മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും സംഭാവന ചെയ്ത ചാലാടന് ജനാര്ദ്ദനന് അന്തരിച്ചു
മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് തന്റെ മുഴുവന്‍ സമ്പാദ്യവും സംഭാവന ചെയ്ത ചാലാടന് ജനാര്‍ദ്ദ്നന്‍ (65) അന്തരിച്ചു.കണ്ണൂര്‍ കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് നഷ്ടമായി.
ബീഡിത്തൊഴിലാളിയായിരുന്നു അദ്ദേഹം. തന്റെ ആകെയുള്ള സമ്പാദ്യമായ 2,00,850 രൂപയില്‍ രണ്ടുലക്ഷം രൂപയും വാക്സിന് ചലഞ്ചിലേക്ക് കൈമാറിയതിനെ തുടര്‍ന്ന് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ടായിരുന്നു.
കേരളാ ബാങ്കിന്റെ കണ്ണൂര്‍ മെയിന്‍ ശാഖയിലെ അക്കൗണ്ടിലുണ്ടായിരുന്ന പണം വാക്സിന് ചലഞ്ചിനായി സംഭാവന ചെയ്തശേഷം പേര് പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. എന്നാല്‍, ഇക്കാര്യം ബാങ്ക് ജീവനക്കാരന് ഫെയ്സ്ബുക്ക് വഴി ലോകത്തെ അറിയിക്കുകയായിരുന്നു.
അതേസമയം പതിമൂന്നാം വയസ്സില്‍ ബീഡിതെറുപ്പ് തുടങ്ങിയ ജനാര്ദ്ദനന് എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പിന്നീട് ദിനേശ് ബീഡി കമ്പനിയില്‍ 36 വര്‍ഷത്തോളം ജോലിചെയ്തു. ഭാര്യ പുന്നത്തുംചാല്‍ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. 2020 ജൂണിലാണ് രജനി അന്തരിച്ചത്. രണ്ടുപേര്‍ക്കും കൂടി കമ്പനിയില്‍ നിന്ന് കിട്ടിയ ആനുകൂല്യത്തില്‍ നിന്നാണ് വാക്സിന് ചലഞ്ചിലേക്ക് പണം നല്‍കിയത്. അടുത്തകാലം വരെ ജനാര്ദനന് സ്വകാര്യകമ്പനിക്കുവേണ്ടി ബീഡി തെറുത്തുകൊടുക്കാറുണ്ടായിരുന്നു.
പിണറായി വിജയന് സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലെത്തിയപ്പോള്‍ ജനാര്ദ്ദനന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം ലഭിച്ചിരുന്നെങ്കിലും ഭാര്യ മരിച്ചതിന് ശേഷം ദൂരയാത്രകള് ഒഴിവാക്കിയിരുന്ന ജനാര്ദ്ദനന് സത്യപ്രതിജ്ഞയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചിരുന്നു.
"
https://www.facebook.com/Malayalivartha