എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു... വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതു കൊണ്ട് രക്ഷപ്പെട്ടു

എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഡ്രൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ആണ് കാര്‍ ഓടിച്ചിരുന്നത്. മാരുതി ആള്‍ട്ടോ കാറാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
ഇന്നലെ തിരുവനന്തപുരത്തും കാര്‍ ഓടുന്നതിനിടെ കത്തി നശിച്ചിരുന്നു. കണ്ണൂരിലുണ്ടായ മറ്റൊരു സംഭവത്തില്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും ഓടുന്ന കാറിന് തീപിടിച്ച് മരിച്ചിരുന്നു. ആശുപത്രിയുടെ തൊട്ടടുത്തുവച്ചായിരുന്നു തീപിടിത്തം. യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുറ്റിയാട്ടൂരിലെ വീട്ടില്‍ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെ, ആശുപത്രിയുടെ 100 മീറ്റര്‍ അകലെ വച്ചാണ് കാറില്‍ തീപിടിച്ചത്.
കാറിന്റെ മുന്‍സീറ്റിലിരുന്ന റീഷയും (26), ഭര്‍ത്താവ് കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രജിത്തും (32) ആണ് മരിച്ചത്. കാറിന്റെ പിന്‍സീറ്റിലുണ്ടായിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്‌ന എന്നിവരും ഉടന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയതാണ് രക്ഷയായത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുറോഡില്‍ കാര്‍ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കാനാകാത്ത വിധം തീ ആളിക്കത്തുകയായിരുന്നു.
https://www.facebook.com/Malayalivartha



























