പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അര്‍ജുനന്‍ അന്തരിച്ചു...തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. വെള്ളായണി അര്‍ജുനന്‍(90) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സംസ്‌കാരം ഇന്ന് രാത്രി എട്ടിന് നടക്കും. വൈജ്ഞാനിക സാഹിത്യരംഗത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. സ്വന്തം പ്രതിഭകൊണ്ടും പ്രയത്നം കൊണ്ടും ഉയരങ്ങളിലെത്തിയ എഴുത്തുകാരനും അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. വെള്ളായണിയെ 2008ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
1933 ഫെബ്രുവരി 10-ന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും ഏകമകനായാണ് വെള്ളായണി അര്‍ജുനന്‍ ജനിച്ചത്. നാലു ഭാഷാ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം ഡോക്ടറേറ്റും മൂന്ന് ഡി.ലിറ്റും നേടി. ആകാശവാണിയിലാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
1975ല്‍ സ്റ്റേറ്റ് എന്‍സൈക്ലോപീഡിയയുടെ ഡയറക്ടറായ ശേഷം എന്‍സൈക്ലോപീഡിയയെ ജനങ്ങളില്‍ എത്തിക്കാന്‍ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ഡയറക്ടര്‍ തുടങ്ങി പല പദവികളും വഹിച്ച അദ്ദേഹം നിരവധി പേര്‍ക്ക് ഗവേഷണത്തിനു വഴികാട്ടിയായിരുന്നു.
" f
https://www.facebook.com/Malayalivartha




















