നമ്മുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുന്നത് കാണാൻ വയ്യ; ഗുസ്തിതാരങ്ങളെ പിന്തുണച്ച് അപര്‍ണ ബാലമുരളി;അന്താരാഷ്ട്ര വേദികളില്‍ അഭിമാനപൂര്‍വം ദേശീയ പതാക വീശിയ, ഇന്ത്യയുടെ പുത്രിമാരെ ഇപ്പോള്‍ അതേ പതാകയുമായി തെരുവില്‍ വലിച്ചിഴക്കപ്പെടുന്നു...

ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി നടി അപർണ ബാലമുരളി. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ‘നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു’ അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.ഒട്ടേറെപേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. അന്താരാഷ്ട്ര വേദികളില്‍ അഭിമാനപൂര്‍വം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോള്‍ അതേ പതാകയുമായി തെരുവില്‍ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്‌ബോള്‍ താരം സി.കെ വിനീത് ട്വീറ്റ് ചെയ്തു.കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചും സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തിരുന്നു.
ജന്തര്‍മന്തറിലെ സമരവേദിയും പൊലീസ് പൊളിച്ചു നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്‌റംഗ് പൂനിയയെ പൊലീസ് രാത്രി ഏറെ വൈകിയാണ് മോചിപ്പിച്ചത്.ഗുസ്തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഗുസ്തി താരങ്ങള്‍. തങ്ങളുടെ മെഡലുകള്‍ ഗംഗാനദിയില്‍ നിമജ്ജനം ചെയ്യുമെന്നും ഇന്ത്യാ ഗേറ്റില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അവര്‍ അറിയിച്ചു. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലെ സമരവേദിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.ഹരിദ്വാറില്‍ പോയി മെഡലുകള്‍ വൈകുന്നേരം 6 മണിക്ക് ഗംഗ നദിയില്‍ നിമജ്ജനം ചെയ്യുമെന്ന് ഗുസ്തി താരം സാക്ഷി മാലിക് ട്വിറ്ററില്‍ പറഞ്ഞു. 'ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനാണ്, ഞങ്ങളുടെ ആത്മാവാണ്. ഇന്ന് അവ ഗംഗയില്‍ എറിഞ്ഞതിന് ശേഷം ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു കാരണവുമില്ല. അതിനാല്‍, ഞങ്ങള്‍ മരണം വരെ ഇന്ത്യാ ഗേറ്റില്‍ നിരാഹാര സമരം നടത്തും, താരം പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ഡബ്ല്യുഎഫ്ഐ തലവന്‍ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുള്‍പ്പെടെയുള്ള മുന്‍നിര ഗുസ്തിക്കാര്‍ പ്രതിഷേധിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലുൾപ്പെടെ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് നിലവിലുള്ളത്.
https://www.facebook.com/Malayalivartha





















