പാവങ്ങളുടെ അടിയും കുടിയും മുട്ടിച്ച് പിണറായി... സർക്കാരിന് ജനങ്ങളുടെ പ്രാക്ക്... ഒന്നര മാസത്തിനിടെ നടന്നത് പകൽക്കൊള്ള

സർക്കാർ സാമ്പത്തിക പ്രതിസന്ധിയുടെ നേർച്ചിത്രമാണ് ബജറ്റിൽ കാണാൻ കഴിയുന്നത്. പുതിയ വിഭവ സമാഹരണ മേഖലകൾ തേടാതെ പെട്രോൾ - ഡീസൽ മുതൽ സമസ്ത മേഖലകളിലേയും നികുതി ചുമത്തൽ വിലക്കയറ്റം വർദ്ധിക്കാനും സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കാനും ഇടയാക്കും.
അതിനിടയിലാണ് പാവപ്പെട്ടവർക്ക് ഇരുട്ടടി പോലെ പെട്രോളിലും മദ്യത്തിലും തിരിച്ചടി ഉണ്ടായിരിക്കുന്നത്. ഡിസംബറില്‍ വില്‍പന നികുതി കൂട്ടി മദ്യവില വര്‍ധിപ്പിച്ച് കേവലം ഒന്നര മാസം തികയും മുൻപാണ് വീണ്ടും വിലകൂട്ടി മദ്യപാനികളെ സര്‍ക്കാരിന്റെ വലച്ചിരിക്കുന്നത്. 500 മുതല്‍ 1000 രൂപവരെയുള്ള കുപ്പിക്ക് 20 രൂപയും 1000 നു മുകളില്‍ കുപ്പിയൊന്നിനുമേല്‍ 40 രൂപയുമാണ് കൂട്ടിയിരിക്കുന്നത്.
1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് കുപ്പിക്ക് 40 രൂപ കൂട്ടും. മാസങ്ങള്‍ക്ക് മുന്‍പ് മദ്യത്തിന് 10 മുതല്‍ 20 രൂപ വരെ കൂട്ടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില വർധന. ഡിസംബറില്‍ 10 മുതല്‍ 20 രൂപവരെയാണ് കൂട്ടിയതെങ്കില്‍ ഇക്കുറി 20 മുതല്‍ 40 രൂപവരെയാണ് കൂടിയിരിക്കുന്നത്. 2017 നവംബറിനുശേഷം ഇക്കഴിഞ്ഞ ഡിസംബറിലാണ് പിന്നീട് മദ്യവില കൂട്ടിയത്.
നിലവില്‍ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. അതിനു പുറമേയാണ് ബജറ്റിലെ പുതിയ വിലവര്‍ധന. മറ്റെങ്ങുമില്ലാത്ത കനത്ത നികുതിയാണ് സംസ്ഥാന സര്‍ക്കാര്‍ മദ്യത്തിനു ചുമത്തുന്നത്. ഒരു കെയ്‌സിന് കഷ്ടിച്ച് 400 രൂപ വിലവരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് 247 ശതമാനമാണ് സര്‍ക്കാര്‍ നികുതി. പുതിയ വര്‍ധനയോടെ ഇത് 251 ശതമാനമായി വർധിക്കും എന്നാണ് സൂചന.
2020 ലെ കണക്കുപ്രകാരം ബക്കാര്‍ഡി ക്‌ളാസിക്ക് (750 മില്ലി) ഒരു കുപ്പി ബിവറേജസ് കോര്‍പറേഷന് ലഭിക്കുന്നത് വെറും 168 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 1240 രൂപയ്ക്കും. 53 രൂപയ്ക്കു വാങ്ങുന്ന ഹണിബീ വില്‍ക്കുന്നത് 560 രൂപയ്ക്ക്. ഓള്‍ഡ് മങ്ക് റം 72 രൂപയ്ക്കു വാങ്ങി 770 നാണ് വില്‍ക്കുന്നത്. പുതിയ വര്‍ധനയിലൂടെ 400 കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. ഏപ്രില്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.
ഭൂമിയുടെ ന്യായവില 20% കൂട്ടിയതും ഫ്ലാറ്റുകളുടെ റജിസ്ട്രേഷൻ ചിലവ് വർദ്ധിപ്പിച്ചതും റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. വിലക്കയറ്റം നേരിടാൻ എന്ന പേരിൽ വകയിരുത്തിയ 2000 കോടി രൂപ എന്നതു കൊണ്ട് സർക്കാർ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല. നടപ്പ് സാമ്പത്തിക വർഷം വരുമാന വർദ്ധന 85000 കോടിയായി ഉയരും എന്നാണ് സർക്കാർ കണക്കു കൂട്ടുന്നത്. എന്നാൽ ചിലവ് കുറയ്ക്കാനോ പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചോ ഒന്നും ബജറ്റിൽ പരാമർശിച്ചു കണ്ടില്ല.
കിഫ്ബി, സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി എന്നിവ എടുത്ത വായ്പകളുടെ പേരിൽ ഈ വർഷത്തെ അവസാന മൂന്ന് മാസം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പയുടെ പരിധി അറിയിച്ചുള്ള കത്ത് വന്നത് വ്യാഴാഴ്ചയാണ്. 2,700 കോടി കൂടി കേന്ദ്രം വെട്ടിക്കുറച്ചതോടെ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ എടുക്കാവുന്ന വായ്പ കേവലം 900 കോടിയായി കുറഞ്ഞു.
ഇതോടെ, സാമൂഹ്യ ക്ഷേമപെൻഷൻ പൂർണ്ണമായും മുടങ്ങുമെന്ന സ്ഥിതിയായി. ഇത് മറികടക്കാൻ പെട്രോൾ, ഡീസൽ, മദ്യ സെസിന് മുഖ്യമന്ത്രിയുടെ അനുമതി തേടി. നടപ്പ് സാമ്പത്തിക വർഷം ഡിസംബർ വരെ 17,696 കോടി രൂപ വായ്പയെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പിന്നീട് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ 4,060 കോടിയുടെ വായ്പയും അനുവദിച്ചു.
ജനുവരി മുതൽ മാർച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് 17,000 കോടിയോളം എടുക്കാനാകുമെന്നാണ് സംസ്ഥാനം കരുതിയിരുന്നത്. കിഫ്ബി, ക്ഷേമ പെൻഷൻ നൽകുന്നതിനായി രൂപീകരിച്ച കമ്പനി എന്നിവ എടുത്ത വായ്പ മൂന്നു തവണയായി പിടിക്കുമെന്നാണ് നേരത്തെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നതും.
എന്നാൽ ,പെൻഷൻ കമ്പനി എടുത്ത വായ്പ ഒറ്റത്തവണയായി സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്. 7500 കോടിയാണ് ഇങ്ങനെ പിടിക്കുന്നത്. ഈ പ്രതിസന്ധികൾക്കിടയിലും ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിൽ ഒരു പിശുക്കും കാട്ടിയിട്ടില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
https://www.facebook.com/Malayalivartha























