മദ്യലഹരിയില്‍ ഫോര്‍ട്ട് എസ് ഐ യുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസ് ... പ്രതിയെ വെറുതെ വിട്ടു

മദ്യലഹരിയില്‍ മുന്‍ ഫോര്‍ട്ട് എസ് ഐയുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വിചാരണ കോടതി വെറുതെ വിട്ടു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമായി പരാജയപ്പെട്ടെന്ന് വിലയിരുത്തി പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വിട്ടയച്ചത്.
പടിഞ്ഞാറേക്കോട്ട സ്വദേശി മഹാദേവന്‍ (48) എന്ന പ്രതിയെയാണ് വിട്ടയച്ചത്. സംശയാതീതമായി കേസ് തെളിയിക്കുകയെന്നത് പ്രോസിക്യൂഷന്റെ പരമപ്രധാന കര്‍ത്തവ്യമാണെന്ന് വിധി ന്യായത്തില്‍ മജിസ്‌ട്രേട്ട് എ.അനീസ ചൂണ്ടിക്കാട്ടി.
2013 ഒക്ടോബര്‍ 22 ന് രാത്രി 9.45 ന് പടിഞ്ഞാറേക്കോട്ട റോഡില്‍ സംഭവം നടന്നുവെന്നാണ് കേസ്. ഡ്രെയിനേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ സ്ഥലത്ത് വഴക്കിടുന്നതായി ലഭിച്ച വിവരത്തില്‍ സംഭവസ്ഥലത്ത് എസ്‌ഐയും പോലീസ് പാര്‍ട്ടിയും എത്തി. തല്‍സമയം പ്രതി മദ്യലഹരിയില്‍ എസ് ഐ യുടെ വലത്തേ ചെകിടത്തടിക്കുകയും അസഭ്യം വിളിച്ച് കൈയ്യേറ്റവും ബലപ്രയോഗവും നടത്തി പൊതു സേവകനെന്ന ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാണ് കേസ്.
അതേ സമയം പരാതിക്കാരനായ എസ് ഐ തന്നെ സ്വമേധയാ തന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് കോടതി വിലയിരുത്തി. മാത്രമല്ല പ്രതിയെ ദേഹപരിശോധനക്കായി ജനറല്‍ ആശുപത്രയിലെത്തിച്ചപ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നെന്നോ അക്രമണ ലഹള സ്വഭാവക്കാരനെന്നോ ഡോക്ടര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ല.
കൂടാതെ പ്രതിയുടെ രക്ത സാമ്പിള്‍ എടുത്ത് പരിശോധന നടത്തി ഫലം ലഭ്യമാക്കണമെന്ന അഭ്യര്‍ത്ഥന റിപ്പോര്‍ട്ട് പോലീസ് ഡോക്ടര്‍ക്ക് നല്‍കിയിട്ടില്ലെന്നും കോടതി കണ്ടെത്തി. എസ് ഐ യുടെ ദേഹപരിശോധനയില്‍ മുറിവോ പാടോ അടയാളമോ ഡോക്ടര്‍ കണ്ടെത്തിയില്ല. തെളിവു മൂല്യം വിലയിരുത്തുമ്പോള്‍ പോസിക്യൂഷന്‍ കേസ് ദുര്‍ബലമാണെന്ന് കണ്ടെത്തിയാണ് പ്രതിയെ വിട്ടയച്ചത്. പ്രതിക്ക് വേണ്ടി അഡ്വ.നന്ദു പ്രകാശ് ഹാജരായി.
"
https://www.facebook.com/Malayalivartha



























