പേരൂര്‍ക്കട കൊലപാതകം.. പേരൂര്‍ക്കട സിന്ധു കൊലക്കേസില്‍ സിന്ധുവിനെ ബസില്‍ ആസൂത്രിതമായി പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തിയ പ്രതി രാജേഷിനെതിരെ പോലീസ് കുറ്റപത്രം

പേരൂര്‍ക്കടയില്‍ സ്ത്രീ സുഹൃത്തിനെ ലീവ് - ഇന്‍ - റിലേഷന്‍ഷിപ്പ് പങ്കാളി ആസൂത്രിതമായി ബസില്‍ പിന്തുടര്‍ന്നെത്തി നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയ സിന്ധു കൊല കേസില്‍ പ്രതി രാജേഷിനെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പേരൂര്‍ക്കട പോലീസ് സ്റ്റേഷന്റെ ഫയലിംഗ് കമ്മിറ്റല്‍ കോടതിയായ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് പേരൂര്‍ക്കട പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. വഴയില സ്വദേശിനി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജീവിത പങ്കാളി നന്ദിയോട് സ്വദേശി രാജേഷ് (46) എന്നയാളെ ഏക പ്രതിയാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2022 ഡിസംബര്‍ 15 നാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. പന്ത്രണ്ട് വര്‍ഷമായി ഒരുമിച്ച് കഴിയുകയായിരുന്ന ഇരുവരും കൃത്യത്തിന് ഒരു മാസം മുമ്പ് മുതല്‍ അകല്‍ച്ചയിലായിരുന്നു. സമീപകാലത്തായി സാമ്പത്തികമായി ചില തര്‍ക്കങ്ങളും ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. സിന്ധു തന്നില്‍ നിന്നുമകലുന്നെന്ന സംശയമാണ് കൊലയ്ക്ക് പിന്നിലെന്ന് പ്രതി പൊലീസിന് കുറ്റസമ്മത മൊഴി നല്‍കിയിട്ടുണ്ട്. സിന്ധു ജോലിക്ക് പോകുന്നത് സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. രാജേഷ് പലതവണ ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസം രാവിലെ പാലോട് നില്‍ക്കുകയായിരുന്ന രാജേഷ് സിന്ധു ബസില്‍ യാത്രചെയ്യുന്നത് കണ്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ നെടുമങ്ങാട് എത്തി സിന്ധു യാത്ര ചെയ്യുകയായിരുന്ന അതേ ബസില്‍ കയറി. തുടര്‍ന്ന് സിന്ധു വഴയില ഇറങ്ങിയപ്പോള്‍ രാജേഷ് സിന്ധുവിന്റെ പിന്നാലെ പോവുകയും തിരക്ക് കുറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പൊലീസ് കുറ്റപത്രം പറയുന്നത്.
സിന്ധുവിന് കഴുത്തിലും തലയ്ക്കുമാണ് വെട്ടേറ്റത്. വെട്ടേറ്റതിന് പിന്നാലെ നാട്ടുകാരും പൊലീസും ചേര്‍ന്ന് സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടെ നാട്ടുകാര്‍ ചേര്‍ന്ന് രാജേഷിനെ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha




















