കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി. എന്‍.കെ പ്രേമചന്ദ്രന്‍ കൊല്ലം എംപിയായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാദ്ധ്യതയില്ല. പ്രേമചന്ദ്രന്‍ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചാല്‍ ഒഴിവ് വരുന്ന ലോക്‌സഭ സീറ്റില്‍ മറ്റൊരാളെ കണ്ടെത്തി വിജയിപ്പിക്കുക എളുപ്പമല്ലെന്നത് തന്നെയാണ് അതിന് കാരണം. ജനകീയനായ പ്രേമചന്ദ്രന് പകരം അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തിക് പ്രേമചന്ദ്രനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കുമെന്നാണ് ചില സൂചനകള്‍.
ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കാര്‍ത്തിക്. തന്നോട് പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് കാര്‍ത്തിക് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. തന്റെ പിതാവിന്റെ രാഷ്ട്രീയ ജീവിതം കണ്ടാണ് വളര്‍ന്നതെന്നും അദ്ദേഹത്തിന് പാര്‍ട്ടി കഴിഞ്ഞേയുള്ളൂ മറ്റെന്തുമെന്നും കാര്‍ത്തിക് പറയുന്നു. പാര്‍ട്ടിയുടെ സാധാരണ അംഗം മാത്രമാണ് താനെന്നും ടികെഎം എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകന്‍ കൂടിയായ കാര്‍ത്തിക് പറയുന്നു.
നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്നോട് നീണ്ടകരയില്‍ പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. അത് അനുസരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചവറയിലും ഇരവിപുരത്തും പ്രവര്‍ത്തിക്കാന്‍ പറഞ്ഞു, പ്രവര്‍ത്തിച്ചു. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് പാര്‍ട്ടി തന്നെയാകുമെന്നും കാര്‍ത്തിക് പറയുന്നു. ഇരവിപുരം മണ്ഡലത്തില്‍ കാര്‍ത്തിക്കിനെ രംഗത്തിറക്കാനാണ് യുഡിഎഫ് നേതൃത്വം ആലോചിക്കുന്നത്. പ്രേമചന്ദ്രന്റെ മകന്‍ എന്നത് മണ്ഡലത്തില്‍ നേട്ടമാകുമെന്നും നേതൃത്വം കണക്ക്കൂട്ടുന്നു.
പിതാവിന് നേരെയുള്ള സിപിഎം ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിയതാണെന്നും അതിന്റെ തെളിവാണ് കൊല്ലം ലോക്‌സഭയിലുണ്ടായ റെക്കോഡ് ഭൂരിപക്ഷത്തോടെയുള്ള വിജയമെന്നും കാര്‍ത്തിക് പറയുന്നു. മൂന്നാം പിണറായി സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും അതിന്റെ സൂചനയാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























