സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഇനി രണ്ടാഴ്ചയ്ക്കുള്ളില്‍

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ എല്ലാ മാസവും പതിനഞ്ചിനകം ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലെ ഇത് ഉറപ്പാക്കും. ബാങ്ക് വഴി വേണമോ ഇലക്‌ട്രോണിക് മണിഓര്‍ഡര്‍ വഴി വേണമോയെന്നത് തിരഞ്ഞെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കുമെന്ന് വി. ശിവന്‍കുട്ടിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോഴുള്ള പെന്‍ഷന്‍ കുടിശ്ശിക കൊടുത്തുതീര്‍ക്കുന്നത് വരെ ഇനിയുള്ള ഓരോ മാസവും രണ്ട് മാസത്തെ വീതം തുക നല്‍കും. മണിയോര്‍ഡര്‍ വഴി പെന്‍ഷന്‍ നല്‍കാന്‍ ഇപ്പോള്‍ നാലാഴ്ച വരെ സമയമെടുക്കുന്നു. ഇത് ഒഴിവാക്കിയാകും പുതിയ സംവിധാനം.
മന്ത്രിസഭാ ഉപസമിതി ഇക്കാര്യം ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. മന്ത്രിസഭാ യോഗം ഇതിന്മേല്‍ തീരുമാനമെടുക്കും. 32 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. ഓണം വരെയുള്ള പെന്‍ഷന്‍ നല്‍കാന്‍ 1260 കോടി രൂപ അനുവദിച്ചിരുന്നു. പോസ്റ്റ് ഓഫീസ് വഴിയുള്ള വിതരണത്തില്‍ അപാകതയുണ്ടായി. ഗുണഭോക്താക്കള്‍ പോസ്റ്റ് ഓഫീസില്‍ പോകേണ്ടിവന്നിട്ടും യഥാസമയം ലഭിച്ചില്ല.
ജീവനക്കാരില്ലെന്ന പരാതിയും പോസ്‌റ്റോഫീസ് അധികൃതര്‍ ഉന്നയിച്ചു. പോസ്റ്റ് മാസ്റ്റര്‍ ജനറലുമായി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാം നല്‍കിയെന്നാണ് പറഞ്ഞത്. എന്നാല്‍ പെന്‍ഷന്‍ കിട്ടിയില്ലെന്ന പരാതി വ്യാപകമായപ്പോള്‍ ഇതേക്കുറിച്ച് സാമ്പിള്‍ സര്‍വെ നടത്താന്‍ ധനവകുപ്പിനോട് ആവശ്യപ്പെട്ടു. അതില്‍ 43 ശതമാനം പേര്‍ക്കും തുക കിട്ടിയിട്ടില്ലെന്ന് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഏത് രീതിയില്‍ പെന്‍ഷന്‍ വേണമെന്ന് ഓപ്ഷന്‍ നല്‍കാന്‍ ഗുണഭോക്താക്കള്‍ക്ക് അവസരം നല്‍കി പുതിയ സംവിധാനം ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha