കന്യാസ്ത്രീയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ : മാനസികാസ്വാസ്ഥ്യമെന്ന് മഠം അധികൃതര്‍; ഇല്ലെന്നു സഹോദരന്‍

ഏലപ്പാറ പഞ്ചായത്ത് ഉളുപ്പൂണി വാര്‍ഡില്‍ സെന്റ് തെരേസാസ് മഠത്തിലെ സിസ്റ്റര്‍ ലിസ മരിയ (42)യെ കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ ലിസ മരിയ പുള്ളിക്കാനം സെന്റ് തോമസ് ഹൈസ്‌കൂളിലെ സയന്‍സ് അധ്യാപികയായിരുന്നു. ഉപ്പുതറ ഈറ്റക്കാനം ആറ്റുച്ചേരിയില്‍ എം.എം. സെബാസ്റ്റിയന്‍-ക്ലാരമ്മ ദമ്പതികളുടെ മകളായ ലിസ മരിയക്ക് ബെന്നി, ജയ്‌സണ്‍, ജോസി, സ്‌റ്റെഫി എന്നീ സഹോദരങ്ങള്‍ കൂടിയുണ്ട്. ഉളുപ്പൂണി മഠത്തിലേക്കു വന്നത് മൂന്നു മാസം മുമ്പാണ്.
തിങ്കളാഴ്ച രാത്രി 10.30 വരെ മറ്റു കന്യാസ്ത്രീകള്‍ക്കൊപ്പം പതിവ് പ്രാര്‍ഥനയില്‍ പങ്കെടുത്തിരുന്നു. രാവിലെ കിടപ്പുമുറിയില്‍ കാണാതിരുന്നതോടെയാണ് അന്വേഷണം തുടങ്ങിയത്. ചെരുപ്പ് കിണറിനു സമീപം കിടക്കുന്നതുകണ്ട് നടത്തിയ പരിശോധനയിലാണ് വെള്ളത്തില്‍ കമിഴ്ന്ന നിലയില്‍ മൃതദേഹം കെണ്ടത്തിയത്. വാഗമണ്‍ പോലീസ് അഗ്‌നിശമന സേനയുടെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
കട്ടപ്പന ഡിവൈ.എസ്.പി: പി.കെ. ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഫോറന്‍സിക് വിദഗ്ധ പ്രിയ മേരി ചാക്കോയുടെ നേതൃത്വത്തില്‍ ശാസ്ത്രീയ തെളിവുകളും ശേഖരിച്ചു.
സിസ്റ്റര്‍ ലിസ മരിയയ്ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നെന്നും കൗണ്‍സിലിങ്ങിനായി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെന്നും മഠം അധികൃതര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം സിസ്റ്ററുടെ സഹോദരന്‍ നിഷേധിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തുണ്ട്.
രാവിലെ ആറരയോടെ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഭവമറിഞ്ഞത്. ആള്‍മറയുള്ള കിണറ്റില്‍ കരിങ്കല്‍ നിര്‍മിതമായ പടികളുണ്ട്. കിണര്‍ മൂടിയിരുന്ന വലയ്ക്കു സ്ഥാനചലനം സംഭവിച്ചിട്ടില്ലായിരുന്നുവെന്നും വായില്‍ നിന്നു രക്തം ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹമെന്നും നാട്ടുകാര്‍ പറയുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്തതായി സ്ഥലത്തെത്തിയ പീരുമേട് സി.ഐ: മനോജ്കുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha