീട്ടിലാണ് മരിച്ച നീതുവും ഭർത്താവ് ആന്റോ സെബാസ്‌റ്റ്യനും താമസിച്ചിരുന്നത്. ഒന്നര മാസം മുമ്പാണ് ഇരുവരും ഇവിടെ ജോലിക്കെത്തിയത്. പുറത്തുള്ള മറ്റൊരു മുറിയിൽ രണ്ട് തൊഴിലാളികൾ താമസിച്ചിരുന്നു. നാട്ടിൽ പോയ ഇവർ ബുധനാഴ്‌ച ഉച്ചയോടെ എത്തിയപ്പോഴാണ് പരിസരത്ത് ദുർഗന്ധം വമിക്കുന്നത് തിരിച്ചറിഞ്ഞത്. മുൻവശത്തെ വാതിൽ പൂട്ടിയിട്ടിരുന്നതിൽ അടുക്കള വാതിൽ പൊളിച്ച് അകത്ത് കടന്നപ്പോൾ മുറിയിൽ അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൈകാലുകൾ തുണിയിൽ കെട്ടിയിട്ട നിലയിലായിരുന്നു. തലയാകെ തുണി കൊണ്ട് മൂടിയിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരം തമ്പാനൂരിലെ ലോഡ്‌ജിൽ വെച്ച് പ്രത്യേക സംഘം ആന്റോയെ പിടികൂടുകയായിരുന്നു. തമ്പാനൂരിലെ ലോഡ്‌ജിൽ മുറിയെടുത്ത് കുളിച്ച് ഒരുങ്ങി മുംബൈയിലേക്ക് ട്രെയിൻ കയറാനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പ്രത്യേക സംഘം ലോഡ്ജിലെത്തി പൊക്കുകയായിരുന്നു. ഇയാളുമായി അന്വേഷണ സംഘം കാസർകോട്ടേക്ക് തിരിച്ചിട്ടുണ്ട്. പ്രാഥമികമായ ചോദ്യം ചെയ്യലിൽ ഇയാൾ തന്നെയാണ് കൊലപാതകിയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. കാസർകോട് എത്തിച്ച ശേഷം വിശദമായ അന്വേഷണത്തിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.
മൃതദേഹം തുണിയിൽ പൊതിഞ്ഞ് കൊണ്ടുപോകാനുള്ള ശ്രമം നടന്നിരുന്നതായി സംശയിക്കുന്നുണ്ട്. ആന്റോയ്ക്ക് വയനാട്, കൊല്ലം എന്നിവിടങ്ങളിൽ കഞ്ചാവ് കടത്ത്, കവർച കേസുകൾ ഉള്ളതായി നീതുവിൻ്റെ വീട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. പ്രതിയാണെന്ന് വിവരമുണ്ട്. ബദിയടുക്ക പൊലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ജില്ലാ സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ കെ പ്രേംസദന് അന്വേഷണ ചുമതല നൽകിയിട്ടുണ്ട്. നീതുവിൻ്റെ ആദ്യ ഭർത്താവ് അസുഖത്തെ തുടർന്ന് നേരത്തെ മരിച്ചിരുന്നു. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.
കുട്ടി നീവിൻ്റെ മാതാപിതാക്കൾക്ക് ഒപ്പമാണ്. നാലു വർഷമായി നീതു ആൻ്റോയ്ക്ക് ഒപ്പമാണ് താമസം. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ സൈബർ സെൽ സിഐ പ്രേംസദൻ, ബദിയടുക്ക എസ്ഐ വിനോദ് കുമാർ, എസ്ഐ ബാലകൃഷ്ണൻ, സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങി എട്ട് പേരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. സൈബർ സെലിന്റെ സഹായത്തോടെയാണ് പ്രതി എവിടെയെല്ലാം എത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവം നടന്ന് മൂന്നാം ദിവസം തന്നെ ഭർത്താവിനെ വലയിലാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞത് പൊലീസ് സേനയ്ക്ക് തന്നെ അഭിമാനമായി മാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























